കാര്‍ഷിക വിവരങ്ങള്‍ ഇനി കര്‍ഷകര്‍ക്ക് എസ് എം എസ് വഴിയും

Posted on: July 27, 2013 12:28 am | Last updated: July 27, 2013 at 12:28 am

മലപ്പുറം: കൃഷി സംബന്ധമായ വിവരങ്ങള്‍ കര്‍ഷകരില്‍ നേരിട്ട് എത്തിക്കുന്നതിനായി കേന്ദ്ര കൃഷി വകുപ്പ് സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ കിസാന്‍ എസ് എം എസ് പോര്‍ട്ടല്‍ പദ്ധതി നടപ്പിലാക്കുന്നു. കൃഷി സംബന്ധമായുള്ള എല്ലാ വിവരങ്ങളും കര്‍ഷകര്‍ക്ക് മൊബൈലില്‍ സന്ദേശമായി ലഭിക്കുന്നതിന് കിസാന്‍ എസ് എം എസ് എന്ന പേരില്‍ ഒരു പോര്‍ട്ടലിനാണ് കേന്ദ്ര കൃഷി- സഹകരണ വകുപ്പ് രൂപം നല്‍കുന്നത്. മൃഗസംരക്ഷണം, ഫിഷറീസ് ഉള്‍പ്പടെ കാര്‍ഷിക അനുബന്ധ മേഖലകളിലെ എല്ലാ കര്‍ഷകര്‍ക്കും പ്രയോജനപ്പെടുന്ന വിധത്തില്‍ സംവിധാനിച്ചിട്ടുള്ള പദ്ധതിയില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ പ്രധാനപ്പെട്ട വിവരങ്ങള്‍ എസ് എം എസ് സന്ദേശങ്ങളായി മൊബൈല്‍ ഫോണില്‍ ലഭിക്കും. വിവിധ കാര്‍ഷിക വിളകള്‍, കൃഷി രീതികള്‍, സസ്യ സംരക്ഷണം, പരിപാലന മുറകള്‍, വിളവെടുപ്പ്, സംസ്‌കരണം, വിപണനം തുടങ്ങിയവയെ കുറിച്ചും കൃഷി വകുപ്പ്, കാര്‍ഷിക സര്‍വകലാശാല എന്നിവയുടെ പദ്ധതികളെയും സേവനങ്ങളെയും കുറിച്ചുമുള്ള വിവരങ്ങളും സന്ദേശങ്ങളായി ലഭിക്കും. കാര്‍ഷിക മേഖലക്ക് അനുയോജ്യമായ രീതിയില്‍ കര്‍ഷകര്‍ക്ക് ഉപയോഗപ്രദമായ സന്ദേശങ്ങള്‍ പദ്ധതി പ്രകാരം ലഭിക്കും. കൃഷി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന പദ്ധതിയില്‍ സമേതി, സംസ്ഥാന കാര്‍ഷിക സര്‍വകലാശാല, കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ എന്നിവയും പങ്കാളികളാകും. സംസ്ഥാന, ജില്ലാ, ബ്ലോക്ക് തലങ്ങളില്‍ വകുപ്പുകളിലെ നിയുക്ത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരിക്കും സന്ദേശങ്ങള്‍ അയക്കുക. ജില്ലാ തലത്തില്‍ കൃഷി അനുബന്ധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, കൃഷി വിജ്ഞാന കേന്ദ്രം കോ- ഓര്‍ഡിനേറ്റര്‍, ആത്മ പ്രൊജക്ട് ഡയറക്ടര്‍, കാര്‍ഷിക സര്‍വകലാശാലയുടെ ജില്ലാ തല പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ജില്ലാ തല സമിതിയായിരിക്കും എസ് എം എസ് സന്ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കുക. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 10 ലക്ഷം കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പദ്ധതിയുടെ പ്രയോജനം ലഭിക്കാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ അവരുടെ പേര്, മൊബൈല്‍ നമ്പര്‍, കൃഷി ചെയ്യുന്ന വിളകളുടെ പേര് എന്നീ വിവരങ്ങള്‍ ബന്ധപ്പെട്ട കൃഷിഭവനുകളില്‍ സമര്‍പ്പിക്കണമെന്ന് കൃഷി ഡയറക്ടര്‍ അറിയിച്ചു.