Connect with us

International

ഹമാസുമായി ബന്ധം: മുര്‍സി ജുഡീഷ്യല്‍ കസ്റ്റഡിയില്‍

Published

|

Last Updated

കൈറോ: പുറത്താക്കപ്പെട്ട ഈജിപ്ഷ്യന്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്കുമേല്‍ കൂട്ടക്കൊലയടക്കമുള്ള ഗുരുതരമായ കുറ്റം ചുമത്തി അന്വേഷണത്തിന് ഉത്തരവിട്ടു. സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള മുര്‍സിയെ 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി ദേശീയ വാര്‍ത്താ ഏജന്‍സിയായ മെന റിപ്പോര്‍ട്ട് ചെയ്തു.
ഹുസ്‌നി മുബാറക്കിനെതിരായ പ്രക്ഷോഭത്തിനിടെ ഹമാസ് അടക്കമുള്ള വിദേശ ശക്തികളുടെ സഹായം തേടി രാജ്യത്ത് ആക്രമണങ്ങള്‍ അഴിച്ചുവിട്ടുവെന്നുള്ള കുറ്റവും ആരോപിക്കപ്പെട്ടിട്ടുണ്ട്. മുര്‍സിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബ്രദര്‍ഹുഡ് രാജ്യവ്യാപകമായ പ്രക്ഷോഭം നടത്തുന്നതിനിടെയാണ് മുര്‍സിക്കുമേലുള്ള കോടതി നടപടിയെന്നതും ശ്രദ്ധേയമാണ്.
2011ല്‍ ഹമാസിന്റെ സഹായത്തോടെ രാജ്യത്ത് വ്യാപകമായ ആക്രമണം നടത്തുകയും പോലീസ് സ്റ്റേഷനുകളും ജയിലുകളും ആക്രമിക്കുകയും ചെയ്തതടക്കമുള്ള സംഭവങ്ങളില്‍ മുര്‍സിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തേക്കും. ഇതിനു ശേഷമായിരിക്കും അദ്ദേഹത്തെ വിചാരണയടക്കമുള്ള കോടതി നടപടികള്‍ക്ക് വിധേയനാക്കുക.
സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അസീസിയുടെ ആഹ്വാന പ്രകാരം പ്രധാന നഗരങ്ങളില്‍ പ്രകടനം നടത്തിയ മുര്‍സി വിരുദ്ധ പ്രക്ഷോഭകര്‍, മുര്‍സിയെ കസ്റ്റഡിയില്‍ വിട്ട വാര്‍ത്ത ആഹ്ലാദത്തോടെയാണ് വരവേറ്റത്. എന്നാല്‍ കോടതി നടപടികളുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവുന്നതോടെ ബ്രദര്‍ഹുഡ് പ്രക്ഷോഭകര്‍ രോഷാകുലരായി. മുര്‍സിക്കുമേലുള്ള ആരോപണം രാഷ്ട്രീയ ഗുഢാലോചനയാണെന്നും ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും ബ്രദര്‍ഹുഡ് നേതാക്കള്‍ അറിയിച്ചു.
അതിനിടെ, കൈറോയില്‍ മുര്‍സി വിരുദ്ധരും അനുകൂലികളും നടത്തിയ മാര്‍ച്ച് ഏറ്റുമുട്ടലില്‍ കലാശിച്ചു. ആക്രമണങ്ങളില്‍ 11 പേര്‍ക്ക് പരുക്കേറ്റതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

Latest