Connect with us

Malappuram

പ്രതീക്ഷകളുടെ മുച്ചക്ര സൈക്കിളിലേറി അബ്ദുര്‍റഹ്മാന്‍

Published

|

Last Updated

മലപ്പുറം:നിറമുള്ള സ്വപ്‌നങ്ങളുടെ ഭാരവും പേറി മുച്ചക്ര സൈക്കിളില്‍ സഞ്ചരിക്കുകയാണ് അബ്ദുര്‍റഹ്മാന്‍. ഒപ്പം മൂന്ന് മക്കളും. രാവും പകലും തെരുവില്‍ അലഞ്ഞ് ഒരു നേരത്തെ അന്നത്തിന് വകയുണ്ടാക്കുകയാണ് മൂന്ന് മക്കളുമായി അബ്ദുര്‍റഹ്മാന്‍ എന്ന പിതാവ്. കാണ്‍പൂര്‍ സ്വദേശിയായ അബ്ദുര്‍റഹ്മാന് 13 വര്‍ഷം മുമ്പുണ്ടായ അപകടത്തില്‍ നഷ്ടമായത് വലതു കാലായിരുന്നു. ജീവിതം തന്നെ അവസാനിച്ചെന്നു തോന്നിയ നിമിഷമായിരുന്നു അത്. നീണ്ട രണ്ട് വര്‍ഷത്തെ ആശുപത്രി വാസത്തിന് ശേഷം പുറത്തിറങ്ങുമ്പോള്‍ അബ്ദുര്‍റഹ്മാന്‍ ജീവിതത്തിന് മുന്നില്‍ ആദ്യമായി പകച്ചു നിന്നു. ഒടുവില്‍ ഭാര്യ റാബിയക്ക് കുടുംബത്തിന്റെ പട്ടിണിമാറ്റാന്‍ കൂലിവേലക്കിറങ്ങേണ്ടി വന്നു. ഇരുള്‍ പരക്കുവോളം ജോലി ചെയ്ത് ഭര്‍ത്താവിനെയും മക്കളെയും സംരക്ഷിച്ചെങ്കിലും ഒടുവില്‍ രോഗം അവരെയും തളര്‍ത്തി. തോരാത്ത കണ്ണീര്‍ സമ്മാനിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവിനെയും മക്കളെയും തനിച്ചാക്കി റാബിയ കണ്ണടച്ചു. ഇതോടെ അബ്ദുര്‍റഹ്മാന്റെ മുന്നില്‍ മറ്റു വഴികളൊന്നുമില്ലായിരുന്നു.

സര്‍ക്കാര്‍ നല്‍കിയ മുച്ചക്ര സൈക്കളുമായി തെരുവുകള്‍ തോറും അലഞ്ഞ് ഭിക്ഷ യാചിച്ചു. പരിചിത മുഖങ്ങളില്‍ നിന്ന് രക്ഷനേടി കാണ്‍പൂരില്‍ നിന്ന് മംഗലാപുരത്തേക്ക് മക്കളെയുമായി ട്രെയിന്‍ കയറി. പിന്നീട് ചെന്നെത്തുന്നിടമെല്ലാം അവരുടെ വീടായിരുന്നു. കട വരാന്തകളില്‍ അന്തിയുറങ്ങുമ്പോഴും ഈ പിതാവിന്റെ ഖല്‍ബ് പിടച്ചുകൊണ്ടിരിക്കും. പത്തൊന്‍പതുകാരിയായ മകളുടെ കണ്ണീര് തുടക്കാന്‍ കഴിയാത്ത സങ്കടമോര്‍ത്ത്. ഉപ്പയെ വേദനിപ്പിക്കരുതെന്ന് കരുതി ആഇശ എല്ലാ ദു:ഖങ്ങളും കടിച്ചമര്‍ത്തി അനിയന്‍മാരായ അര്‍മാനും ജിഷാനുമായി കളിതമാശകളില്‍ ഏര്‍പ്പെടും. കുഞ്ഞനിയന്‍മാര്‍ക്ക് ഉമ്മയുടെ സ്‌നേഹം പകരുന്നതിപ്പോള്‍ ആഇശയാണ്. അവര്‍ക്ക് ഭക്ഷണം നല്‍കിയും കുളിപ്പിച്ചും കഥ പറഞ്ഞു കൊടുത്തും അറിയാത്ത മാതൃസ്‌നേഹത്തിന്റെ തണല്‍ വിരിക്കുകയാണ് ആഇശ. പലപ്പോഴും അര്‍മാന്റെയും ജിഷാന്റെയും വാശികള്‍ക്ക് മുമ്പില്‍ ഈ പെണ്‍കുട്ടിക്ക് പിടിച്ചു നില്‍ക്കാനാകാറില്ല. അപ്പോള്‍ അവള്‍ മനസ്സില്‍ ഓര്‍ക്കും തങ്ങളുടെ ഉമ്മയുണ്ടായിരുന്നുവെങ്കിലെന്ന്. മംഗലാപുരത്ത് നിന്ന് പാലക്കേട്ടേക്കുള്ള യാത്രയില്‍ മലപ്പുറത്ത് വെച്ചാണ് ഇവരെ കണ്ടത്. ഒരു കാലില്ലാത്തതിനാല്‍ തനിയെ സൈക്കിള്‍ ചവിട്ടാനാകുന്നില്ല അബ്ദുര്‍റഹ്മാന്. മക്കള്‍ പിന്നില്‍ നിന്ന് തള്ളിയും മുന്നില്‍ കയറ് കെട്ടി വലിച്ചുമാണ് ഇവരുടെ സഞ്ചാരം. ഇതിനിടയില്‍ ലഭിക്കുന്ന നാണയ തുട്ടുകളിലാണ് ഈ നാല് ജീവിതങ്ങള്‍ മുന്നോട്ട് പോകുന്നത്. മകള്‍ ആഇശയുടെ വിവാഹം കഴിഞ്ഞാല്‍ തന്റെ വേദനകള്‍ പകുതി കുറയുമെന്നാണ് ഈ പിതാവിന്റെ പ്രതീക്ഷ. അതിന് വേണ്ടിക്കൂടിയാണ് ഇപ്പോഴത്തെ ഈ അലച്ചില്‍. പിന്നെയുള്ളത് ആണ്‍കുട്ടികളായതിനാല്‍ അവര്‍ എങ്ങനെയെങ്കിലും ജീവിക്കുമെന്നും അബ്ദുര്‍റഹ്മാന്‍ പറയുന്നു.

---- facebook comment plugin here -----