മിനയിലെ ഏറ്റവും സന്തോഷമുള്ള ജനത യു എ ഇയില്‍

Posted on: July 24, 2013 9:16 pm | Last updated: July 24, 2013 at 9:16 pm

ദുബൈ: മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക(മിന) മേഖലയിലെ ഏറ്റവും സന്തോഷമുള്ള ജനത ജീവിക്കുന്നത് യു എ ഇയിലെന്ന് പഠനം. മിഡില്‍ ഈസ്റ്റിലെ തൊഴില്‍ സൈറ്റായ ബെയ്ത് ഡോട്ട് കോം നടത്തിയ പഠനത്തിലാണ് മേഖലയില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ സന്തോഷത്തോടെ കഴിയുന്ന രാജ്യമായി യു എ ഇ തിരഞ്ഞെടുക്കപ്പെട്ടത്.
ആരോഗ്യം, തൊഴില്‍, ജീവിത നിലവാരം എന്നിവക്ക് പ്രാധാന്യം നല്‍കിയാണ് സ്വതന്ത്ര ഗവേഷണ കണ്‍സല്‍ട്ടിംഗ് സ്ഥാപനമായ യു ഗോവുമായി ചേര്‍ന്ന് ബെയ്ത് മിന മേഖലയില്‍ സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത യു എ ഇ നിവാസികളില്‍ 13 ശതമാനം രാജ്യത്തെ ജീവിത സാഹചര്യങ്ങളില്‍ അത്യധികം ആഹഌദിക്കുന്നതായി വ്യക്തമാക്കിയപ്പോള്‍ 73 ശതമാനം രാജ്യത്തെ ജീവിത നിലവാരത്തിലും ആരോഗ്യ കാര്യങ്ങളിലും സംതൃപ്തി രേഖപ്പെടുത്തി.
രാജ്യത്ത് ലഭിക്കുന്ന സുരക്ഷിതത്വത്തിലും സംരക്ഷണത്തിലും 66 ശതമാനം ജനങ്ങളും സംതൃപ്തരാണ്. രാഷ്ട്രീയമായ സുസ്ഥിരതയെ 60 ശതമാനം പ്രകീര്‍ത്തിച്ചപ്പോള്‍ അടിസ്ഥാന സൗകര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ 57 ശതമാനം സംതൃപ്തി രേഖപ്പെടുത്തി. വിനോദങ്ങള്‍ക്കും മറ്റുമുള്ള ഉപാധികളില്‍ 55 ശതമാനം ജനങ്ങള്‍ തൃപ്തരാണ്. പൊതുവിലുള്ള ഭൗതിക സാഹചര്യങ്ങളെ 45 ശതമാനം ഇഷ്ടപ്പെടുന്നു.
യു എ ഇക്ക് പുറമേ, സഊദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ഈജിപ്ത്, ലിബിയ, മൊറോക്ക തുടങ്ങിയ 14 രാജ്യങ്ങളിലായി 1,170 പേരിലാണ് ബെയ്ത് സര്‍വേ നടത്തിയത്. ഇതില്‍ പാക്കിസ്ഥാനും ഉള്‍പ്പെടുത്തിയിരുന്നു. ജനങ്ങളുടെ മനോഭാവത്തിലും സ്വഭാവത്തിലും മേഖലയില്‍ രണ്ടാം സ്ഥാനവും യു എ ഇക്കാണ്. സാമ്പത്തികമായി സുസ്ഥിരമായ അവസ്ഥയില്‍ ജീവിക്കാന്‍ സാധിക്കൂന്നുവെന്നതാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേര്‍ക്കും യു എ ഇ ഇഷ്ട രാജ്യമാവാന്‍ ഇടയാക്കുന്നത്. ഇതിന് പിന്തുണ നല്‍കുന്ന മികച്ചതും ദീര്‍ഘവീക്ഷണമുള്ളതുമായ ഭരണ നേതൃത്വമാണ് യു എ ഇയെ ഒന്നാം സ്ഥാനത്തിന് അര്‍ഹമാക്കിയത്. സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാന്‍ സഹായിക്കുന്ന ജീവിതവും ആരോഗ്യകരമായ വ്യക്തിബന്ധങ്ങളും കുടുംബങ്ങളിലെയും സുഹൃദ് ബന്ധങ്ങളിലെയും ഊഷ്മളതയുമെല്ലാം യു എ ഇക്ക് ഒന്നാം സ്ഥാനം ഉറപ്പാക്കാന്‍ സഹായിച്ച ഘടകങ്ങളാണ്.
സര്‍വേയില്‍ പങ്കെടുത്ത 73 ശതമാനവും മികച്ച ആരോഗ്യത്തോടെയാണ് ജീവിക്കുന്നതെന്ന് വെളിപ്പെടുത്തിയപ്പോള്‍ 20 ശതമാനം മാത്രമാണ് ഭേദപ്പെട്ട ആരോഗ്യമാണെന്ന് പറഞ്ഞത്. ആറു ശതമാനം രോഗങ്ങളുള്ളതായി പറഞ്ഞെങ്കിലും രോഗം നിയന്ത്രണ വിധേയമാണെ ന്നും വെളിപ്പെടുത്തി.
40 ശതമാനം ജീവനക്കാര്‍ ജോലിയില്‍ സംതൃപ്തരാണ്. 60 ശതമാനം നിത്യജീവിതത്തില്‍ മാനസിക സമ്മര്‍ദം അനുഭവിക്കുന്നു. 17 ശതമാനം അമിതമായ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതായും പറഞ്ഞു. ജീവിതനിലവാരം ഉയരുന്നതിനൊത്ത് പോകാനുള്ള ബുദ്ധിമുട്ടാണ് മൂന്നില്‍ ഒരു ഭാഗത്തിനും മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കുന്നത്. രാജ്യത്ത് ജോലി നോക്കുന്ന പ്രൊഫഷണലുകളില്‍ 17 ശതമാനം അതീവ സംതൃപ്തരാണ്. 15 ശതമാനം പ്രൊഫഷണലുകള്‍ ജോലി സമയത്തിന്റെ കാര്യത്തില്‍ സന്തോഷവാന്‍മാരാണ്. 14 ശതമാനത്തെ സന്തുഷ്ടരാക്കുന്നത് സഹപ്രവര്‍ത്തകരില്‍ നിന്നുള്ള സഹകരണമാണ്.
എന്നാല്‍ പ്രൊഫഷനലുകളായ 45 ശതമാനത്തിന് ജോലിയില്‍ സംതൃപ്തിയില്ലെന്നതും പഠനം എടുത്തു പറയുന്നു. ജോലിയില്‍ കൂടുതല്‍ ഉയര്‍ച്ചയിലേക്ക് എത്താനുള്ള സാഹചര്യത്തിന്റെ കുറവാണ് ഇവര്‍ക്ക് അസംതൃപ്തി സൃഷ്ടിക്കുന്നത്. വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് വ്യക്തിയുടെ സംതൃപ്തി നിലനില്‍ക്കുന്നതെന്ന് യു ഗോവ് സി ഇ ഒ സുദീപ് ചഹാല്‍ വ്യക്തമാക്കി. ജനങ്ങള്‍ക്ക് ഓരോ രാജ്യത്തും ലഭിക്കുന്ന സുരക്ഷിതത്വബോധമാണ് ഇതില്‍ പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.