Connect with us

Editorial

ബഹുരാഷ്ട്ര കുത്തകകളെ നിയന്ത്രിക്കണം

Published

|

Last Updated

ചെറുകിട വ്യാപാര മേഖലയില്‍ വിദേശ വ്യാപാര ഭീമന്മാരുടെ വരവ് ഇന്ത്യയിലെ ചെറുകിട, ഇടത്തരം വ്യവസായങ്ങളെ എങ്ങനെ ബാധിക്കുമെന്ന് പഠിക്കാന്‍ “റീട്ടെയില്‍ റെഗുലേറ്ററി അതോറിറ്റി” രൂപവത്കരിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നു വന്നിരിക്കുന്നു. വ്യവസായ മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലിമെന്റ് സമിതി ഇതുസംബന്ധിച്ച നിര്‍ദേശം കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചതായി സമിതി ചെയര്‍മാന്‍ തിരുച്ചി ശിവയാണ് അറിയിച്ചത്. കുത്തകകളുടെ കടന്നു വരവ് രാജ്യത്തെ ചില്ലറ വ്യാപാര രംഗത്ത് ശോഷിപ്പ് സൃഷ്ടിക്കുമ്പോള്‍, വിദേശ കമ്പനികള്‍ വിലയില്‍ കൃത്രിമം കാണിക്കാന്‍ ഇടയുണ്ടെന്നും അവര്‍ നിശ്ചയിക്കുന്ന വിലക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുമെന്നും തിരുച്ചി ശിവ ചൂണ്ടിക്കാട്ടി. കര്‍ഷകര്‍ക്ക് കുറഞ്ഞ വില നല്‍കുന്നതും ഉപഭോക്താക്കളില്‍ നിന്ന് അമിതവില ഈടാക്കുന്നതും തടയാന്‍ ബഹുരാഷ്ട്ര കുത്തകകളെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.
കൃഷി കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖലയാണ് ചെറുകിട വ്യാപാരം. നാല് കോടി പേര്‍ നേരിട്ടും 16 കോടി പരോക്ഷമായും ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നുണ്ടെന്നാണ് കണക്ക്. വിദേശ കുത്തകകളുടെ കടന്നുവരവ് രാജ്യത്തെ ചെറുകിട വ്യാപാരികളെ കുത്തുപാളയെടുപ്പിക്കുമെന്നും കര്‍ഷകരെയും ചെറുകിട വ്യവസാകളെയും ദോഷകരമായി ബാധിക്കുമെന്നും പ്രതിപക്ഷ കക്ഷികളും സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാണിച്ചതാണ്. എന്നാല്‍ വിലക്കയറ്റവും നാണയപ്പെരുപ്പവും നിയന്ത്രിക്കാന്‍ ബഹുരാഷ്ട്ര കമ്പനികളുടെ കടന്നുവരവ് സഹായിക്കുമെന്ന അവകാശ വാദത്തില്‍ മന്‍മോഹന്‍ സര്‍ക്കാര്‍ അതിനനുമതി നല്‍കുകയായിരുന്നു. വാള്‍മാര്‍ട്ടിനെപോലുള്ള ബഹുരാഷ്ട്ര കമ്പനികള്‍ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില നല്‍കുകയും കുറഞ്ഞ വിലക്ക് ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുമെന്നും അങ്ങനെ വിലക്കയറ്റം നിയന്ത്രിച്ചു നിര്‍ത്താനാകുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.
ഇതൊരു വ്യാമോഹമാണെന്നാണ് ചൈന, മലേഷ്യ, തായ്‌ലന്‍ഡ് തുടങ്ങിയ രാഷ്ട്രങ്ങളിലെ അനുഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയ ഇവിടങ്ങളില്‍ ബഹുരാഷ്ട്ര ഭീമന്മാര്‍ ആഭ്യന്തര വിപണിയെ കൈയടക്കുന്ന സ്ഥിതി സംജാതമാകുകയുണ്ടായി. അവരുടെ കടന്നാക്രമണത്തിന് തടയിടാന്‍ ഒടുവില്‍ പുതിയ നിയമനിര്‍മാണത്തിന് ഈ രാജ്യങ്ങള്‍ നിര്‍ബന്ധിതമാകുകയായിരുന്നു. വിദേശ കമ്പനികള്‍ തുടക്കത്തില്‍ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില നല്‍കിയേക്കാം. കമ്പോളം കൈയടക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി വില്‍പന വില കുറക്കുകയും ചെയ്യും. ഇതുവഴി ചില്ലറ വ്യാപാരമേഖലയില്‍ നിന്നും രാജ്യത്തെ ദശലക്ഷക്കണക്കിന് കച്ചവടക്കാര്‍ പുറംതള്ള പ്പെടുന്നതോടെ കുത്തകകളുടെ യഥാര്‍ഥ മുഖം വെളിപ്പെടും. കമ്പോളത്തില്‍ ആധിപത്യം കൈവരുന്ന മുറക്ക് കര്‍ഷകരുടെ ഉത്പന്നങ്ങളുടെ വിലയും ഉപഭോക്താക്കള്‍ നല്‍കേണ്ട വിലയും നിശ്ചയിക്കാനുള്ള പൂര്‍ണ അധികാരം അവരില്‍ നിക്ഷിപ്തമാകും. നേരത്തെ പ്രതിപക്ഷ കക്ഷികള്‍ മുന്നറിയിപ്പ് നല്‍കിയ ഇക്കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ വ്യവസായ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സമിതി ചൂണ്ടിക്കാണിച്ചത്.
ഇന്ത്യയിലെ മൊത്തം കയറ്റുമതിയുടെ 40 ശതമാനവും മൊത്തം ഉത്പാദനത്തിന്റെ 45 ശതമാനവും സംഭാവന ചെയ്യുന്നത് ചെറുകിട ഇടത്തരം മേഖലയാണ്. നിലവില്‍ 2.6 കോടി യൂനിറ്റുകളിലൂടെ രാജ്യത്ത് 5.90 കോടി പേര്‍ക്ക് ഈ മേഖല തൊഴില്‍ ലഭ്യമാക്കുന്നുണ്ട്. 6000ത്തോളം ഉത്പന്നങ്ങളോ സേവനങ്ങളോ നല്‍കുന്നതും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് പരമപ്രധാനമാവുമായ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഉത്പന്നങ്ങളുടെ ആഭ്യന്തര വില്‍പ്പനയില്‍ പ്രധാന പങ്ക് വഹിക്കുന്നത് ചില്ലറ വ്യാപാര മേഖലയാണ്. ബഹുരാഷ്ട്ര കുത്തകകള്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനല്ല, സ്വരാജ്യങ്ങളിലെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനായിരിക്കും താത്പര്യമെടുക്കുന്നത്. വാള്‍മാര്‍ട്ടിന്റെ ചില്ലറ വില്‍പ്പന ശൃംഖലയിലൂടെ വിറ്റഴിക്കുന്ന വസ്തുക്കളില്‍ 30 ശതമാനം ഇന്ത്യയിലെ ചെറുകിട വ്യവസായികളില്‍ നിന്ന് സംഭരിക്കണമെന്ന യു പി എ സര്‍ക്കാറിന്റെ വ്യവസ്ഥ അംഗീകരിക്കാനാകില്ലെന്ന വാള്‍മാര്‍ട്ടിന്റെ നിലപാടില്‍ നിന്ന് ഇത് വ്യക്തമാണ്. രാജ്യത്തെ ചെറുകിട വ്യവസായികളുടെ ഉത്പന്നങ്ങള്‍ ഇരുപത് ശതമാനം മാത്രമേ സംഭരിക്കുകയുള്ളുവെന്നാണ് അവര്‍ സര്‍ക്കാറിനെ അറിയിച്ചിരിക്കുന്നത്. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിലെ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ വാപകമായി വിറ്റഴിക്കപ്പെടുകയും ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വിപണി നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമായിരിക്കും അനന്തര ഫലം. ബഹുരാഷ്ട്ര കുത്തകകളുടെ കടന്നാക്രമണം തടയാന്‍ റീട്ടെയില്‍ റെഗുലേറ്ററി അതോറിറ്റി പോലുള്ള സംരംഭങ്ങള്‍ അനിവാര്യമാണ്.

Latest