Connect with us

Editorial

തെലുങ്കാന: പ്രഖ്യാപനം കൊണ്ട് തീരില്ല പ്രതിസന്ധി

Published

|

Last Updated

പ്രത്യേക സംസ്ഥാനമെന്ന തെലുങ്കാനക്കാരുടെ അഭിലാഷം പൂവണിയുന്നു. വ്യാഴാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം തെലുങ്കാന സംസ്ഥാന രൂപവത്കരണത്തിന് അനുമതി നല്‍കി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെയും യു പി എ യോഗത്തിലെയും ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും തീരുമാനം പ്രഖ്യാപിക്കുക.
ആന്ധ്രാ പ്രദേശ് സംസ്ഥാനത്തെ അവികസിത മേഖലയാണ് അദിലാബാദ്, ഹൈദരാബാദ്, ഖമ്മം, കരീംനഗര്‍, മഹ്ബൂബ് നഗര്‍, മേദക്, നിസാമാബാദ്, രംഗറെഡ്ഢി, വാറംഗല്‍ ജില്ലകള്‍ ഉള്‍പ്പെട്ട തെലുങ്കാന. വിദ്യാഭ്യാസം, വ്യവസായം, ആരോഗ്യം തുടങ്ങി സര്‍വ മേഖലകളിലും പിന്നാക്കം നില്‍ക്കുന്ന ഈ പ്രദേശത്തിന്റെ പുരോഗതിക്ക് പ്രത്യേക സംസ്ഥാന രൂപവത്കരണം മാത്രമാണ് പരിഹാരമെന്ന ആശയത്തിന് ആറ് ദശകത്തോളം പഴക്കമുണ്ട്. 1969ല്‍ തെലുങ്കാന പ്രജാസമിതി പാര്‍ട്ടി ഈ ആവശ്യമുന്നയിച്ച് പ്രക്ഷോഭം തുടങ്ങി. പുതിയ പാക്കേജുകള്‍ പ്രഖ്യാപിച്ചും വാഗ്ദാനങ്ങള്‍ നല്‍കിയും സര്‍ക്കാര്‍ അത് തണുപ്പിച്ചെങ്കിലും പിന്നെയും പലപ്പോഴായി ആളിക്കത്തി. 2009ല്‍ തെലുങ്കാന രാഷ്ട്ര സമിതി അധ്യക്ഷന്‍ കെ ചന്ദ്രശേഖറിന്റെ അനിശ്ചിതകാല നിരാഹാരത്തെ തുടര്‍ന്നു തെലുങ്കാന സംസ്ഥാനം കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെങ്കിലും തീരുമാനം പിന്നെയും നീണ്ടു. ഏറ്റവുമൊടുവില്‍ തെലുങ്കാന സംയുക്ത കര്‍മ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ സെപ്തംബറില്‍ ആരംഭിച്ച സമരമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും സര്‍ക്കാറിന്റെയും കണ്ണ് തുറപ്പിച്ചത്. എം പിമാരും എം എല്‍ എമാരും അധ്യാപകരും സര്‍ക്കാര്‍ ജിവനക്കാരുമടക്കം തെലുങ്കാന മേഖലയിലെ ബഹുഭൂരിപക്ഷവും അനുകൂലിച്ച പ്രക്ഷോഭത്തിന് നേരെ മുഖം തിരിച്ചാല്‍ മേഖലയില്‍ കോണ്‍ഗ്രസിന്റെ ഭാവി തന്നെ അവതാളത്തിലാകുമെന്ന ആശങ്കയാണ് സംസ്ഥാന രൂപവത്കരണത്തെ അനുകൂലിക്കാന്‍ പാര്‍ട്ടി നേതൃത്വത്തെ നിര്‍ബന്ധിതമാക്കിയത്.
സംസ്ഥാന രൂപവത്കരണം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ഡിസംബര്‍ അവസാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ തെലുങ്കാന രാഷ്ട്ര സമിതിയും സി പി ഐയും ബി ജെ പിയും മാത്രമാണ് പ്രത്യേക സംസ്ഥാനത്തെ തുറന്ന് അനുകൂലിച്ചത്. പാര്‍ട്ടിക്കകത്ത് തന്നെ അനുകൂലികളും പ്രതികൂലികളുമുള്ളതിനാല്‍ കോണ്‍ഗ്രസ്, തെലുങ്ക് ദേശം , വൈ എസ് ആര്‍ കോണ്‍ഗ്രസ് തുടങ്ങി മറ്റു കക്ഷികളൊന്നും വ്യക്തമായ നിലപാട് പ്രകടിപ്പിച്ചില്ല. ഈ പാര്‍ട്ടികളില്‍ നല്ലൊരു ഭാഗം ഐക്യ ആന്ധ്ര വാദക്കാരും വിഭജനത്തിനെതിരുമാണ്. വ്യാഴാഴ്ചത്തെ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗ തീരുമാനത്തില്‍ പ്രതിഷേധിച്ച് തെലുങ്കാനേതര മേഖലയിലെ രണ്ട് കോണ്‍ഗ്രസ് എം എല്‍ എമാരും 16 വൈ എസ് ആര്‍ കോണ്‍ഗ്രസ് എം എല്‍ എമാരും രാജി സമര്‍പ്പിക്കുകയുണ്ടായി.
തെലുങ്കാന സംസ്ഥാനം രൂപവത്കരിച്ചാല്‍ ബംഗാളിലെ ഡാര്‍ജിലിംഗ് ആസ്ഥാനമായി ഗൂര്‍ഖാ ലാന്‍ഡ്, അസമില്‍ ബോഡോലാന്‍ഡ്, ഉത്തര്‍പ്രദേശില്‍ ഹരിതപ്രദേശ്, മഹാരാഷ്ട്രയില്‍ വിദര്‍ഭ. പൂര്‍വാഞ്ചല്‍ തുടങ്ങി പുതിയ സംസ്ഥാനങ്ങള്‍ക്കായുള്ള പ്രക്ഷോഭം ശക്തമാകും. ചൈന, നേപ്പാള്‍, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ ഉണ്ടാകുന്ന ഈ പ്രക്ഷോഭങ്ങള്‍ രാജ്യസുരക്ഷക്ക് ഭീഷണിയാകും. 1956 നവംബര്‍ ഒന്നിന് ആന്ധ്രാപ്രദേശ് രൂപവത്കരിച്ചത് ആന്ധ്രയും തെലുങ്കാനയും സംയോജിപ്പിച്ചാണ്. തെലുങ്കാനയെ വേര്‍പെടുത്തുന്നത് രണ്ട് മേഖലകളിലെയും നേതാക്കള്‍ തമ്മില്‍ ഒപ്പ് വെച്ച ഈ ഉടമ്പടിയുടെ ലംഘനമാണ്. ബി ജെ പിക്കും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും തെലുങ്കാന രാഷ്ട്രസമിതിക്കുമായിരിക്കും പുതിയ സംസ്ഥാന രൂപവത്കരണത്തിന്റെ നേട്ടം തുടങ്ങി തെലുങ്കാനവിരുദ്ധര്‍ക്ക് തങ്ങളുടെ നിലപാടിന് ന്യായീകരണമായി ഒട്ടേറെ കാര്യങ്ങള്‍ നിരത്തി വെക്കാനുണ്ട്.
തെലുങ്കാന സംസ്ഥാന രൂപവത്കരണത്തിന് പച്ചക്കൊടി കാണിച്ചെങ്കിലും കോണ്‍ഗ്രസ് നേതൃത്വം സമ്മര്‍ദത്തിലാണ്. സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രശ്‌നം പാര്‍ട്ടിക്ക് പുതിയ പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാനുള്ള പോംവഴികളെക്കുറിച്ച ചര്‍ച്ചയിലാണ് നേതൃത്വം. ഇത്തരമൊരു സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ പൂര്‍ണമായും വിശ്വസിക്കാവതല്ലെന്നും ഐക്യആന്ധ്ര പക്ഷത്തിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി സംസ്ഥാന രൂപവത്കരണം നീളാനോ തെലുങ്കാനക്ക് പ്രത്യേക പദവി തുടങ്ങി മറ്റു തീരുമാനങ്ങളിലേക്ക് മാറാനോ സാധ്യതയുള്ളതിനാല്‍ തെലുങ്കാന സംസ്ഥാനം രൂപവത്കരിച്ചുകൊണ്ടുള്ള ബില്‍ പാര്‍ലിമെന്റ് അംഗീകരിക്കുന്നത് വരെ പ്രക്ഷോഭത്തില്‍ നിന്ന് പിന്‍വാങ്ങില്ലെന്നുമാണ് സമരത്തിന് നേതൃത്വം നല്‍കുന്ന തെലുങ്കാന രാഷ്ട്രസമിതി നേതാവ് കെ ചന്ദ്രശേഖര്‍ വ്യക്തമാക്കിയത്. തെലുങ്കാനയുടെ പിന്നാക്കാവസ്ഥയല്ല, രാഷ്ട്രീയ ലാഭനഷ്ടങ്ങളിലാണ് എല്ലാവരുടെയും നോട്ടം.

Latest