എല്‍ ഡി എഫ് പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ അഞ്ച് സി പി എം പ്രവര്‍ക്ക് കഠിന തടവ്‌

Posted on: July 24, 2013 4:52 am | Last updated: July 24, 2013 at 4:52 am

വടകര: കുനിങ്ങാട്ട് വെച്ച് എല്‍ ഡി എഫ് പ്രവര്‍ത്തകനായ പാലത്തിങ്ങല്‍ നൗഷാദിനെ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞ് വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ അഞ്ച് സി പി എം പ്രവര്‍ത്തകരെ വടകര അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചു. ഒന്ന്, രണ്ട്, മൂന്ന്, ആറ്, ഒമ്പത് പ്രതികളായ പൊന്മേരി പറമ്പിലെ കൂടത്തില്‍ ബാലന്‍ (48), കുനിങ്ങാട് മുച്ചേരി മീത്തല്‍ രാജീവന്‍ (43), പൊന്മേരി പറമ്പിലെ മലയില്‍ രഞ്ജിത്ത് (40), മുതുവടത്തൂര്‍ കോട്ടയില്‍ വിനോദന്‍ (35), കുനിങ്ങാട് തയ്യില്‍ നാണു (68) എന്നിവരെയാണ് ജഡ്ജി അനില്‍ കെ ഭാസ്‌കരന്‍ അഞ്ച് വര്‍ഷം കഠിന തടവിനും 50,000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം.
2000 മെയ് രണ്ടിന് രാത്രി പാലത്തില്‍ കുഞ്ഞബ്ദുല്ലയുടെ പൊന്മേരി പറമ്പിലെ വീട്ടില്‍ കയറി ബോംബെറിഞ്ഞ ശേഷം ഇയാളുടെ മകന്‍ നൗഷാദിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസിലാണ് ശിക്ഷ. വീട്ടുമുറ്റത്തെ മതിലില്‍ കിടക്കുകയായിരുന്നു നൗഷാദ്. വീടിന്റെ ജനല്‍ച്ചില്ലുകളും പ്രതികള്‍ തകര്‍ത്തിരുന്നു. കേസിലെ പതിനൊന്നാം പ്രതിയായ തയ്യില്‍ സത്യനെ അക്രമിച്ചതിന്റെ പ്രതികാരമായിട്ടായിരുന്നു നൗഷാദിനെ വെട്ടിയത്.
വടകര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൊത്തം പന്ത്രണ്ട് പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ അഞ്ച് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. പൊന്മേരി പറമ്പില്‍ വടക്കേതിരുവോത്ത് ചന്ദ്രന്‍ (42), മുതുവടത്തൂര്‍ മാണിക്കോത്ത് ബിജു (39), പൊന്മേരി പറമ്പില്‍ ഒന്തമ്മല്‍ ബാബു (46), പൊന്മേരി പറമ്പില്‍ ഈങ്ങാട്ട് പ്രപീഷ് (41), കുനിങ്ങാട് തയ്യില്‍ സത്യന്‍ (47) എന്നിവരെയാണ് വെറുതെ വിട്ടത്. പൊന്മേരി ഒന്തത്ത് ബാബു (45), മേക്കൂട്ടത്തില്‍ മനോജന്‍ (46) എന്നിവര്‍ ജാമ്യത്തിലിറങ്ങി മുങ്ങിയതിനാല്‍ ഇവരുടെ കേസ് കോടതി പിന്നീട് പരിഗണിക്കും.
വിവിധ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.