മഞ്ചേരിയിലെ ഗതാഗത പരിഷ്‌കരണത്തില്‍ മാറ്റം

Posted on: July 24, 2013 4:31 am | Last updated: July 24, 2013 at 4:34 am

manjeriമലപ്പുറം: മഞ്ചേരി നഗരത്തില്‍ നടപ്പാക്കിയ ഗതാഗത പരിഷ്‌കരണത്തില്‍ മാറ്റം വരുത്തി. ജില്ലാ കലക്ടര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.
നിലവിലുള്ള പരിഷ്‌കാരത്തെ തുടര്‍ന്നുള്ള പരാതികള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി. പുതിയ പരിഷ്‌കാരങ്ങള്‍ നാളെ നിലവില്‍ വരും. ഇതനുസരിച്ച് പന്തല്ലൂര്‍, പള്ളിപ്പുറം, പുഴങ്കാവ്, പെരുമ്പലം, ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ ഐ ജി ബി റ്റിയില്‍ കയറി കച്ചേരിപ്പടി വഴി പഴയ ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരെ കയറ്റി ഇറക്കി തുറക്കല്‍ ബൈപാസ് വഴി ഐ ജി ബി റ്റിയിലെത്തി സര്‍വീസ് നടത്തണം.
മറ്റ് പരിഷ്‌കാരങ്ങള്‍ക്ക് മാറ്റമില്ല തിരൂര്‍, പെരിന്തല്‍മണ്ണ, മലപ്പുറം, പരപ്പനങ്ങാടി ഭാഗത്ത് നിന്നുള്ള ബസുകള്‍ക്ക് ജനറല്‍ ആശുപത്രിക്ക് മുന്നിലും ഷോണ്‍ ഒപ്റ്റിക്കല്‍സ്‌ന് മുന്നിലുമുള്ള സ്റ്റോപ്പിന് പുറമെ കോഴിക്കോട് റോഡില്‍ ഗേള്‍സ് ഹൈസ്‌കൂളിന് സമീപം സി എസ് ഐ ചര്‍ച്ചിന് മുന്നില്‍ സ്റ്റോപ്പ് അനുവദിച്ചു. ഈ സ്റ്റോപ്പുകളില്‍ നിര്‍ബന്ധമായും യാത്രക്കാരെ ഇറക്കുകയും കയറ്റുകയും വേണം.
കോഴിക്കോട് റോഡില്‍ കെ എസ് ഇ ബി ഓഫീസിന് മുന്നിലുള്ള സ്റ്റോപ്പ് ഒഴിവാക്കിയിട്ടുണ്ട്. സമയം ക്രമീകരിക്കാന്‍ ഐ ജി ബി റ്റി മുതല്‍ സെന്‍ട്രല്‍ ജംഗ്ഷന്‍ വരെ ഇഴഞ്ഞ് നീങ്ങി ഗതാഗത കുരുക്കുണ്ടാക്കുന്ന ബസുകളുടെയും ഒരു ട്രിപ്പിനോടനുബന്ധിച്ച് ഒന്നിലധികം തവണ സെന്‍ട്രല്‍ ജംഗ്ഷനിലൂടെ വന്ന് ആളെ കയറ്റുന്ന ബസുകളുടെയും പെര്‍മിറ്റ് റദ്ദാക്കും. അനധികൃതമായി പാര്‍ക്ക് ചെയ്താലും ഗതാഗത കുരുക്കുണ്ടാക്കുന്ന തരത്തില്‍ വാഹനമോടിച്ചാലും നടപടിയെടുക്കും.
ഇതു വരെയുള്ള ഗതാഗത പരിഷ്‌കാരങ്ങള്‍ അടുത്ത ആര്‍ ടി എ യോഗത്തിന്റെ സാധൂകരണത്തിന് വിധേയമാണ്. എ ഡി എം. പി മുരളീധരന്‍, മഞ്ചേരി സി ഐ. വി എ കൃഷ്ണദാസ്, എം വി ഐ. ഇ മോഹന്‍ദാസ് പങ്കെടുത്തു.