കുട്ടികളുടെ സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒരു ശതമാനം പോലും ചെലവഴിക്കുന്നില്ല

Posted on: July 26, 2013 12:36 am | Last updated: July 26, 2013 at 12:36 am

ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികളുടെ സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ മൊത്തം ചെലവിന്റെ ഒരു ശതമാനം പോലും ചെലവഴിക്കുന്നില്ലെന്ന് കണക്കുകള്‍. 17 കോടിയിലേറെ കുട്ടികളുടെയും കൗമാരക്കാരുടെയും ജീവിതം മോശമായ സാഹചര്യത്തിലാണെന്നും ശിശുക്ഷേമ പ്രവര്‍ത്തകര്‍ പറയുന്നു. 
കുട്ടികളുടെയും കൗമാരപൂര്‍വ പ്രായക്കാരുടെയും സംരക്ഷണത്തിനും അവകാശത്തിനുമായി സര്‍ക്കാര്‍ മൊത്തം ചെലവിന്റെ 0.034 ശതമാനമാണ് ചെലവഴിക്കുന്നതെന്ന് ബാലവേലവിരുദ്ധ പ്രവര്‍ത്തക ശാന്ത സിന്‍ഹ പറഞ്ഞു. കുട്ടികളുടെ ക്ഷേമത്തിനും അവകാശത്തിനും വേണ്ടി ഹര്‍വാദ് സര്‍വകലാശാല ഒരുക്കിയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
14 നും 18 നും ഇടയില്‍ പ്രായമുള്ള 42 ദശലക്ഷം കുട്ടികള്‍ക്ക് വിദ്യാഭ്യാസം പോലും ലഭിക്കുന്നില്ല. ദുരിതപൂര്‍ണവും. യാതൊരുവിധ സുരക്ഷിത്വവുമില്ലാതെയാണ് ഇവരുടെ ജീവിതം. പെണ്‍കുട്ടികള്‍ ശൈശവ വിവാഹത്തിന് ഇരയാകുകയും ലിംഗ വിവേചനം നേരിടുകയും ചെയ്യുന്നു. ഇവരെ സംരക്ഷിക്കാന്‍ സര്‍ക്കാറുകള്‍ രംഗത്ത് വരണം.
സാമൂഹികാടിസ്ഥാനത്തിലുള്ള പരിഹാരമാര്‍ഗങ്ങളാണ് ആരോഗ്യവും പോഷകാഹാരവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ നേരിടാനുള്ള മാര്‍ഗമെന്ന് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ. കെ ശ്രീനാഥ് റെഡ്ഢി പറഞ്ഞു.
സാമ്പത്തിക വ്യവസ്ഥയില്‍ വളര്‍ച്ചയുണ്ടാകുമ്പോള്‍ അതിന്റെ ഗുണം എല്ലാ വിഭാഗം പൗരന്മാര്‍ക്കും ലഭിക്കണമെന്ന് ചില്‍ഡ്രന്‍സ് ആന്‍ഡ് ഗ്ലോബല്‍ അഡ്വേഴ്‌സറി റിസര്‍ച്ച് പ്രോഗ്രാം ഡയറക്ടര്‍ ഡോ. തെരേസ ബേറ്റാന്‍കോര്‍ട് പറഞ്ഞു.