അട്ടപ്പാടി: 50 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി

Posted on: July 29, 2013 7:24 am | Last updated: July 29, 2013 at 7:24 am

പാലക്കാട് : അട്ടപ്പാടിയില്‍ പോഷകാഹാര പദ്ധതി നടത്തിപ്പില്‍ അമ്പത് കോടിയുടെ ക്രമക്കേട് കണ്ടെത്തി. അഗളി പഞ്ചായത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടുകളിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. വ്യാജ ബില്‍ തയ്യാറാക്കിയും പഴകിയ ‘ഭക്ഷണം വിതരണം ചെയ്തുമാണ് കഴിഞ്ഞ പത്ത് വര്‍ഷംകൊണ്ട് ഇത്രയും തട്ടിപ്പ് നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
സ്വകാര്യ കരാറുകാരും ഐ സി ഡി എസ്സുകാരും തമ്മിലുള്ള ഒത്താശയോടെയാണ് ഇത് നടന്നതെന്നാണ് സൂചന. അഴിമതി തുടരുന്നതിനാല്‍ പോഷകാഹാര പദ്ധതിക്ക് പണം അനുവദിക്കേണ്ടെന്ന് പഞ്ചായത്തുകള്‍ തീരുമാനിക്കുകയും ചെയ്തു. അഗളി പഞ്ചായത്ത് കഴിഞ്ഞ വര്‍ഷം ജൂണില്‍ പുറത്തിറക്കിയ ഓഡിറ്റ് റിപ്പോര്‍്ട്ടിലാണ് കോടിക്കണക്കിന് രൂപയുടെ അഴിമതി പുറത്തു വന്നത്. അഗളി പഞ്ചായത്തില്‍ 43 ഊരുകളില്‍ 2011-12 സാമ്പത്തിക വര്‍ഷത്തില്‍ നവജാത ശിശുക്കള്‍ക്കും ഗര്‍ഭിണികള്‍ക്കും നല്‍കേണ്ട പോഷകാഹാര പദ്ധതിയിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്.
അങ്കണ്‍വാടികളിലേക്ക് അരിയും ചെറുപയറും ശര്‍ക്കരയും വിതരണം ചെയ്തായി കാണിച്ച് തുക എഴുതിയെടുത്തെങ്കിലും ഐ സി ഡി എസ് സൂപ്പര്‍വൈസര്‍മാര്‍ ഇതൊന്നും ഏറ്റുവാങ്ങാതെ ബില്ലുകളില്‍ ഒപ്പിട്ട് നല്‍കി. സൂപ്പര്‍വൈസര്‍മാരും കരാറുകാരും ചേര്‍ന്ന് വ്യാജ ബില്ലുകളുണ്ടാക്കി. സാധനങ്ങള്‍ ഏറ്റുവാങ്ങുന്നതായി കാണിച്ച് ആദിവാസികളുടെതായി രേഖപ്പെടുത്തിയ ഒപ്പുകളും വ്യാജമാണ്. സാധനങ്ങള്‍ സിവില്‍ സപ്ലൈസ് വഴി വാങ്ങാതെ എട്ട് സ്വകാര്യ കരാറുകള്‍ വഴി വാങ്ങിയതിലൂടെ 53 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഇവര്‍ വിതരണം ചെയ്ത പഴകി വിഷമയമായ ആഹാരം 2009 മുതല്‍ 2012 വരെയുള്ള വര്‍ഷങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തി പിടിച്ചെടുത്തിട്ടുണ്ട്. എന്നിട്ടും ഇതേ കരാറുകാരെ വീണ്ടും തുടരാന്‍ അനുവദിച്ചു.
കേസുകള്‍ അട്ടിമറിക്കാന്‍ ഐ സി ഡി എസ് സൂപ്പര്‍വൈസര്‍മാര്‍ കള്ളമൊഴി നല്‍കി. സാധനങ്ങള്‍ ലഭിക്കാതെ അങ്കണ്‍ വാടികള്‍ ദീര്‍ഘ കാലത്തേക്ക് അടച്ചിട്ടു. അങ്കണ്‍വാടികള്‍ അടച്ചിട്ട സമയത്തും പോഷകാഹാരം നല്‍കിയെന്ന് കാണിച്ച് കരാറുകാര്‍ സര്‍ക്കാറില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ട്. ഇരുമ്പ് സത്ത് ഗുളികകളുടെ വിതരണം നാല് വര്‍ഷത്തേക്ക് മുടങ്ങിയിട്ടും ഇതിന്റെ തുക നല്‍കിയതായി രേഖകള്‍ ചമച്ചതായും റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. പോഷകാഹാര പദ്ധതിയില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. പഞ്ചായത്ത് സാമൂഹിക, ആദിവാസി ക്ഷേമ ഡയറക്ടര്‍മാര്‍ സംയുക്തമായാണ് അന്വേഷണം നടത്തുക.