Connect with us

National

2 ജി: അനില്‍ അംബാനിക്ക് പുതിയ സമന്‍സ്‌

Published

|

Last Updated

ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതി കേസില്‍ റിലയന്‍സ് എ ഡി എ ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിക്കും ഭാര്യ ടീന അംബാനിക്കും ഡല്‍ഹിയിലെ വിചാരണാ കോടതി പുതിയ സമന്‍സ് അയച്ചു. അടുത്ത മാസം 22ന്, അനില്‍ അംബാനിയോടും പിറ്റേന്ന,് ടീനയോടും നേരിട്ട് ഹാജരാകാനാണ് കോടതി നിര്‍ദേശം.
സി ബി ഐ നല്‍കിയ സാക്ഷികളുടെ പട്ടിക സ്‌പെഷ്യല്‍ സി ബി ഐ കോടതി ജഡ്ജി ഒ പി സൈനി പരിശോധിച്ചു. അനിലിനും ടീനക്കും പുറമെ, റിലയന്‍സ് എനര്‍ജി ലിമിറ്റഡ് ഉദ്യോഗസ്ഥരായ അനിതാ ഗോഖലെ, കമല്‍കാന്ത് ഗുപ്ത സി എഫ് എസ് എല്‍ വിദഗ്ധരായ ദീപക് ആര്‍ ഹാന്‍ഡ, വിജയ് വര്‍മ എന്നിവരെയും കോടതി സാക്ഷികളായി വിളിക്കും.
അനില്‍ അംബാനിയെയും ഭാര്യയെയും മറ്റ് 11 പേരെയും പ്രോസിക്യൂഷന്‍ സാക്ഷികളാക്കാനുള്ള സി ബി ഐയുടെ ഹരജി കഴിഞ്ഞയാഴ്ചയാണ് വിചാരണ കോടതി അംഗീകരിച്ചത്. നേരത്തെ കഴിഞ്ഞ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാകാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ നേരത്തെ നിശ്ചയിച്ച ബിസിനസ് പരിപാടികളുണ്ടെന്ന് കാണിച്ച് നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അംബാനി ഹരജി നല്‍കി. വെള്ളിയാഴ്ച മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരിക അസാധ്യമാണെന്നും ആഗസ്റ്റ് 15ന് മുമ്പായി കോടതിയില്‍ ഹാജരാകുമെന്നും അംബാനിയുടെ ഹരജിയില്‍ പറയുന്നു.
അനിലിന്റെ ഉടമസ്ഥതയിലുള്ള കമ്പനി സ്വാന്‍ ടെലികോമില്‍ 990 കോടി രൂപ നിക്ഷേപിച്ചതിനെ സംബന്ധിച്ചാണ് മൊഴി രേഖപ്പെടുത്തുക. ഈ കേസില്‍ എ ഡി എ ജി എക്‌സിക്യൂട്ടീവുമാരായ ഗൗതം ദോഷി, സുരേന്ദ്ര പിപാര, ഹരി നായര്‍ എന്നിവര്‍ വിചാരണ നേരിടുന്നുണ്ട്.

 

Latest