ഭക്ഷ്യ സുരക്ഷാ നിയമം: 55 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ നഷ്ടമാകുമെന്ന്

Posted on: July 26, 2013 12:33 am | Last updated: July 26, 2013 at 12:33 am

മലപ്പുറം: ഭക്ഷ്യ സുരക്ഷാ നിയമം കേരളത്തില്‍ നടപ്പാക്കുമ്പോള്‍ സംസ്ഥാനത്തെ 55 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന് കേരള സ്റ്റേറ്റ് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 
88 ലക്ഷത്തോളം കാര്‍ഡ് ഉടമകളാണ് കേരളത്തിലുള്ളത്. ഭക്ഷ്യസുരക്ഷാ നിയമത്തെ തുടര്‍ന്ന് 35 ലക്ഷത്തോളം കാര്‍ഡ് ഉടമകള്‍ മാത്രമായിരിക്കും നിയമത്തിന്റെ പരിധിയില്‍ വരിക. മൂന്ന് രൂപ നിരക്കിലായിരിക്കും കാര്‍ഡ് ഉടമകള്‍ക്ക് അരി ലഭിക്കുക. റേഷന്‍ വ്യാപാരികള്‍ ഒരു രൂപക്ക് നല്‍കുന്ന അരി 8.90 രൂപക്ക് കാര്‍ഡ് ഉടമകള്‍ വാങ്ങുകയും സബ്‌സിഡി തുക ബേങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് മുഴുവന്‍ കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍ ലഭിക്കാതിരിക്കുകയും ഉയര്‍ന്ന നിരക്കില്‍ റേഷന്‍ കടകളില്‍ നിന്നും അരി വാങ്ങേണ്ടി വരികയും ചെയ്യും.
ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം റേഷന്‍ നല്‍കാന്‍ സാധിക്കാതെ വന്നാല്‍ കാര്‍ഡ് ഉടമകള്‍ക്ക് സബ്‌സിഡി നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് വ്യാപാരികളെ പ്രതികൂലമായി ബാധിക്കുമെന്നും ഡിപ്പോകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നും അവര്‍ പറഞ്ഞു. കമ്മീഷന്‍ ഇനത്തില്‍ റേഷന്‍ വ്യാപാരികള്‍ക്ക് 45 കോടിയോളം രൂപയാണ് സര്‍ക്കാറില്‍ നിന്ന് ലഭിക്കാനുള്ളത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ രണ്ട് മാസത്തിനകം കുടിശ്ശിക പൂര്‍ണമായി നല്‍കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെയും ലഭിച്ചിട്ടില്ല.
റേഷന്‍ വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം കാണുന്നതിനായി കമ്മീഷനെ നിയോഗിച്ചിരുന്നെങ്കിലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. സെപ്തംബറിന് മുന്നോടിയായി കുടിശ്ശിക തീര്‍ക്കാന്‍ തയാറായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി റേഷന്‍ വ്യാപാരികള്‍ അനിശ്ചിത കാലത്തേക്ക് കടകള്‍ അടച്ച് സമരം നടത്തുമെന്നും അവര്‍ പറഞ്ഞു. അടുത്തമാസം 18ന് കോഴിക്കോട് ചേരുന്ന സംസ്ഥാനത്തെ റേഷന്‍ വ്യാപാരികളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ സമരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് രൂപം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ ഭാരവാഹികളായ കാടാമ്പുഴ മൂസ, കെ ഉമര്‍, കെ അബൂബക്കര്‍, കെ നന്ദകുമാര്‍, പി പി ബാവക്കുട്ടി പങ്കെടുത്തു.