നാല് വര്‍ഷത്തിനിടെ 555 വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍

Posted on: July 29, 2013 7:15 am | Last updated: July 29, 2013 at 7:15 am

shootന്യൂഡല്‍ഹി: ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ നടപടികള്‍ പുരോഗമിക്കവേ, രാജ്യത്തെ വ്യാജ ഏറ്റുമുട്ടലുകളുടെ യഥാര്‍ഥ കണക്കുമായി ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വ്യാജമെന്ന് ആരോപണമുയര്‍ന്ന 555 ഏറ്റുമുട്ടല്‍ കേസുകളുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. ഇവയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ളത് ഉത്തര്‍ പ്രദേശിലാണ്. പോലീസ്, സൈന്യം, അര്‍ധ സൈനിക വിഭാഗങ്ങള്‍ എന്നിവക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ 2009 ഏപ്രില്‍ ഒന്ന് മുതല്‍ 2013 ഫെബ്രുവരി 15 വരെ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് ഈ കണക്കുകളുടെ ആധാരം. ഇതില്‍ 144 കേസുകളില്‍ മാത്രമാണ് തീര്‍പ്പായിട്ടുള്ളത്. ബാക്കി വരുന്ന 411 കേസുകളില്‍ ഒന്നുകില്‍ പോലീസ് അന്വേഷണത്തിലാണ്. അല്ലെങ്കില്‍ കോടതിക്ക് മുമ്പാകെ വിചാരണയിലാണ്. നിരവധി കേസുകള്‍ യാതൊരു തീര്‍പ്പുമില്ലാതെ എഴുതിത്തള്ളിയിട്ടുമുണ്ട്.
2009-10ല്‍ 30, 2010-11ല്‍ 40, 2011-12ല്‍ 42, 2013ല്‍ ഫെബ്രുവരി വരെ 26 എന്നിങ്ങനെയാണ് ഉത്തര്‍ പ്രദേശിലെ 138 കേസുകള്‍. മണിപ്പൂരില്‍ 62, അസമില്‍ 52, പശ്ചിമ ബംഗാളില്‍ 35, ഝാര്‍ഖണ്ഡില്‍ 30, ഛത്തീസ്ഗഢില്‍ 29 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍. ഒരു കേസിലും മനുഷ്യാവകാശ കമ്മീഷന്‍ സ്വന്തം നിലക്ക് നടപടിയോ പ്രോസിക്യൂഷനോ നിര്‍ദേശിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ചില കേസുകളില്‍ കമ്മീഷന്‍ സി ബി ഐ- സി ഐ ഡി അന്വേഷണം നിര്‍ദേശിച്ചിട്ടുണ്ട്. 201 കേസുകളില്‍ ഇരകളുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.
2004ലെ ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഈ മാസം മൂന്നിന് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതോടെ അന്വേഷണത്തില്‍ ഗുജറാത്ത് ഹൈക്കോടതി നടത്തിയിരുന്ന മേല്‍നോട്ടം അവസാനിപ്പിച്ചു. അടുത്ത മാസം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സി ബി ഐ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ ഐ ബി സ്‌പെഷ്യല്‍ ഡയറക്ടര്‍ രജീന്ദര്‍ കുമാറിന്റെ പേരുണ്ടാകുമെന്നാണ് സൂചന.
2003ലെ സ്വാദിഖ് ജമാല്‍ വ്യാജ ഏറ്റുമുട്ടല്‍ കേസും സി ബി ഐ അന്വേഷിക്കുന്നുണ്ട്. ഇതിലും ഗുജറാത്തിലെ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളാണ്. അതിനിടെ, 2008ലെ ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ വ്യാജമല്ലെന്ന് ഡല്‍ഹി കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരെന്ന് ആരോപിക്കപ്പെടുന്നവരുമായി തന്നെയാണ് പോലീസ് ഏറ്റുമുട്ടിയതെന്നാണ് കോടതി കണ്ടെത്തിയത്.