പെരുവണ്ണാമൂഴി സി ആര്‍ പി എഫ് കേന്ദ്രം: പ്രാരംഭ പരിശീലനം ആഗസ്റ്റ് 20ന് തുടങ്ങും

Posted on: July 24, 2013 4:46 am | Last updated: July 24, 2013 at 4:46 am

പേരാമ്പ്ര: പെരുവണ്ണാമൂഴിയില്‍ ആരംഭിക്കുന്ന സി ആര്‍ പി എഫ് കേന്ദ്രത്തില്‍ പ്രാരംഭ പരിശീലനം അടുത്ത മാസം 20ന് തുടങ്ങും. ഇതിന്റെ മുന്നോടിയായി സി ആര്‍ പി എഫ് സൗത്ത് സോണ്‍ ഐ ജി. എന്‍ ആര്‍ കെ റെഡ്ഢിയും സംഘവും സ്ഥലം സന്ദര്‍ശിച്ചു. കണ്ണൂര്‍ പെരിങ്ങോം സി ആര്‍ പി എഫ് ട്രെയിനിംഗ് സെന്ററില്‍ നിന്ന് പരിശീലനം ലഭിച്ച ഒരു ബറ്റാലിയന്‍ ജവാന്മാരാണ് ആദ്യഘട്ടത്തില്‍ പെരുവണ്ണാമൂഴിയിലെ കേന്ദ്രത്തിലെത്തുന്നത്. ജംഗിള്‍ ട്രെയിനിംഗുമായി ബന്ധപ്പെട്ടാണ് ഇവരെത്തുന്നത്.
ഈ ബറ്റാലിയന്‍ എത്തുന്നതോടെ പെരുവണ്ണാമൂഴി സി ആര്‍ പി എഫ് കേന്ദ്രത്തിന് ഔദ്യോഗിക തുടക്കം കുറിക്കും. ഇറിഗേഷന്‍ വകുപ്പ് വിട്ടുനല്‍കിയ 40 ഏക്കര്‍ സ്ഥലമാണ് കേന്ദ്രത്തിന്റെ ആവശ്യത്തിന് വിനിയോഗിക്കുന്നത്.
ഇവിടെ നിലവിലുള്ള പഴയ കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണി നടത്തി അത്യാവശ്യ സൗകര്യമൊരുക്കും. 20ന് എത്തുന്ന ജവാന്മാര്‍ക്കുള്ള സൗകര്യാര്‍ഥം ടെന്റുകളുടെ പണി 20ന് മുമ്പ് പൂര്‍ത്തിയാകും. കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
ഡി ഐ ജിമാരായ ജേക്കബ് തോമസ്, അജയ് ഭരതന്‍, എ സി പി ദിനേശ് എന്നിവരോടൊപ്പമാണ് ഐ ജി പെരുവണ്ണാമൂഴിയിലെത്തിയത്.