ബട്‌ല ഹൗസ് ഏറ്റുമുട്ടലും കോടതി നിരീക്ഷണവും

Posted on: July 27, 2013 12:36 am | Last updated: July 27, 2013 at 12:36 am

ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ കേസിലെ പ്രതി ഷഹ്‌സാദ് അഹ്മദ് കുറ്റക്കാരനാണെന്ന് കോടതി.സാകേതിലെ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി രാജീന്ദ്രര്‍ കുമാര്‍ ശാസ്ത്രിയാണ് ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്ന പ്രതിഭാഗത്തിന്റെ വാദം നിരാകരിച്ച്, ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ഇന്‍സ്‌പെക്ടറായിരുന്ന മോഹന്‍ചന്ദ് ശര്‍മ കൊല്ലപ്പെട്ടത് ഷഹ്‌സാദ് അഹ്മദിന്റെ വെടിയേറ്റാണെന്ന പ്രൊസിക്യൂഷന്‍ വാദം ശരിവെക്കുന്ന വിധിപ്രസ്താവം നടത്തിയത്. 2008 സെപ്തംബര്‍ 13ന് നടന്ന ഡല്‍ഹി സ്‌ഫോടന പരമ്പരക്ക് ഉത്തരവാദികളെന്ന് പറയപ്പെടുന്ന ‘ഇന്ത്യന്‍ മുജാഹിദീന്‍’ സംഘത്തിലെ ചിലര്‍ ബട്‌ല ഹൗസ് എല്‍ 18 ബ്ലോക്കില്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫഌറ്റിലേക്ക് ചെന്ന പോലീസിന് നേരെ ഷഹ്‌സാദും കുട്ടുകാരും വെടിയുതിര്‍ത്തുവെന്നാണ് ഔദ്യോഗിക ഭാഷ്യം. ആത്മരക്ഷാര്‍ഥം പോലീസ് തിരിച്ചും നിറയൊഴിച്ചു. ഈ ഏറ്റുമുട്ടലില്‍ ഷഹ്‌സാദിന്റെ കൂട്ടുകാരും ജാമിഅ മില്ലിയ്യ വിദ്യാര്‍ഥികളുമായ ആതിഫ് അമീനും മുഹമ്മദ് സാജിദും പോലീസ് ഇന്‍സ്‌പെക്ടര്‍ ശര്‍മയും കൊല്ലപ്പെട്ടുവെന്നും പോലീസ് വിശദീകരിക്കുന്നു.
2008 സെപ്തംബര്‍ 19ന് കാലത്ത് 11 മണിക്കാണത്രേ സംഭവം. പട്ടാപ്പകല്‍ ഇത്ര വലിയൊരു ഏറ്റുമുട്ടല്‍ നടന്നിട്ടും പ്രദേശവാസികളില്‍ ഒരാളുമറിഞ്ഞില്ലെന്നതാണ് അത്ഭുതം. ഏറ്റുമുട്ടലിന് ദൃക്‌സാക്ഷികളായി പ്രദേശവാസികളില്‍ നിന്നൊരാളെ പോലും ചൂണ്ടിക്കാട്ടാന്‍ പോലീസിനായില്ല. ആതിഫ് അമീനിന്റെയും മുഹമ്മദ് സാജിദിന്റെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പോലീസ് വാദം നിരാകരിക്കുന്നു. രണ്ട് പേരുടെയും ശരീരത്തില്‍ മാരകമായ മര്‍ദനത്തിന്റെ പാടുകളുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആതിഫിന്റ പുറംഭാഗത്തായിരുന്നു പാടുകള്‍. ഇവരുടെ ശരീരത്തിലെ വെടിയേറ്റ മുറിവുകള്‍ തൊട്ടടുത്ത് നിന്ന് നടത്തിയ വെടിവെപ്പിനെ തുടര്‍ന്നാകാനാണ് സാധ്യതയെന്നും ഏറ്റുമുട്ടിലില്‍ സംഭവിച്ചതാകാനിടയില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. പോലീസ് ഈ റിപ്പോര്‍ട്ട് പൂഴ്ത്തുകയായിരുന്നുവെന്നും വിവരാവകാശ നിയമ പ്രകാരം ചില മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നടത്തിയ നിയമ പോരാട്ടത്തിലാണ് റിപ്പോര്‍ട്ട് വെളിച്ചം കണ്ടതെന്നതും ശ്രദ്ധേയമാണ്.
ഇശ്‌റത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ പോലെ ബട്‌ല ഹൗസ് ഏറ്റുമുട്ടലും വ്യാജമാണെന്ന് ഷഹ്‌സാദിന്റെ കുടംബവും പ്രദേശവാസികളും മനുഷ്യാവകാശ പ്രവര്‍ത്തകരും മാത്രമല്ല, ഉന്നത കോണ്‍ഗ്രസ് നേതാവ് ദ്വിഗ്‌വിജയ് സിംഗിനെ പോലുള്ള രാഷ്ട്രീയ നേതാക്കളും വിശ്വസിക്കുന്നത് ഇക്കാരണങ്ങളാലാണ്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തില്ലെന്ന അധികൃതരുടെ നിലപാടും സന്ദേഹത്തിനിടം നല്‍കുന്നു. ജാമിഅ നഗര്‍ നിവാസികളും മനുഷ്യാവകാശ സംഘടനകളും ജൂഡീഷ്യല്‍ അന്വേഷണമാവശ്യപ്പെട്ട് വീണ്ടും രംഗത്ത് വന്നിട്ടുണ്ട്. ഈ ആവശ്യത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ജാമിഅ മില്ലിയ്യ സര്‍വകലാശാല, ഡല്‍ഹി സര്‍വകലാശാല, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍സ് തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ കഴിഞ്ഞ വാരത്തില്‍ ഡല്‍ഹിയില്‍ മാര്‍ച്ച് സംഘടിപ്പിക്കുകയുമുണ്ടായി. ഡല്‍ഹി ഭരണകൂടത്തിന്റെ പ്രതിച്ഛായയും ഡല്‍ഹി പോലീസിന്റെ വിശ്വാസ്യതയും പാടേ തകരുമെന്ന ഭയം കൊണ്ടാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് അധികൃതര്‍ വിമുഖത കാട്ടുന്നതെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഡല്‍ഹി തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇതൊരു വയ്യാവേലിയാകുമെന്ന് കോണ്‍ഗ്രസ് ഭയക്കുന്നുണ്ടാകണം.
പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു ഏറ്റുമുട്ടല്‍ യാഥാര്‍ഥ്യമെന്ന് കോടതി നിരീക്ഷിച്ചെങ്കിലും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണ വിവരങ്ങള്‍ പോലീസ് വാദങ്ങളെ നിരാകരിക്കുകയും സമഗ്രമായ മറ്റൊരു അന്വേഷണത്തിന്റെ ആവശ്യകതക്ക് ശക്തി പകരുകയും ചെയ്യുന്നുണ്ട്. രാജ്യത്തെ നടുക്കിയ പാര്‍ലിമെന്റ് ആക്രമണം പോലും ഭരണകൂടത്തിന്റെ ഒത്താശയോടെ പോലീസ് നടത്തിയ നാടകമായിരുന്നുവെന്ന് ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ തന്നെ പ്രസ്താവിച്ച സാഹചര്യത്തില്‍ ബട്‌ലയുള്‍പ്പെടെ രാജ്യത്ത് നടന്ന എല്ലാ ഏറ്റുമുട്ടലുകളിലും സ്‌ഫോടനങ്ങളിലുംകൂടുതല്‍ അന്വേഷണം അനിവാര്യമായിരിക്കയാണ്.

ALSO READ  ദേവീന്ദര്‍ സിംഗ്: ദുരൂഹമാണ് കേന്ദ്രത്തിന്റെ മൗനം