ജില്ലയില്‍ സമാധാനാന്തരീക്ഷത്തിന് പോലീസ് നടപടി ശക്തമാക്കി

Posted on: July 26, 2013 6:00 am | Last updated: July 26, 2013 at 11:52 am

കാസര്‍കോട്: കാപ്പ നിയമപ്രകാരം 50 പേരെ അറസ്റ്റുചെയ്യുന്നതിന് പോലീസ് നടപടി തുടങ്ങി. കഴിഞ്ഞ ദിവസം കേരള ആന്റീ സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷ്യന്‍ ആക്ട് പ്രകാരം ചൗക്കി പെരിയഡുക്കയിലെ ബി കെ മണികണ്ഠനെ(25) ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

യുവാവിനെ കൂടാതെ, 50 ഓളം പേരെയാണ് കാപ്പ നിയമ പ്രകാരം ഗുണ്ടാ ആക്ടില്‍ ഉള്‍പെടുത്തുന്നതിനായി സര്‍ക്കാരിലേക്ക് റിപോര്‍ട്ട് അയച്ചിരിക്കുന്നത്. സര്‍ക്കാര്‍ അനുമതിയോടെ കലക്ടറുടെ നിര്‍ദേശ പ്രകാരമാണ് കാപ്പ കേസില്‍ പ്രതികളെ കരുതല്‍ തടങ്കലിലായി ആറുമാസം സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കുന്നത്.
കാസര്‍കോട് സബ് ഡിവിഷന്‍ പരിധിയില്‍ മാത്രമാണ് കാപ്പ കേസില്‍ അറസ്റ്റ് ചെയ്യാനുള്ള 50 ഓളം പേരുള്ളത്. അഞ്ചും അതിലധികവും ക്രിമിനല്‍ കേസില്‍ ഉള്‍പെട്ടവരെയാണ് കാപ്പ കേസില്‍ അറസ്റ്റ് ചെയ്യുന്നതിന് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. കാസര്‍കോട്ട് അക്രമ പ്രവര്‍ത്തനങ്ങളിലും സാമുദായിക സംഘര്‍ഷങ്ങളിലും ഉള്‍പെടുന്നവരെയാണ് കാപ്പ നിയമപ്രകാരം ഇപ്പോള്‍ അറസ്റ്റുചെയ്യാന്‍ പോലീസ് തയ്യാറെടുത്തിരിക്കുന്നത്.
സര്‍ക്കാര്‍ തലത്തിലുള്ള സാങ്കേതികമായ കാലതാമസമാണ് പലരെയും അറസ്റ്റ് ചെയ്യുന്നതിനുള്ള അനുമതി വൈകുന്നത്. ആറു മാസം തടവു കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ വീണ്ടും അക്രമത്തിന് മുതിരുകയോ ഏതെങ്കിലും തരത്തില്‍ അക്രമത്തിന് പ്രോത്സാഹനം നല്‍കുകയോ ചെയ്തതായി തെളിഞ്ഞാല്‍ അവരെ വീണ്ടും കാപ്പ നിയമപ്രകാരം അറസ്റ്റുചെയ്യാനും പോലീസിന് കഴിയും.
സ്ഥിരം ക്രിമിനലുകളായ മുഴുവന്‍ പേരെയും ഇത്തരത്തില്‍ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്യാനുള്ള നടപടിയാണ് പോലീസ് സ്വീകരിച്ചിരിക്കുന്നതെന്ന് കാസര്‍കോട് ഡി വൈ എസ് പി മോഹനചന്ദ്രന്‍ പറഞ്ഞു.