Connect with us

Kerala

അട്ടപ്പാടി അഴിമതി: അന്വേഷണത്തിന് ഉന്നതതല സമിതി

Published

|

Last Updated

കോഴിക്കോട്: അട്ടപ്പാടിയില്‍ ആദിവാസികളുടെ പേരില്‍ നടക്കുന്ന കൊള്ളയും തിരിമറികളും അന്വേഷിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിച്ചതായി പഞ്ചായത്ത്, സാമൂഹിക ക്ഷേമ മന്ത്രി എം കെ മുനീര്‍. കഴിഞ്ഞ പത്ത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കാന്‍ മൂന്ന് അംഗങ്ങളടങ്ങിയ കമ്മിറ്റിയെയാണ് നിയോഗിച്ചിരിക്കുന്നത്. സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍, പഞ്ചായത്ത് ഡയറക്ടര്‍, സോഷ്യല്‍ ട്രൈബ്യൂണല്‍ ഡയറക്ടര്‍ എന്നിവരാണ് കമ്മിറ്റിയിലെ മൂന്ന് അംഗങ്ങള്‍. കമ്മിറ്റിയോട് കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മുനീര്‍ പറഞ്ഞു.
അട്ടപ്പാടിയില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളെ സംബന്ധിച്ച് ആശങ്കയുണ്ട്. സര്‍ക്കാര്‍ അതിനെ ഗൗരവമായി തന്നെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മുസ്‌ലിം യൂത്ത് ലീഗിന്റെ സാമൂഹികസുരക്ഷാ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
അട്ടപ്പാടിയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പൂരക പോഷകാഹാര പദ്ധതി നടത്തിപ്പില്‍ അമ്പത് കോടിയോളം രൂപയുടെ ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അഗളി ഗ്രാമപഞ്ചായത്ത് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പഞ്ചായത്തിലെ 43 ഊരുകളില്‍ 2011-12 സാമ്പത്തിക വര്‍ഷത്തില്‍ നവജാത ശിശുക്കള്‍ക്കും ഗര്‍ഭിണികള്‍ക്കും നല്‍കേണ്ട പോഷകാഹാര പദ്ധതില്‍ കോടികളുടെ ക്രമക്കേട് നടത്തിയതായി സൂചിപ്പിച്ചിരുന്നു. സ്വകാര്യ കരാറുകാരും ഐ സി ഡി എസും തമ്മില്‍ ഒത്തുകളിച്ച് വ്യാജ ബില്‍ തയ്യാറാക്കിയും പഴകിയ ഭക്ഷണം വിതരണം ചെയ്തുമാണ് വെട്ടിപ്പ് നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest