ശാസ്ത്ര പഠന മികവിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ നുതന പദ്ധതികള്‍

Posted on: July 26, 2013 12:35 am | Last updated: July 26, 2013 at 12:35 am

തേഞ്ഞിപ്പലം: വര്‍ഷത്തില്‍ രണ്ട് തവണ പ്രവേശനം നല്‍കുന്ന കാര്യം പരിശോധിക്കുമെന്നും കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ ശാസ്ത്ര പഠനവകുപ്പുകളിലെ എല്ലാ പി ജി കോഴ്‌സുകളുടെയും സിലബസ്, പ്രവേശ യോഗ്യതകള്‍, ഫീസ് നിരക്ക്, തുടങ്ങിയ എല്ലാ വിശദാംശങ്ങളും സമഗ്രമായി ഉള്‍പ്പെടുത്തിയ പുസ്തകം തയ്യാറാക്കി പ്രസിദ്ധീകരിക്കാനും നടപടി സ്വീകരിക്കണമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുസ്സലാം നിര്‍ദ്ദേശം നല്‍കി. പഠനവകുപ്പുകളിലെ ശാസ്ത്ര അധ്യാപകരുടെ സമ്പൂര്‍ണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു വൈസ് ചാന്‍സലര്‍.
പഠനവകുപ്പുകളിലെ എല്ലാ പ്രൊഫസര്‍മാര്‍ക്കും വെബ്‌സൈറ്റ് തയ്യാറാക്കി പാഠ്യപദ്ധതിയെ കുറിച്ചും ഗവേഷണങ്ങളെ കുറിച്ചും മറ്റുമുള്ള വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നത് വിദ്യാര്‍ഥി സമൂഹത്തിനും പൊതുസമൂഹത്തിനും സഹായകമാകും.
പരമ്പരാഗത രീതികളില്‍ നിന്ന് വ്യത്യസ്തമായ സംവിധാനങ്ങളും ശൈലികളും പഠന മേഖലയില്‍ ആവിഷ്‌കരിക്കേണ്ടതുണ്ട് വൈസ് ചാന്‍സിലര്‍ പറഞ്ഞു.
സര്‍വകലാശാലയിലെ പ്രൊഫസര്‍മാരുടെ മികച്ച പ്രഭാഷണങ്ങളും ക്ലാസുകളും നവീന സാങ്കേതിക സംവിധാനങ്ങളുപയോഗിച്ച് എല്ലാ കോളജുകളിലേയും വിദ്യാര്‍ഥികള്‍ക്കും ലഭ്യമാക്കും. ക്യാമ്പസിലെയും 400 ലേറെ കോളജുകളിലെയും സമാന വിഷയങ്ങളിലെ അധ്യാപകര്‍ ചേര്‍ന്ന കൂട്ടായ്മകള്‍ രൂപവത്കരിക്കുന്നതിനും ഡോ. എം അബ്ദുസ്സലാം നിര്‍ദ്ദേശം നല്‍കി.
പ്രാക്ടിക്കലുകള്‍ക്കും ക്ലാസുകള്‍ക്കും ഗവേഷക വിദ്യാര്‍ഥികളുടെ സേവനം കൂടി ഉപയോഗിക്കുന്ന കാര്യം പരിഗണിക്കുമെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു. പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ.കെ രവീന്ദ്രനാഥ്, സയന്‍സ് ഡീന്‍ പ്രൊഫ.എംവി.ജേസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.