സമരം അവസാനിപ്പിക്കാന്‍ അറിയാതെ പ്രതിപക്ഷം ഇരുട്ടില്‍ തപ്പുന്നു: കെ വി മുരളി

Posted on: July 27, 2013 10:10 am | Last updated: July 27, 2013 at 10:10 am

കല്‍പറ്റ: തുടങ്ങിയ സമരം എങ്ങനെ അവസാനിപ്പിക്കണം എന്നിറിയാതെ പ്രതിപക്ഷം ഇരുട്ടില്‍ തപ്പുകയാണെന്ന് കേരള എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി മുരളി പറഞ്ഞു.
ഓരോ ദിവസം കഴിയുന്തോറും സോളാര്‍ കുംഭകോണത്തില്‍ കുറ്റക്കാരുടെ നേര്‍ക്ക് അന്വേഷണ കുരുക്കുകള്‍ മുറുകുന്ന സാഹചര്യമാണ് നിലവിലുള്ളത്. കൊടും കുറ്റവാളികളടക്കം നിരവധി പേര്‍ ജയിലിനുള്ളിലാണ്. അന്വേഷണം നിയമാനുസൃതമായി നീങ്ങുന്നു എന്നജനാഭിപ്രായത്തെ മാനിക്കാന്‍ ഇടതുപക്ഷം നിര്‍ബന്ധിതമായി തുടങ്ങിയെന്നും കെ വി മുരളി പറഞ്ഞു.
വിമര്‍ശനങ്ങളുടെ സുനാമി തിരമാലകള്‍ക്ക് മുന്നിലും ഇളകാതെ കാഷാബിയാങ്ക പോലെ തലയുയര്‍ത്തി നില്‍ക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നത് ജനപിന്തുണകൊണ്ട് മാത്രമാണെന്ന യാഥാര്‍ഥ്യം മനസ്സിലാക്കി സമര പരിപാടികള്‍ അവസാനിപ്പിക്കാന്‍ പ്രതിപക്ഷം തയ്യാാവണമെന്നും കെ വി മുരളി പറഞ്ഞു. പഴകിതേഞ്ഞ മുദ്രാവാക്യങ്ങള്‍ സമരായുധങ്ങളാക്കിമാറ്റാന്‍ പെടാപാട് പെടുന്ന ഇടതുപക്ഷ സര്‍വീസ് സംഘടനകളുടെ ദീനരോധനമാണ് സെക്രട്ടറിയേറ്റ് നടയിലും ജില്ലാ കേന്ദ്രങ്ങളിലും എന്‍ ജി ഒ യൂണിയന്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പങ്കാളിത്ത പെന്‍ഷന്‍ തുടങ്ങിയിട്ടും പുതുതായി സര്‍വീസില്‍ പ്രവേശിക്കുവാന്‍ യുവതീ യുവാക്കള്‍ കാത്തിരിക്കുന്ന ആവേശം അതിനെ ചൊല്ലിയുള്ള പ്രചാരണങ്ങള്‍ പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതായും മുരളി പറഞ്ഞു.