വഴങ്ങാതെ രമേശ്; അന്തിമ തീരുമാനം ഇന്ന്‌

Posted on: July 29, 2013 12:29 am | Last updated: July 29, 2013 at 12:12 pm

ramesh chennithalaന്യൂഡല്‍ഹി: സോളാര്‍ കേസില്‍ പ്രതിസന്ധിയിലായ യു ഡി എഫ് സര്‍ക്കാറിന് ഇന്ന് നിര്‍ണായക ദിനം. സര്‍ക്കാറിന്റെ മുഖം മിനുക്കുന്നതിനുള്ള ഹൈക്കമാന്‍ഡ് തീരുമാനം ഇന്നുണ്ടായേക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും നടത്തുന്ന കൂടിക്കാഴ്ചകളാകും നിര്‍ണായകമാകുക. രമേശ് മന്ത്രിസഭയില്‍ ചേരണമെന്ന് എ ഗ്രൂപ്പും ഹൈക്കമാന്‍ഡും ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇല്ലെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയാണ്. താന്‍ മാത്രം മന്ത്രിസഭയില്‍ വരുന്നതില്‍ കാര്യമില്ലെന്നും നിര്‍ബന്ധമാണെങ്കില്‍ കോണ്‍ഗ്രസ് മന്ത്രിമാരെ മുഴുവന്‍ മാറ്റണമെന്നും രമേശ് ഹൈക്കമാന്‍ഡിനെ അറിയിച്ചതായും സൂചനയുണ്ട്. അതേസമയം, കേരളത്തില്‍ ഉപമുഖ്യമന്ത്രിപദം സൃഷ്ടിക്കേണ്ടെന്ന ഹൈക്കമാന്‍ഡ് തീരുമാനം രമേശിനെ അറിയിച്ചിട്ടുണ്ട്.
സോണിയ നിര്‍ദേശിച്ചാല്‍ എന്തായാലും അത് അംഗീകരിക്കാന്‍ രമേശ് നിര്‍ബന്ധിതനാകുമെന്നാണ് വിലയിരുത്തല്‍. സമ്പൂര്‍ണ പുനഃസംഘടന വേണമെന്ന ആവശ്യമാണ് ഐ ഗ്രൂപ്പ് മുന്നോട്ടുവെക്കുന്നത്. രണ്ട് ദിവസമായി ഡല്‍ഹിയിലുള്ള രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ തിരക്കിട്ട ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. ഇന്നലെ രാത്രിയോടെ മുഖ്യമന്ത്രിയും ഡല്‍ഹിയിലെത്തിയതോടെ നീക്കങ്ങള്‍ക്ക് വേഗം കൂടിയിട്ടുണ്ട്.
മന്ത്രിസഭയില്‍ ചേരേണ്ടതില്ലെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് ഇപ്പോഴും രമേശുള്ളത്. അടുപ്പക്കാരായ ഐ ഗ്രൂപ്പ് നേതാക്കളുടെ അഭിപ്രായവും ഇത് തന്നെ. ദേശീയ നേതാക്കളുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇന്നലെ രമേശിന്റെ വസതിയില്‍ ചേര്‍ന്ന ഗ്രൂപ്പ് യോഗം വിലയിരുത്തി. രമേശിന് പുറമെ കേന്ദ്ര മന്ത്രി കെ സി വേണുഗോപാല്‍, ജോസഫ് വാഴക്കന്‍, എ ഐ സി സി സെക്രട്ടറി വി ഡി സതീശന്‍ യോഗത്തില്‍ പങ്കെടുത്തു.
സോളാര്‍ കേസ് യു ഡി എഫ് സര്‍ക്കാറിന് ആഴത്തിലുള്ള മുറിവേല്‍പ്പിച്ചിട്ടുണ്ടെന്നാണ് ഐ ഗ്രൂപ്പ് നിലപാട്. രമേശിന്റെ മന്ത്രിസഭാ പ്രവേശമല്ല ഇതിനുള്ള പ്രതിവിധിയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര വകുപ്പ് സ്വീകരിച്ച് മന്ത്രിസഭയില്‍ ചേര്‍ന്നാല്‍ തന്നെ സോളാര്‍ കേസ് കൈകാര്യം ചെയ്യുകയെന്നത് ആദ്യ വെല്ലുവിളിയാകും. മന്ത്രിസഭാ പുനഃസംഘടന കൊണ്ട് പ്രതിപക്ഷം സമരം നിര്‍ത്തില്ല. സോളാര്‍ കേസുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ വരാനിരിക്കുന്നു. അന്വേഷണത്തിനെതിരെ ഇനിയും കോടതി പരാമര്‍ശങ്ങളുണ്ടായാല്‍ അതിന്റെ പാപഭാരം കൂടി വഹിക്കേണ്ടി വരുമെന്ന ഭീതിയും രമേശിനുണ്ട്.
കേരളയാത്രക്ക് ശേഷം മന്ത്രിസഭയില്‍ ചേരാന്‍ ക്ഷണിച്ച് വകുപ്പിന്റെ പേരില്‍ അപമാനിച്ചതിലുള്ള രോഷവും ഈ നിലപാടിന് ഐ ഗ്രൂപ്പിനെ പ്രേരിപ്പിക്കുന്നുണ്ട്. ഈ സാഹചര്യങ്ങളെല്ലാം മുന്‍നിര്‍ത്തിയാണ് മന്ത്രിസഭയിലേക്കില്ലെന്ന നിലപാട് രമേശ് ആവര്‍ത്തിക്കുന്നതും. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി മുകുള്‍ വാസ്‌നിക്, സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹ്മദ് പട്ടേല്‍, കേന്ദ്ര മന്ത്രിമാരായ എ കെ ആന്റണി, വയലാര്‍ രവി എന്നിവരുമായെല്ലാം ഇതിനകം രമേശ് ചര്‍ച്ച നടത്തിക്കഴിഞ്ഞു. സോളാര്‍ കേസിന്റെ പേരിലല്ല, രമേശിനെ ഉള്‍പ്പെടുത്തുന്നത് മന്ത്രിസഭക്ക് സാമുദായിക സന്തുലനമില്ലെന്ന പരാതി പരിഹരിക്കാന്‍ വേണ്ടിയാണെന്നാണ് എ ഗ്രൂപ്പ് നിലപാട്. രമേശിന്റെ മന്ത്രിസഭാ പ്രവേശത്തിന് വേണ്ടി ഇപ്പോള്‍ ശക്തമായി വാദിക്കുന്നതും എ ഗ്രൂപ്പാണ്. മുഖ്യമന്ത്രിയെത്തും മുമ്പ് ഡല്‍ഹിയിലെത്തിയ കെ സി ജോസഫ് എ ഗ്രൂപ്പ് നിലപാട് അറിയിക്കുകയും ചെയ്തു. വയലാര്‍ രവിയുമായി ചര്‍ച്ച നടത്തിയ ശേഷം കെ സി ജോസഫ് രമേശിനെയും കണ്ടു. ഇതിനിടെ, എ കെ ആന്റണിയുമായി ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തി.
പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് എന്‍ എസ് എസിന്റെ പരാതി പരിഹരിക്കുകയെന്ന ലക്ഷ്യം ഹൈക്കമാന്‍ഡിനുമുണ്ട്. ഇതെല്ലാമാണ് രമേശിന് മേല്‍ സമ്മര്‍ദം കൂട്ടാന്‍ ഹൈക്കമാന്‍ഡിനെ പ്രേരിപ്പിക്കുന്നതും.
അതേസമയം, സോളാര്‍ കേസ് കൈകാര്യം ചെയ്യുന്നതില്‍ ആഭ്യന്തര വകുപ്പില്‍ വന്ന വീഴ്ചയും വിവാദത്തോട് മുഖ്യമന്ത്രി സ്വീകരിച്ച നിലപാടുകളോടുള്ള വിയോജിപ്പും ഐ ഗ്രൂപ്പ് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തി കൈകാര്യം ചെയ്യുന്ന ശൈലി അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് ഐ ഗ്രൂപ്പിന്റെ പക്ഷം. രമേശിന്റെ ഡല്‍ഹിയിലെ വസതിയില്‍ ചേര്‍ന്ന ഐ വിഭാഗത്തിന്റെ ഗ്രൂപ്പ് യോഗത്തിലും ഈ വിലയിരുത്തലാണുണ്ടായത്.