Connect with us

Kerala

ജയകൃഷ്ണന്‍ വധം: പോലീസിന് വീഴ്ചപറ്റിയെന്ന് മുല്ലപ്പള്ളി

Published

|

Last Updated

കണ്ണൂര്‍: കെ ടി ജയകൃഷ്ണന്‍ വധക്കേസ് സി ബി ഐ പുനരന്വേഷണത്തിന് ഇടയാക്കിയത് കേരള പോലീസിന്റെ വീഴ്ചയാണെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. കേസില്‍ യഥാര്‍ഥ പ്രതികളെ കണ്ടെത്താതെ പാര്‍ട്ടി നേതൃത്വം നല്‍കിയ പട്ടിക പ്രകാരം പ്രതികളെ സൃഷ്ടിക്കുകയാണ് ചെയ്തത്. ഈ വധക്കേസില്‍ താന്‍ ഉള്‍പ്പെട്ടിരുന്നുവെന്നും എന്നാല്‍ അന്ന് താന്‍ പിടിക്കപ്പെട്ടില്ലെന്നും മറ്റൊരു പ്രമാദമായ കേസില്‍ പിടിയിലായ പ്രതി പറഞ്ഞപ്പോഴാണ് അക്കാര്യം പുറത്തറിഞ്ഞത്. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം പോലീസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ നേതൃത്വവും പോലീസും ഒത്തുകളിച്ചിരുന്നതിനാലാണ് ഈ അവസ്ഥ ഉണ്ടായത്. പ്രതികളല്ലാത്തവര്‍ ശിക്ഷിക്കപ്പെടുമ്പോള്‍, യഥാര്‍ഥ പ്രതി സമൂഹമധ്യത്തില്‍ തന്നെ സജീവമായി നിലകൊള്ളുമ്പോള്‍ അത് രാജ്യത്തെ നിയമസംഹിതകളെയാണ് വെല്ലുവിളിക്കുന്നത്. യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്താതെ പാര്‍ട്ടി നേതൃത്വം പട്ടിക നല്‍കുന്നവരെ പ്രതിയാക്കുന്ന രീതി അനുകരണീയമല്ല.
പോലീസ് ഒരിക്കലും ഭരണം മാറുന്നതിനനുസരിച്ച് രാഷ്ട്രീയക്കാര്‍ക്കനുകൂലമായി ചാഞ്ഞും ചെരിഞ്ഞും പ്രവര്‍ത്തിക്കുന്നവരാകരുത്. നട്ടെല്ലോടെ തങ്ങളുടെ കൃത്യനിര്‍വഹണത്തില്‍ വ്യാപൃതരാകുമ്പോഴാണ് പോലീസ്, പോലീസാകുന്നത്. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനൊപ്പം കുറ്റകൃത്യങ്ങള്‍ മുന്‍കൂട്ടി കണ്ടറിയാനും പ്രതിരോധിക്കാനും പോലീസിന് കഴിയണം. കാലോചിതമായ പ്രത്യേക പരിശീലനം പോലീസിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വനിതാ പോലീസ് സേനാംഗങ്ങളുടെ എണ്ണത്തില്‍ വര്‍ധന വരുത്തേണ്ടതും അനിവാര്യമാണ്. കുറ്റവാളികള്‍ ആരായാലും അവര്‍ ഏത് രാഷ്ട്രീയ പ്രസ്ഥാനത്തില്‍ പെട്ടവരായാലും നിയമം അനുശാസിക്കുന്ന രീതിയില്‍ മാത്രമേ പെരുമാറാവൂ. എന്നാല്‍ ചിലര്‍ക്ക് പോലീസ് വി ഐ പി പരിഗണന നല്‍കുന്നത് കണ്ടുവരുന്നു. ഇതു ശരിയായ രീതിയല്ല. ഇത്തരം നിലപാടുകള്‍ പോലീസിന് ഭൂഷണമല്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കെ പി ഒഎ ജില്ലാ പ്രസിഡന്റ് പി ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.

Latest