ഒമാന്‍ എയര്‍ അല്‍ ഐനിലേക്ക് പ്രതിദിന സര്‍വീസ് തുടങ്ങുന്നു

Posted on: July 28, 2013 8:13 pm | Last updated: July 28, 2013 at 8:13 pm

oman-airമസ്‌കത്ത്: ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ അബുദാബിയുടെ ഉപനഗരമായ അല്‍ ഐനിലേക്ക് പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു. ഇതാദ്യമായാണ് മസ്‌കത്തില്‍നിന്നും അല്‍ ഐനിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നത്. യു എ ഇ തലസ്ഥാനമായ അബുദാബിയിലേക്ക് ഒമാന്‍ എയറിന് ആഴ്ചയില്‍ 21 സര്‍വീസുകളുണ്ട്. നിത്യവും മൂന്നു വിമാനങ്ങളാണ് അബുദാബിയിലേക്കു പറക്കുന്നത്.
അബുദാബി, ദുബൈ സര്‍വീസുകള്‍ അല്‍ ഐനിലേക്കുള്ള യാത്രക്ക് മതിയാകാതെ വരുന്ന സാഹചര്യത്തിലാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. ഒമാന്‍ പ്രദേശമായ ബുറൈമിയോട് തൊട്ടു കിടക്കുന്ന നഗരമാണ് അല്‍ ഐന്‍. ബാത്തിന പ്രദേശത്തു നിന്നും റോഡ് മാര്‍ഗം അല്‍ ഐന്‍ യാത്ര പതിവുണ്ടെങ്കിലും മസ്‌കത്ത് നഗരത്തില്‍നിന്നും അല്‍ ഐനിലേക്ക് റോഡ് മാര്‍ഗം ഏറെ ദൂരം യാത്ര ചെയ്യേണ്ടി വരുന്നതും വിമാന സര്‍വീസിന്റെ സാധ്യതകളെ വര്‍ധിപ്പിച്ചു. അബുദാബി എയര്‍പോര്‍ട്ട് കമ്പനിയും അല്‍ ഐന്‍ രാജ്യാന്തര വിമാനത്താവള അധികൃതരുമാണ് പുതിയ വിമാന സര്‍വീസ് പ്രഖ്യാപിച്ചത്.
ഒമാന്‍ എയറുമായി തങ്ങളുടെ സഹകരണം വികസിപ്പിക്കുന്നതില്‍ അതിയായ സംതൃപ്തിയുണ്ടെന്നും ഒമാന്‍ എയറിന്റെ അല്‍ ഐന്‍ ഉദ്ഘാടന വിമാനത്തെ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നതായും അല്‍ ഐന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ജന. മാനേജര്‍ ഫാരിസ് അല്‍ മസ്‌റൂഇ പറഞ്ഞു. മസ്‌കത്ത്-അല്‍ ഐന്‍ റൂട്ടില്‍ വിമാന സര്‍വീസ് ആരംഭിക്കുന്നതിന് സമൂഹത്തില്‍നിന്നും നിരന്തരമായി ഉയര്‍ന്ന ആവശ്യം മാനിച്ചാണ് സര്‍വീസ് തുടങ്ങുന്നതെന്നും സര്‍വീസ് ആവശ്യപ്പെട്ട യാത്രക്കാരോട് കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിദിന വിമാന സര്‍വീസിന്റെ സമയക്രമം ഒമാന്‍ എയര്‍ വെളിപ്പെടുത്തിയിട്ടില്ല. അടുത്ത ദിവസം തന്നെ പ്രഖ്യാപനമുണ്ടാകും.