ഉച്ചവിശ്രമ നിയമം: ലക്ഷ്യമിടുന്നത് 30,000 പരിശോധനകള്‍

Posted on: July 28, 2013 8:32 pm | Last updated: July 28, 2013 at 8:32 pm

ദുബൈ: ഉച്ച വിശ്രമ നിയമവുമായി ബന്ധപ്പെട്ട് തൊഴില്‍ മന്ത്രാലയം ലക്ഷ്യമിടുന്നത് 30,000 പരിശോധനകള്‍. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെ വര്‍ഷാ വര്‍ഷം നടപ്പാക്കുന്ന ഉച്ച വിശ്രമ നിയമത്തിന്റെ ഭാഗമായാണ് നിയമ ലംഘനം കണ്ടെത്താനുള്ള പരിശോധനകള്‍ ഊര്‍ജസ്വലമായി നടത്താന്‍ അധികൃതര്‍ തയ്യാറെടുക്കുന്നത്.
ഉച്ചക്ക് 12.30 മുതല്‍ മൂന്നു മണി വരെയാണ് ഉച്ച വിശ്രമ സമയം. കമ്പനികള്‍ ഉച്ച വിശ്രമ നിയമം ലംഘിക്കുന്നുണ്ടോയെന്ന് അറിയാന്‍ തൊഴില്‍ മന്ത്രാലയ അധികൃതര്‍ നടത്തുന്ന പരിശോധനകള്‍ ഓരോ ദിവസം കഴിയുംതോറും കൂടുതല്‍ ശക്തമായി തുടരുകയാണ്. രാജ്യത്ത് സൂര്യാഘാതത്താല്‍ സംഭവിക്കുന്ന തൊഴിലാളികളുടെ മരണം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് എല്ലാ വര്‍ഷവും ചൂട് അതികഠിനമാവുന്ന അവസരത്തില്‍ പുറം ജോലികളില്‍ നിന്നും തൊഴിലാളികളെ മാറ്റി നിര്‍ത്തണമെന്ന് ഉച്ച വിശ്രമ നിയമം കമ്പനികളോട് നിര്‍ദ്ദേശിക്കുന്നത്.
നിയമം നടപ്പായത് മുതല്‍ ആദ്യ രണ്ട് ആഴ്ചയില്‍ 99.41 ശതമാനം കമ്പനികളും നിയമം പാലിച്ചെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
ദേശീയ തലത്തില്‍ ഇതുവരെ 25,248 പരിശോധനകളാണ് വിവിധ നിര്‍മാണ കമ്പനികളിലായി നിയമം ലംഘിക്കുന്നുണ്ടോയെന്ന് അറിയാന്‍ നടത്തിയതെന്ന് തൊഴില്‍ മന്ത്രാലയത്തിലെ അസി. അണ്ടര്‍ സെക്രട്ടറി മഹര്‍ അല്‍ ഖുവൈദ് വെളിപ്പെടുത്തി. ഇതോടൊപ്പം ലേബര്‍ ഓഫീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ള 17,296 സന്ദര്‍ശനങ്ങളും കമ്പനികളില്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു. ഇത്തരം സന്ദര്‍ശനങ്ങള്‍ രാവിലെയാണ് നടത്തുന്നത്.
ഉച്ചവിശ്രമം അനുവദിക്കേണ്ടതിന്റെ പ്രാധാന്യവും ലംഘിക്കപ്പെട്ടാല്‍ ഉണ്ടായേക്കാവുന്ന നിയമ പ്രശ്‌നവും തൊഴിലാളികള്‍ക്ക് സംഭവിക്കാവുന്ന മരണമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെക്കുറിച്ചും സ്ഥാപന ഉടമകളെയും അധികാരികളെയും ബോധ്യപ്പെടുത്തുന്നുണ്ട്. ഇതോടൊപ്പം നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ജോലിയെടുക്കുന്നതിലൂടെ സംഭവിക്കുന്ന നേട്ടങ്ങളെക്കുറിച്ച് തൊഴിലാളികളെയും ബോധവത്ക്കരിക്കുന്നു. രാജ്യത്ത് 25,100 കമ്പനികളും ഉച്ച വിശ്രമ നിയമം പാലിച്ചിരിക്കയാണ്. ഇത് 99.41 ശതമാനം വരുമെന്നും അണ്ടര്‍ സെക്രട്ടറി പറഞ്ഞു. രാജ്യവ്യാപകമായി 148 കമ്പനികള്‍ക്കെതിരെയാണ് നിയമം ലംഘിച്ചതിന് നടപടി സ്വീകരിച്ചിരിക്കുന്നത്.
തൊഴിലാളികള്‍ക്ക് ഉച്ച വിശ്രമം അനുവദിച്ചാല്‍ നിയമ നടപടികള്‍ ഒഴിവാവുന്നതിനൊപ്പം അവരുടെ തൊഴില്‍ എടുക്കാനുള്ള കരുത്ത് വര്‍ധിക്കുമെന്നും ഇത് കൂടുതല്‍ ഫലപ്രദമായും വിദഗ്ധമായും ജോലി ചെയ്യാന്‍ സാധിക്കുന്ന സാഹചര്യം സൃഷ്ടിക്കും. നിയമം തൊഴിലാളികളുടെയും തൊഴില്‍ ഉടമകളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതാണ്. നിയമം തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുമ്പോള്‍ വിശ്രമം നല്‍കുന്നത് ഉല്‍പ്പാദനം വര്‍ധിക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
4,865 പരിശോധനകളാണ് ദുബൈയില്‍ നടത്തിയത്. റാസല്‍ഖൈമ 2,519, ഷാര്‍ജ 5,828, അജ്മാന്‍ 2,508, ഉമ്മുല്‍ഖുവൈന്‍ 1,255, അല്‍ ഫുജൈറ 1,798 എന്നിങ്ങിനെയാണ് മറ്റ് എമിറേറ്റുകളില്‍ നടത്തിയ പരിശോധനകള്‍. പടിഞ്ഞാറന്‍ മേഖലയില്‍ മൊത്തം 3,165 പരിശോധനകളും അബുദാബിയില്‍ 2,274 പരിശോധനകളുമാണ് നടത്തിയത്. 18 സംഘങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജോലിക്കാര്‍ക്ക് വെയില്‍ നേരിട്ടേല്‍ക്കാത്ത സജ്ജീകരണം കമ്പനികള്‍ ചെയ്യുന്നുണ്ടോ, ഉച്ച വിശ്രമത്തിന് മതിയായ സൗകര്യം ഒരുക്കുന്നുണ്ടോ, സുരക്ഷ ഉറപ്പാക്കുന്ന രീതിയിലാണോ ഉപകരണങ്ങള്‍ സജ്ജീകരിക്കുന്നത്, സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത ജോലി സ്ഥലത്ത് ഉണ്ടോ, നിര്‍ജ്ജലീകരണം സംഭവിക്കുമോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധകര്‍ പരിഗണിക്കുന്നത്. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് ആദ്യ നിയമ ലംഘനത്തിന് 15,000 ദിര്‍ഹം പിഴയാവും ചുമത്തുക. ഇതിന് പുറമേ വിശ്രമം നല്‍കാതെ ജോലിചെയ്യിച്ചതിന് നഷ്ടപരിഹാരമായി തൊഴിലാളികള്‍ക്ക് 1,500 ദിര്‍ഹം നല്‍കുകയും വേണം. ഇത്തരം കമ്പനികള്‍ക്ക് പുതിയ ലേബര്‍ കാര്‍ഡ് നല്‍കില്ല. പുതിയ തൊഴിലാളികളെ നിയമിക്കാനും അനുവദിക്കില്ലെന്നും അണ്ടര്‍ സെക്രട്ടറി മുന്നറിയിപ്പ് നല്‍കി.