ആദിവാസികളുടെ ക്ഷേമത്തിന്

Posted on: July 29, 2013 6:00 am | Last updated: July 28, 2013 at 11:11 pm

siraj copyപാലക്കാട് ജില്ലയിലെ ആദിവാസി മേഖലയായ അട്ടപ്പാടി ശിശുമരണം കൊണ്ട് ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഊരുകള്‍ സന്ദര്‍ശിച്ച് പ്രശ്‌നപരിഹാരം നിര്‍ദേശിക്കുകയും ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടും ആദിവാസികള്‍ക്കിടയിലെ അനിതരസാധാരണമായ ശിശുമരണം പൂര്‍ണമായും തടയാനായിട്ടില്ല. മരണനിരക്കില്‍ അല്‍പ്പം ശമനമുണ്ടായെന്നു മാത്രം. പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യമായിട്ടാകാം പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ ഇതില്‍ ഇടപെട്ടിരിക്കയാണ്. ആദിവാസി അമ്മമാര്‍ മദ്യപിക്കുന്നതിനാലാണ് ശിശുമരണങ്ങളെന്ന സംസ്ഥാന സര്‍ക്കാറിന്റെ നിലപാടിന് അപ്പുറമാണ് കാര്യങ്ങളുടെ കിടപ്പ്. ആദിവാസി ക്ഷേമത്തിന് കോടികള്‍ വാരിക്കോരി നല്‍കുന്നു എന്നത് ഒരു വസ്തുതയാണെങ്കിലും ഇതിന്റെ ഗുണഫലങ്ങള്‍ യഥാര്‍ഥ ഗുണഭോക്താക്കളായ ആദിവാസികള്‍ക്ക് ലഭിക്കുന്നില്ല. ക്ഷേമപദ്ധതികള്‍ക്ക് ചെലവിടുന്ന കോടികള്‍ പദ്ധതി നടത്തിപ്പുകാരും ഇടനിലക്കാരും ചോര്‍ത്തുകയാണ്. കേരളപ്പിറവിക്ക് ശേഷം സംസ്ഥാനത്തെ ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി വകയിരുത്തുകയും ചെലവഴിക്കുകയും ചെയ്ത തുക ആദിവാസികള്‍ക്ക് പണമായി തന്നെ നല്‍കിയിരുന്നുവെങ്കില്‍ അവരിന്ന് ലക്ഷാധിപതികളോ, കോടീശ്വരന്മാരോ തന്നെ ആകുമായിരുന്നു എന്ന് പലരും അഭിപ്രായപ്പെട്ടത് വസ്തുതയാണ്. അല്‍പ്പം അതിശയോക്തി ഈ പ്രസ്താവനയില്‍ ഉണ്ടാകാമെങ്കിലും, ആദിവാസികള്‍ക്ക് അനുവദിക്കുന്ന ഫണ്ട് അവര്‍ക്ക് പ്രയോജനപ്പെടുന്നില്ല.
കഴിഞ്ഞ പതിനൊന്ന് മാസങ്ങള്‍ക്കിടയില്‍ അട്ടപ്പാടിയില്‍ ആദിവാസികളുടെ 54 കുട്ടികള്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. അധികൃതരുടെ ശ്രദ്ധയില്‍ പെടാതെയുള്ള ശിശുമരണങ്ങള്‍ വേറെയും ഉണ്ട്. പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് ടി കെ എ നായരുടെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം അട്ടപ്പാടിയിലെ ആദിവാസി മേഖല സന്ദര്‍ശിച്ച് അവിടെക്കണ്ട പരമദയനീയമായ അവസ്ഥ പരിഹരിക്കാന്‍ ഒരു പന്ത്രണ്ടിന പരിപാടി പ്രഖ്യാപിച്ചിട്ടുണ്ട്. സമയബന്ധിതമായി ക്ഷേമ പദ്ധതികള്‍ നടപ്പാക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷന് കത്തയക്കുകയും ചെയ്തു. പന്ത്രണ്ടിന കാര്യപരിപാടി പരിശോധിച്ചാല്‍ ആദിവാസി ശിശുമരണത്തിന് അമ്മമാരുടെ മദ്യപാനം മാത്രമല്ല കാരണമെന്ന് മനസ്സിലാകും. അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയില്‍ പട്ടിണി വ്യാപിക്കുന്നു എന്ന് പറയാന്‍ മടിക്കുന്നവര്‍, അതിനെ പോഷകാഹാരക്കുറവെന്ന് വിശേഷിപ്പിച്ച് അടിസ്ഥാന പ്രശ്‌നം ബോധപൂര്‍വം കണ്ടില്ലെന്ന് നടിക്കുകയാണ്.
പോഷകാഹാരക്കുറവ് അനുഭവപ്പെടുന്ന കുഞ്ഞുങ്ങളെ അടിയന്തരമായി ആശുപത്രിയിലെത്തിക്കുക, ആരോഗ്യ പ്രവര്‍ത്തകരും അങ്കണവാടി പ്രവര്‍ത്തകരുമടങ്ങുന്ന സംഘം അഗളി, ഷോളയൂര്‍, പുതൂര്‍ എന്നീ പ്രശ്‌നബാധിത പ്രദേശങ്ങള്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കുക, പോഷകാഹാര പ്രശ്‌നമുള്ള കുട്ടികളുടെ ചികിത്സക്കായി കോട്ടത്തറ ആദിവാസി ആശുപത്രിയില്‍ പ്രത്യേക വിഭാഗം സജ്ജമാക്കുക, തൈക്കുളം സംഘവുമായി സഹകരിച്ച് ഊരുകളില്‍ സാമൂഹിക അടുക്കളകള്‍ ആരംഭിക്കുക, ആവശ്യമായ ഭക്ഷ്യധാന്യം ലഭ്യമാക്കുക, ആദിവാസികള്‍ക്ക് കൃഷി ചെയ്യാന്‍ വിത്തും വളവും നല്‍കുക, ജലസേചന സൗകര്യം ഉറപ്പാക്കുക. ഭൂമിയിലെ ആദിമവാസികളായ ആദിവാസികള്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചെടുത്ത് നല്‍കണമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു. അട്ടപ്പാടിയിലെ ഗര്‍ഭിണികളുടെയും കുട്ടികളുടെയും പട്ടിക തയ്യാറാക്കുക, ആദിവാസി ഔരുകളില്‍ കുടിവെള്ളം ഉറപ്പാക്കുക. മദ്യനിരോധത്തെ കാറ്റില്‍ പറത്തി വ്യാജ വാറ്റ് അരങ്ങുതകര്‍ക്കുന്ന സാഹചര്യം ഒഴിവാക്കുക, ഈ ക്ഷേമപദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് നോഡല്‍ ഓഫീസര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുക. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്. ചുരുക്കത്തില്‍, അട്ടപ്പാടി ആദിവാസി മേഖലയില്‍ നിലവിലുള്ള അവസ്ഥ അതീവശോചനീയമാണ് . ക്ഷേമ പദ്ധതികള്‍ക്ക് അനുവദിക്കുന്ന കോടികള്‍ കൊള്ളയടിക്കപ്പെടുകയാണെന്ന് ചുരുക്കം.
ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി സംബന്ധിച്ച കേസുകളില്‍ മൂന്ന് മാസംമുതല്‍ ആറ് മാസം വരെ കാലാവധിയില്‍ തീര്‍പ്പുണ്ടാക്കാന്‍ ജില്ലാ കലക്ടര്‍മാരോടും സബ് കലക്ടര്‍മാരോടും പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശിക്കുന്നു. കഴിയുന്നത്ര ആദിവാസി കുട്ടികളെ ഹോസ്റ്റലുകളില്‍ താമസിപ്പിച്ച് പഠിപ്പിക്കണമെന്നും കൂടുതല്‍ ഹോസ്റ്റലുകള്‍ ഉണ്ടാക്കാന്‍ ആവശ്യമായ ഫണ്ട് ലഭ്യമാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ആണയിടുന്നു.
ആദിവാസികള്‍ക്ക് ധാന്യങ്ങളും മറ്റ് അവശ്യ സാധനങ്ങളും സമയത്ത് അനുവദിക്കുന്നില്ല. അനുവദിച്ച സാധനങ്ങള്‍ ആദിവാസികള്‍ വാങ്ങാന്‍ താത്പര്യം കാണിക്കുന്നില്ല. പാകം ചെയ്ത് കഴിക്കാന്‍ വിമുഖത. ആവശ്യത്തിന് ഭക്ഷണം കഴിക്കാതിരിക്കുക തുടങ്ങി ആദിവാസികള്‍ക്കെതിരെ കുറ്റാരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ അവരുടെ നിസ്സഹായതയേയും നിസ്സംഗതയേയും കുറിച്ച് ഒന്നും പറയുന്നില്ല. അട്ടപ്പാടിക്കും ആദിവാസി ജനസമൂഹത്തിനും ഇന്നാവശ്യം ആരോപണപ്രത്യാരോപണങ്ങളല്ല. പ്രധാനമന്ത്രിയുടെ ഓഫീസ് പ്രഖ്യാപിച്ച പദ്ധതികള്‍ ആത്മസമര്‍പ്പണത്തോടെ നടപ്പാക്കുക എന്നതാണ് പ്രധാനം.