Connect with us

Gulf

നിയന്ത്രണം നഷ്ടപ്പെട്ട വാഹനത്തില്‍ നിന്നും സ്വദേശി ഡ്രൈവറെ രക്ഷപ്പെടുത്തി

Published

|

Last Updated

ഷാര്‍ജ: മണിക്കൂറില്‍ 139 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കവേ നിയന്ത്രണം നഷ്ടപ്പെട്ട വാഹനത്തില്‍ നിന്നും സ്വദേശി ഡ്രൈവറെ ഷാര്‍ജ പോലീസ് വിദഗ്ധമായി രക്ഷപ്പെടുത്തി. ബ്രെയ്ക്ക് നഷ്ടപ്പെട്ട കാറുമായി ഓടിക്കൊണ്ടിരുന്ന ഡ്രൈവര്‍ക്ക് വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന നിര്‍ദ്ദേശങ്ങള്‍ അടിക്കടി മൊബൈല്‍ ഫോണിലൂടെ നല്‍കിയാണ് ഡ്രൈവറെയും വാഹനത്തെയും രക്ഷപ്പെടുത്തിയത്. ഇത് മറ്റ് വാഹനങ്ങള്‍ക്ക് സംഭവിക്കാന്‍ ഇടയുള്ള അപകടവും ഒഴിവാക്കാന്‍ സഹായിച്ചുവെന്ന് ഓപ്പറേഷന് നേതൃത്വം നല്‍കിയ ലഫ്. ഹസ്സന്‍ അല്‍ ദഹൂരി വ്യക്തമാക്കി.
അപകടം പിണഞ്ഞെന്ന് ബോധ്യപ്പെടുത്താന്‍ ഡ്രൈവറോട് ഹസാര്‍ഡ് ലൈറ്റ് ഫഌഷ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സീറ്റ് ബെല്‍റ്റ് ശരിയായി ഉറപ്പിച്ച ശേഷം ന്യൂട്രലിലേക്ക് വണ്ടിയുടെ നിയന്ത്രണം മാറ്റിയാണ് കാര്‍ സുരക്ഷിതമായി നിര്‍ത്തുന്നതിലേക്ക് എത്തിച്ചത്. ചക്രങ്ങള്‍ക്ക് മുറുക്കം കിട്ടുന്ന രീതി കൂടി ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചതിനൊപ്പം എഞ്ചിന്‍ ഓഫ് ചെയ്യാനും പറഞ്ഞിരുന്നുവെന്നും ഇത് ബ്രെയ്ക്കിന്റെ അവസ്ഥ ശരിപ്പെടാന്‍ സഹായിച്ചെന്നും ലഫ്. ഹസ്സന്‍ പറഞ്ഞു. മലീഹ റോഡ് വഴി ഷാര്‍ജക്ക് വരുമ്പോഴായിരുന്നു വാഹനം തകരാറിലായത്.