Connect with us

Palakkad

'പത്ത് കിലോ റാഗി നല്‍കി ആദിവാസികളെ പട്ടിണി മരണത്തില്‍ നിന്ന് രക്ഷപ്പെടുത്താനാകില്ല'

Published

|

Last Updated

പാലക്കാട്: ആദിവാസി ഇന്ന് നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ അവകാശപ്പെട്ട ഭൂമി നല്‍കിയാല്‍ മാത്രമേ സാധ്യമാകുകയുള്ളുവെന്ന് ആദിവാസി നേതാക്കള്‍. ഒരു ദിവസം പത്ത് കിലോ റാഗി മാത്രം നല്‍കി ആദിവാസികളെ പട്ടിണി മരണത്തില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന് “ഭരണകൂടം കരുതുന്നത് ശരിയല്ലെന്നും അവര്‍ അറിയിച്ചു.
പരമ്പരാഗത കൃഷിചെയ്തിരുന്ന ആദിവാസികളില്‍ നിന്ന് ഭൂമി തട്ടിയെടുത്തതോടെ ഒരു തുണ്ട് ഭൂമി പോലുമില്ലാതായതാണ് ഇന്നത്തെ പ്രശ്‌നത്തിന് കാരണം. റാഗി, ചോളം, തുവരപരുപ്പ് തുടങ്ങി ധാന്യങ്ങള്‍ മാത്രം ഭക്ഷണ രീതി ശീലിച്ച ആദിവാസികള്‍ക്ക് അത് നഷ്ടപ്പെട്ടതോടെയാണ് ജീവിതം താളം തെറ്റിയത്.
പരമ്പരാഗത “ഭക്ഷണത്തിന് പകരം റേഷന്‍ കടയില്‍ അരി ലഭിക്കുന്നുണ്ടെങ്കിലും അതൊന്നും ശരിയായ രീതിയില്‍ ലഭിക്കുന്നില്ലെന്ന് കേരള മഹിള സമഖ്യ കോ ഓര്‍ഡിനേറ്ററും ആദിവാസി നേതാവുമായ റാമി, പളനി മൂപ്പന്‍, രഘു അട്ടപ്പാടി എന്നിവര്‍ അഭിപ്രായപ്പെട്ടു. അട്ടപ്പാടിയില്‍ ശിശുമരണങ്ങളുണ്ടായ സഹാചര്യത്തില്‍ പത്ത് കിലോ റാഗി തന്നതൊഴിച്ചാല്‍ പിന്നീട് ഒന്നും ലഭിച്ചിട്ടില്ല. പത്ത് കിലോ റാഗി കൊണ്ട ആദിവാസികളുടെ പട്ടിണി ഇല്ലായ്മ ചെയ്യാന്‍ സാധ്യമാകുമോ എന്ന് അവര്‍ ചോദിച്ചു. അട്ടപ്പാടിയില്‍ 185 ഊരുകളുണ്ടെങ്കിലും റോഡ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളില്‍ മാത്രമാണ് സര്‍ക്കാര്‍ സഹായം എത്തുന്നത്. ഉള്‍പ്രദേശങ്ങളില്‍ യാതൊരു സഹായവും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. പല ഊരുകളിലും ശുദ്ധജലം പോലും ലഭിക്കുന്നില്ല.
തമിഴ്‌നാട് അതിര്‍ത്തിയിലുള്ള പഴയ തൂവ്വ ഊരില്‍ വര്‍ഷങ്ങളായി വെള്ളം ലഭിക്കുന്നില്ല. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലേക്ക് കിലോ മീറ്ററോളം താണ്ടിയാണ് വെള്ളം സംഭരിക്കുന്നത്. ഇതിനൊക്കെ പരിഹാരം കാണാതെ ആദിവാസികള്‍ക്കെതിരെ പ്രസ്താവനകളിറക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ആദിവാസികളെ അവഹേളിക്കുകയാണെന്നും അവര്‍ കൂട്ടിചേര്‍ത്തു.