ചോമ്പാല്‍ സഹകരണ ബേങ്ക് പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Posted on: July 26, 2013 6:00 am | Last updated: July 26, 2013 at 11:54 am

വടകര: സോഷ്യലിസ്റ്റ് ജനതയിലെ ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ബേങ്ക് പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി.

സോഷ്യലിസ്റ്റ് ജനത പ്രേംനാഥ് പക്ഷത്തെ പ്രമുഖ നേതാവും ചോമ്പാല്‍ സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റുമായ പി നാണുമാസ്റ്ററാണ് ഔദ്യോഗിക വിഭാഗത്തിന്റെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായത്. ഔദ്യോഗിക പക്ഷത്തെ സരള കുന്നുമ്മല്‍, പി പി ചന്ദ്രന്‍, പി കെ രാമചന്ദ്രന്‍, എ കല്യാണി, പി കെ ശ്രീധരന്‍ എന്നീ ഡയറക്ടര്‍മാരാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
സഹകരണ സംഘം സൂപ്രണ്ട് കെ വത്സന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുത്തത്. വോട്ടെടുപ്പില്‍ രണ്ടിനെതിരെ അഞ്ച് വോട്ടുകള്‍ക്ക് പ്രമേയം പാസ്സായി. മൊത്തം ഏഴ് ഡയറക്ടര്‍മാരില്‍ സോഷ്യലിസ്റ്റ് ജനത-അഞ്ച്, പ്രേംനാഥ് പക്ഷം-ഒന്ന്, സി പി എം-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. വന്‍പോലീസ് സന്നാഹത്തിലാണ് അവിശ്വാസ പ്രമേയ ചര്‍ച്ച നടന്നത്.
സോഷ്യലിസ്റ്റ് ജനതയിലെ അഞ്ച് ഡയറക്ടര്‍മാരെ പാര്‍ട്ടി സുരക്ഷാവലയം ഒരുക്കിയാണ് ബേങ്കില്‍ എത്തിച്ചത്. കഴിഞ്ഞ മാസം നടന്ന അഴിയൂര്‍ സര്‍വീസ് സഹകരണ ബേങ്ക് തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് -പ്രേംനാഥ് പക്ഷമായിരുന്നു വിജയിച്ചിരുന്നത്. ഇതേ തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രശ്‌നമാണ് ചോമ്പാല്‍ സര്‍വീസ് സഹകരണ ബേങ്കിലും അവിശ്വാസത്തിലേക്ക് നയിച്ചത്.
ബേങ്ക് തിരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം ബാക്കിനില്‍ക്കെ ഭരണം പിടിച്ചെടുക്കാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമായാണ് അവിശ്വാസം കൊണ്ടുവന്നതെന്ന് പുറത്താക്കപ്പെട്ട പ്രസിഡന്റ് പി നാണുമാസ്റ്റര്‍ പറഞ്ഞു.