Connect with us

Ongoing News

വിവാദ സര്‍ക്കുലര്‍: അനന്തര നടപടികള്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷമെന്ന് വിദ്യാഭ്യാസ മന്ത്രി

Published

|

Last Updated

തിരുവനന്തപുരം: വിവാദ സര്‍ക്കുലറുമായി ബന്ധപ്പെട്ട് ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ വിശദീകരണം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് ലഭിച്ചാല്‍ അനന്തര നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുര്‍റബ്ബ് പറഞ്ഞു. ഇതുസംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനം സംബന്ധിച്ച് പുറത്തിറക്കിയ പുതിയ സര്‍ക്കുലര്‍ വിവാദമായതിനെ തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറോട് വിശദീകരണം തേടിയിരുന്നു. ഇതുപ്രകാരം ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് നല്‍കിയ വിശദീകരണം പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതു ലഭിച്ച ശേഷം അനന്തര നടപടികള്‍ സ്വീകരിക്കും. ഇക്കാര്യം ഇന്നലെ വിദ്യാഭ്യാസ സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയിരുന്നു. റിപ്പോര്‍ട്ടിലെ ഉള്ളടക്കം സംബന്ധിച്ച് ഇപ്പോള്‍ അഭിപ്രായം പറയാനാകില്ല. എന്നാല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ നടപടി ശരിയായില്ലെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നു.
ഒരു ഉദ്യോഗസ്ഥന്‍ പാലിക്കേണ്ട മര്യാദകള്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ പാലിച്ചില്ല. സംസ്ഥാനത്തെ മൊത്തം ബാധിക്കുന്ന പ്രധാന വിഷയങ്ങളില്‍ സര്‍ക്കുലറുകള്‍ പുറത്തിറക്കുമ്പോള്‍ ഉയയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യണമായിരുന്നു. മന്ത്രിയെ അറിയിച്ചില്ലെങ്കിലും വകുപ്പ് സെക്രട്ടറിയുമായെങ്കിലും ചര്‍ച്ച ചെയ്യണമായിരുന്നു.
ഒരു സര്‍ക്കുലറിന്റെ പേരില്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനാകില്ലെങ്കിലും ഇക്കാര്യത്തില്‍ റിപ്പോര്‍ട്ടിന് ശേഷം ആവശ്യമെങ്കില്‍ നടപടികള്‍ സ്വീകരിക്കും. എയിഡഡ് മേഖലയിലെ നിയമനവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ട്. എങ്കിലും നിയമനങ്ങളുമായി ബന്ധപ്പെട്ട് ചട്ടവിരുദ്ധമായ പല കാര്യങ്ങളും നടക്കുന്നുണ്ടെന്നാണറിയുന്നത്. എന്നാല്‍ നിയമനങ്ങളിലെ അപാകം സംബന്ധിച്ച് തനിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കുലര്‍ ഇറക്കുന്നതിന് മുമ്പ് ശരിക്കുള്ള കൂടിയാലോചന വേണമായിരുന്നു.
സെക്രട്ടറി പോലും അറിയാതെ സ്വന്തം നിലക്ക് ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയതിനെയാണ് വിമര്‍ശിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയതിന് പിന്നില്‍ എന്തെങ്കിലും പ്രേരണയുണ്ടോയെന്ന് അറിയില്ല. സ്വകാര്യ കോളജ് അധ്യാപക നിയമനങ്ങളില്‍ ക്രമക്കേട് നടക്കുന്നുവെന്ന് കാട്ടി വിജിലന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. പുതുതായി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ അനുവദിക്കുന്നതിനുള്ള സൂക്ഷ്മപരിശോധന നടന്നു വരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest