തീവണ്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ച സംഭവം: കഞ്ചിക്കോട് മേഖലയാകെ നടുക്കി

Posted on: July 26, 2013 6:00 am | Last updated: July 26, 2013 at 11:13 am

കഞ്ചിക്കോട്: തീവണ്ടിയിടിച്ച്് സുഹൃത്തുക്കളായ മൂന്ന് യുവാക്കള്‍ മരിച്ച വിവരം കഞ്ചിക്കോട് മേഖലയെ നടുക്കി. രാവിലെ പെയ്ത കനത്തമഴയാണ് ഇവരെ ദുരന്തത്തിലേക്ക് നയിച്ചത്.മഴയുടെ ശബ്ദത്തില്‍ പാസഞ്ചര്‍ ട്രെയിന്‍ പിന്നില്‍നിന്ന് വരുന്നതറിയാതെ ഇവര്‍ മരണത്തിലേക്ക് നടന്നടുക്കുകയായിരുന്നു. തീവണ്ടിയിടിച്ച് റെയില്‍വേ ട്രാക്കില്‍ കിടന്നയാളുടെ മൃതദേഹം കണ്ടുവരികയായിരുന്നു മൂവരും.
ഇരുഭാഗവും വിജനവും ചെറിയ വളവും നിറഞ്ഞ സ്ഥലമാണ് മായപ്പള്ളത്തോടെ കടന്നുപോകുന്ന റെയില്‍വേ ട്രാക്ക്. ഇവിടെയാണ് മൃതദേഹം കിടന്നിരുന്നത്. ഇവിടെനിന്നും നടന്നുവരുന്നതിനിടെ പിന്നില്‍നിന്നാണ് ഇവരെ തീവണ്ടിയിടിച്ചത്. സംഭവം അറിഞ്ഞ് നൂറു കണക്കിനുപേരാണ് സ്ഥലത്തേക്ക് ഓടിയെത്തിയത്. ആദ്യമെത്തിയ പരിസരവാസികള്‍ പ്രതീഷിന്റെ ദേഹത്ത് അനക്കമുള്ളതറിഞ്ഞ് സമീപത്തെ സ്വകാര്യവ്യക്തിയുടെ വാഹനത്തില്‍ കയറ്റി പാലക്കാട്ടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ജീവന്‍രക്ഷിക്കാനായില്ല. വഴിമധ്യേ മരിച്ചു.
പുലര്‍ച്ചെ വീട്ടില്‍നിന്നിറങ്ങിയ യുവാക്കളുടെ മരണവാര്‍ത്തയറിഞ്ഞാണ് നാട് ഉണര്‍ന്നത്.മൂവരും ഉറ്റ സുഹൃത്തുക്കളും അയല്‍വാസികളുമായിരുന്നു. നാട്ടിലെ ഏതുകാര്യങ്ങള്‍ക്കും ഇവര്‍ മുമ്പന്തിയിലുണ്ടാവുമായിരുന്നു. ദുരന്തത്തിലും മൂവരും ഒന്നിച്ചത് പ്രദേശവാസികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. തീവണ്ടിയിടിച്ച് മരിച്ച അജ്ഞാതനെ തിരിച്ചറിഞ്ഞു. അപകടം നടന്ന സ്ഥലം വളവും ആനകളിറങ്ങുന്ന സ്ഥലമാണ്. ചതുപ്പതായതിനാല്‍ ട്രാക്കിലൂടെ മാത്രമേ നടക്കാന്‍ സാധ്യതമായതും അപകടത്തിന് ആക്കം കൂട്ടി. കോയമ്പത്തൂര്‍ അമ്മന്‍നഗര്‍ പുളിയംകുളം രാമന്‍നായരുടെ മകന്‍ രാജനാണ്(43)മരിച്ചത്.
ചേലക്കര ഭാര്യ വീട്ടില്‍ നിന്ന് തിരിച്ച് പോകുന്നതിനിടെയാണ് ആലപ്പി- ചെന്നൈ തീവണ്ടിയില്‍ പോകുന്നതിനിടെയാണ് രാജന്‍ കൊയ്യാമരക്കാട്ടില്‍ വെച്ച് വീണ് മരിച്ചതെന്ന് സംശയിക്കുന്നു.