Connect with us

National

ഇശ്‌റത്ത് കേസ്: പി പി പാണ്ഡെ വിചാരണാ കോടതിയില്‍ ഹാജരാകണം

Published

|

Last Updated

ന്യൂഡല്‍ഹി: ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായ ഗുജറാത്ത് ഐ പി എസ് ഓഫീസര്‍ പി പി പാണ്ഡെയോട് വിചാരണ കോടതിയില്‍ ഹാജരാകാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. തിങ്കളാഴ്ച അഹമ്മദാബാദിലെ വിചാരണാ കോടതിയില്‍ ഹാജരാകാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. പാണ്ഡെയെ സി ബി ഐ അറസ്റ്റ് ചെയ്യുന്നത് തിങ്കളാഴ്ച വരെ സുപ്രീം കോടതി വിലക്കിയിട്ടുണ്ട്. പ്രത്യേക സി ബി ഐ കോടതിയില്‍ തിങ്കളാഴ്ച ഹാജരായില്ലെങ്കില്‍ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് ജസ്റ്റിസ് ബി എസ് ചൗഹാന്‍ വ്യക്തമാക്കി.
1982 ബാച്ച് ഐ പി എസ് ഓഫീസറായ പി പി പാണ്ഡെ ഒളിവിലാണ്. വിചാരണാ കോടതിയില്‍ പാണ്ഡെ ഹാജരാകാമെന്നും അതുവരെ അറസ്റ്റ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകന്‍ കോടതിയെ സമീപിക്കുകയായിരുന്നു. പാണ്ഡെയുടെ അറസ്റ്റ് ഒഴിവാക്കരുതെന്ന് സി ബി ഐക്ക് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. പാണ്ഡെ ഒളിവിലാണെന്നും അദ്ദേഹത്തിന് സംരക്ഷണം നല്‍കേണ്ട ആവശ്യമില്ലെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജെയ്‌സിംഗ് കോടതിയില്‍ പറഞ്ഞു.
അതിനിടെ, കേസ് അന്വേഷണത്തിനുള്ള മേല്‍നോട്ടം ഗുജറാത്ത് ഹൈക്കോടതി അവസാനിപ്പിച്ചു. പ്രത്യേക കോടതിക്ക് മുമ്പാകെ സി ബി ഐ ഉദ്യോഗസ്ഥര്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെയാണ് ഇതെന്ന് ജസ്റ്റിസുമാരായ ജയന്ത് പട്ടേല്‍, അഭിലാഷ കുമാരി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം തുടരുകയാണെന്നും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമെന്നും സി ബി ഐ അഭിഭാഷകന്‍ ഇജാസ് ഖാന്‍ കോടതിയില്‍ പറഞ്ഞു.