യു എ ഇ എക്‌സ്‌ചേഞ്ച് റമസാന്‍ സംഭാവനയായി യൂനിസെഫിന് ഒരു ലക്ഷം ദിര്‍ഹം കൈമാറി

Posted on: July 29, 2013 9:19 pm | Last updated: July 29, 2013 at 9:19 pm

uae exchangeദുബൈ: വിവിധ രാജ്യങ്ങളിലെ നിര്‍ധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി യൂനിസെഫ് നടത്തുന്ന സന്നദ്ധസേവനങ്ങള്‍ക്ക്, ധനവിനിമയ സ്ഥാപനമായ

യു എ ഇ എക്‌സ്‌ചേഞ്ച്, റമസാനില്‍ ഒരു ലക്ഷം ദിര്‍ഹം ഔദ്യോഗികമായി കൈമാറി. യു എ ഇ എക്‌സ്‌ചേഞ്ച് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഗോപകുമാര്‍ ഭാര്‍ഗവന്‍, കണ്‍ട്രി ഹെഡ് വര്‍ഗീസ് മാത്യു എന്നിവരില്‍ നിന്ന് യൂണിസെഫ് ഗള്‍ഫ് മേഖലാ ചീഫ് ഓഫ് പാര്‍ട്ട്ണര്‍ഷിപ്പ് ഡോ. ഹാനിയാ കാമില്‍ ചെക്ക് ഏറ്റുവാങ്ങി.
യൂനിസെഫ് ഫണ്ടിലേക്ക് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലുംയു എ ഇ എകസ്‌ചേഞ്ച് സംഭാവന നല്‍കിയിരുന്നു. മികച്ച ഉപഭോക്തൃ സേവനത്തിലെന്ന പോലെ പൊതു ജനോപകാരപ്രദമായ സംരംഭങ്ങളിലും കഴിഞ്ഞ മുപ്പത് വര്‍ഷത്തിലധികം വിട്ടുവീഴ്ചയില്ലാതെ ഇടപെടുന്ന യു എ ഇ എക്‌സ്‌ചേഞ്ച്, അടുത്ത തലമുറയുടെ വിദ്യാഭ്യാസ ക്ഷേമകാര്യങ്ങളില്‍ പ്രതിജ്ഞബദ്ധമാണ്. ഇടപെടാന്‍ അതിന് ഏറ്റവും ഉചിതമായ പങ്കാളികള്‍ ഐക്യരാഷ്ട്രസഭയുടെ ഭാഗമായ യൂണിസെഫ് ആണെന്ന തിരിച്ചറിവാണ് ഈ സംയുക്ത ദൗത്യത്തിന്റെ പ്രചോദനമെന്നും യു എ ഇ എക്‌സ്‌ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ സുധീര്‍ കുമാര്‍ ഷെട്ടി പറഞ്ഞു. ഒരു ഔദ്യോഗിക ദൗത്യം എന്നതിലപ്പുറം നാളെയുടെ പൗരന്മാരെ വിഷമാവസ്ഥകളില്‍ നിന്ന് കരകയറ്റുവാനും, ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുവാനും ലക്ഷ്യമിടുന്ന ഈ സംരംഭം ഏറ്റെടുക്കുമ്പോള്‍, യു എ ഇ എക്‌സ്‌ചേഞ്ച്, കാലാകാലങ്ങളായി ജനങ്ങളില്‍ നിന്ന് സ്വീകരിച്ചു പോരുന്ന വലിയ സഹായങ്ങള്‍ക്കുള്ള ചെറിയ പ്രത്യുപകാരം എന്ന നിലയിലാണ് തങ്ങള്‍ കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഞ്ച് വന്‍കരകളിലായി 30 രാജ്യങ്ങളില്‍ 700 ലേറെ ശാഖകളുമായി പ്രവര്‍ത്തിക്കുന്ന യു എ ഇ എക്‌സ്‌ചേഞ്ച് മൂന്നര ദശലക്ഷം ഉപഭോക്താക്കള്‍ക്ക് വേണ്ടി നാല്‍പതു രാജ്യങ്ങളില്‍ നിന്നുള്ള 9,000 ത്തോളം കഴിവുറ്റ ജീവനക്കാരെയാണ് ലോകത്തുടനീളം സജ്ജീകരിച്ചിട്ടുള്ളത്. 150 ല്‍ പരം ലോകോത്തര ബാങ്കുകളുമായി നേരിട്ട് വിനിമയബന്ധങ്ങളുണ്ട്.
സാമൂഹിക സേവന ശ്രമങ്ങളില്‍ സദാ ജാഗ്രത പുലര്‍ത്തുന്ന യു എ ഇ എക്‌സ്‌ചേഞ്ച്, പ്രകൃതി ദുരന്തങ്ങള്‍ സംഭവിച്ച ഇടങ്ങളിലും മറ്റും മാതൃകാപരമായ സംഭാവനകള്‍ മുമ്പും നല്‍കിയിട്ടുണ്ട്.