ഫുജൈറയില്‍ വേനല്‍ മഴ

Posted on: July 29, 2013 9:06 pm | Last updated: July 29, 2013 at 9:06 pm

ഫുജൈറ: എമിറേറ്റിലെ കല്‍ബ മേഖലയില്‍ നേരിയ തോതില്‍ മഴ പെയ്തു. അപ്രതീക്ഷിതമായി പെയ്ത മഴ പ്രദേശവാസികള്‍ക്ക് കനത്ത ചൂടില്‍ നിന്നും ആശ്വാസമേകി. കല്‍ബയും പരിസരങ്ങളും മേഘാവൃതമായി തുടരുകയാണെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി.
ഇനിയും മഴ പെയ്‌തേക്കാമെന്ന പ്രതീക്ഷയിലാണ് ഇവിടെ താമസിക്കുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍. അതേ സമയം മഴ പെയ്തതായി തങ്ങള്‍ക്ക് യാതൊരു വിവരവും ഇല്ലെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാവിലെ ഈ മേഖലയില്‍ വളരെ ചെറിയ തോതിലുള്ള മേഘങ്ങളെ മാത്രമാണ് കണ്ടിരുന്നത്. ഇത് മഴയായി പെയ്‌തൊഴിയാന്‍ സാധ്യത കുറവാണെന്നും കേന്ദ്രം വിശദീകരിച്ചു. ഈ സമയത്ത് രാജ്യത്ത് മഴയുണ്ടാവാന്‍ സാധ്യത കുറവാണെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. ഇന്നലെ രാജ്യത്ത് 32 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു താപനില. കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ഫുജൈറയിലായിരുന്നു. ഒമാന്‍ ഭാഗത്തു നിന്നാണ് നേരിയ മേഘങ്ങള്‍ രാജ്യത്തേക്ക് വരുന്നതെന്നും കേന്ദ്രം വിശദീകരിച്ചു.