അസാന്‍ജെ ആസ്‌ത്രേലിയയില്‍ പാര്‍ട്ടി രൂപവത്കരിക്കുന്നു; വിക്കിലീക്‌സിന്റെ സെനറ്റ് സ്ഥാനാര്‍ഥിയായി മലയാളി

Posted on: July 25, 2013 11:34 pm | Last updated: July 25, 2013 at 11:34 pm

Julian-Assange-007കാന്‍ബെറ: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ തുടക്കമിടുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യന്‍ വംശജര്‍. മലയാളിയായ സുരേഷ് രാജന്‍, മലേഷ്യയില്‍ ജനിച്ച ബംഗാളി വേരുകളുള്ള ബിനോയ് കംപാര്‍ക്ക് എന്നിവരാണ് വിക്കിലീക്‌സ് സ്ഥാനാര്‍ഥികളായി ആസ്‌ത്രേലിയന്‍ സെനറ്റിലേക്ക് മത്സരിക്കുക.

സാമ്പത്തിക വിദഗ്ധനും അഭിഭാഷകനുമാണ് സുരേഷ് രാജന്‍. എത്‌നിക് കമ്മ്യൂണിറ്റീസ് കൗണ്‍സില്‍ മുന്‍ തലവനായ സുരേഷ് രാജന്‍, നാഷനല്‍ എത്‌നിക് ഡിസെബിലിറ്റി അലൈന്‍സിന്റെ പ്രസിഡന്റും മാധ്യമങ്ങളില്‍ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നയാളുമാണ്. ആര്‍ എം ഐ ടി സര്‍വകലാശാലയിലെ അധ്യാപകനാണ് ബിനോയ്. ഏഴ് സ്ഥാനാര്‍ഥികളാകും വിക്കിലീക്‌സിനുണ്ടാകുക. മൂന്ന് പേര്‍ വനിതകളാണ്.
ഇന്നലെയാണ് വിക്കിലീക്‌സിന്റെ സെനറ്റ് സ്ഥാനാര്‍ഥികളെ ജൂലിയന്‍ അസാന്‍ജെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ വര്‍ഷം അവസാനത്തോടെയാണ് സെനറ്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുന്ന അസാന്‍ജെ സ്‌കൈപ് സംവിധാനമുപയോഗിച്ചാണ് പാര്‍ട്ടിക്ക് വിക്കിലീക്‌സ് തുടക്കമിടുന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
വിക്‌ടോറിയയില്‍ നിന്നുള്ള മൂന്ന് സ്ഥാനാര്‍ഥികളില്‍ ഒരാളിയിരിക്കും അസാന്‍ജെ. ഈ മാസം അവസാനത്തോടെ ആസ്‌ത്രേലിയന്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യും. ന്യൂ സൗത്ത് വെയ്ല്‍സ്, പടിഞ്ഞാറന്‍ ആസ്‌ത്രേലിയ എന്നിവിടങ്ങളിലാണ് വിക്കിലീക്‌സിന്റെ മറ്റ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുക. ഔദ്യോഗിക പ്രചാരണം ആരംഭിച്ചതായി വിക്കിലീക്‌സ് വക്താവ് അറിയിച്ചു.