ഭക്ഷ്യ സുരക്ഷാ പദ്ധതിക്ക് ബി എസ് പിയുടെ പിന്തുണ

Posted on: July 28, 2013 2:04 am | Last updated: July 28, 2013 at 2:04 am

mayawati_3ലക്‌നോ: യു പി എ സര്‍ക്കാറിന്റെ ഭക്ഷ്യ സുരക്ഷാ പദ്ധതിയെ പിന്തുണച്ച് ബി എസ് പി നേതാവ് മായാവതി. എന്നാല്‍, ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിനെ അവര്‍ എതിര്‍ത്തു. ഇത് പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്ത് സമവായത്തോടെ പാസാക്കണമെന്ന് മായാവതി കൂട്ടിച്ചേര്‍ത്തു.
‘തീരെ ഇല്ലാതിരിക്കുന്നതിനേക്കാളും നല്ലതാണ് വൈകിയാണെങ്കിലും ഇത്തരമൊരു നീക്കം. ഇതിനെ ഞങ്ങളുടെ പാര്‍ട്ടി തത്വത്തില്‍ അംഗീകരിക്കുന്നു.’ മായാവതി പറഞ്ഞു. തിടുക്കം പിടിച്ചാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ നന്നായേനെ. കൂടുതല്‍ നല്ല നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവരാനും അതില്‍ സമവായം ഉണ്ടാക്കാനും അത് ഉപകരിക്കുമായിരുന്നു. അവര്‍ ചൂണ്ടിക്കാട്ടി.
അഞ്ച് രൂപക്കും പന്ത്രണ്ട് രൂപക്കും കുശാലായ ഊണ്‍ ലഭിക്കുമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായങ്ങളെ മായാവതി രൂക്ഷമായി വിമര്‍ശിച്ചു. പാവങ്ങളെ സംബന്ധിച്ചുള്ള ക്രൂരമായ തമാശയാണിത്. ദാരിദ്ര്യം എന്താണെന്ന് കണ്ടിരുന്നെങ്കില്‍ ആ നേതാക്കള്‍ ഇങ്ങനെ പറയില്ലായിരുന്നു. പണപ്പെരുപ്പം വര്‍ധിച്ചതിനാല്‍ പാവങ്ങളുടെ ജീവിതം ദുസ്സഹമാണ്. ഈ ക്രൂര തമാശയെ ബി എസ് പി അപലപിക്കുകയാണ്. മായാവതി പറഞ്ഞു
പാവങ്ങള്‍ക്ക് മതിയായ ഭക്ഷണം ഉറപ്പ് വരുത്തേണ്ടത് കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണെന്ന്, ഭക്ഷ്യധാന്യങ്ങളുടെ ക്ഷാമമില്ലെന്ന രണ്ട് വര്‍ഷത്തെ സുപ്രീം കോടതി നിരീക്ഷണങ്ങളെ ചൂണ്ടിക്കാട്ടി മായാവതി പറഞ്ഞു. വൈകിയാണെങ്കിലും കേന്ദ്രം നേരായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പാവങ്ങളെ സംബന്ധിച്ച് ഇതുവരെ മൗനം അവലംബിച്ച കേന്ദ്രമാണ് ഇപ്പോള്‍ ഇത്തരം പദ്ധതികളുമായി രംഗത്തുവരുന്നത് എന്നതിനാല്‍ അതിനെ പിന്തുണക്കുകയാണ്. ഒന്നുമില്ലാത്തതിനാല്‍ നല്ലതല്ലേ എന്തെങ്കിലും ഉണ്ടാകുന്നത്. മായാവതി ചോദിച്ചു.