Connect with us

Ongoing News

ഇന്ന് ബാഴ്‌സക്കെതിരെ

Published

|

Last Updated

ബെര്‍ലിന്‍: ജര്‍മന്‍ ഫുട്‌ബോളില്‍ ട്രിപ്പിള്‍ നേടി ചരിത്രം സൃഷ്ടിച്ച ബയേണ്‍ മ്യൂണിക്കിന് വീണ്ടും കിരീടനേട്ടം. ടെലികോം കപ്പ് ഫൈനലില്‍ മോന്‍ചെന്‍ഗ്ലാഡ്ബാചിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ബയേണ്‍ തുടരെ നാലാം കിരീടം സ്വന്തമാക്കിയത്. ഇത് പക്ഷേ, ജുപ് ഹെയിന്‍കസിന് കീഴിലല്ലെന്ന് മാത്രം. പെപ് ഗോര്‍ഡിയോള എന്ന മാന്ത്രികന് കീഴില്‍ ബയേണിന്റെ ആദ്യ കിരീടം. ഫ്രഞ്ച് പ്ലേമേക്കര്‍ ഫ്രാങ്ക് റിബറിയാണ് ഗോളടിക്ക് തുടക്കമിട്ടത്. തകര്‍പ്പന്‍ വോളിയിലൂടെയാണ് റിബറി ബയേണിന് ലീഡ് നേടിയത്. ക്യാപ്റ്റന്‍ ഫിലിപ് ലാം ലീഡ് ഇരട്ടിയാക്കി. മൂന്നാം ഗോളിന് ഏറെ പ്രത്യേകതയുണ്ടായിരുന്നു. ബാഴ്‌സലോണയില്‍ നിന്ന് ബയേണിലെത്തിയ തിയാഗോ അല്‍കന്റാറയായിരുന്നു സ്‌കോറര്‍. സ്‌പെയിനില്‍ ആന്ദ്രെ ഇനിയെസ്റ്റയുടെ പിന്‍ഗാമിയെന്ന് വിശേഷിക്കപ്പെടുന്ന തിയാഗോ ബാഴ്‌സയുടെ ആദ്യ ലൈനപ്പില്‍ ഇടമില്ലാത്തതു കൊണ്ടാണ് ജര്‍മനിയിലേക്ക് വന്നത്. ഗോര്‍ഡിയോള അര്‍പ്പിച്ച വിശ്വാസം തിയാഗോ തെറ്റിച്ചില്ല. പെനാല്‍റ്റി യിലൂടെ ലൂക് ഡി ജോംഗാണ് ആതിഥേയരായ മോന്‍ചെന്‍ ഗ്ലാഡ്ബാചിന്റെ ആശ്വാസ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ആര്യന്‍ റോബനും തോമസ് മുള്ളറും ബയേണിന്റെ സ്‌കോര്‍ഷീറ്റില്‍ ചലനമുണ്ടാക്കി.
ചാമ്പ്യന്‍സ് ലീഗ് റണ്ണേഴ്‌സപ്പായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ അട്ടിമറിച്ചാണ് മോന്‍ചെന്‍ഗ്ലാഡ്ബാച് ഫൈനലിന് യോഗ്യത നേടിയത്. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മത്സരത്തില്‍ ബൊറൂസിയ മാനം കാത്തു. 1-0ന് ഹാംബര്‍ഗിനെ തോല്‍പ്പിച്ചു. ജൊനസ് ഹോഫ്മാനാണ് ഗോള്‍ നേടിയത്.
ടെലികോം ജയത്തോടെ ബയേണില്‍ പുതിയൊരു യുഗം ആരംഭിച്ചുവെന്ന് റിബറി അവകാശപ്പെട്ടു. തുടരെ രണ്ട് സീസണുകളില്‍ ട്രിപ്പിള്‍ നേടുന്ന ആദ്യ ടീമാകും ബയേണ്‍. പെപ് ഗോര്‍ഡിയോളക്ക് കീഴില്‍ തന്റെ സഹതാരങ്ങള്‍ക്ക് സാധ്യമാകും. പുതിയ സീസണിലും ജൈത്രയാത്ര തുടരാനാകും-ഫ്രഞ്ച് താരം പറഞ്ഞു.ശനിയാഴ്ച ജര്‍മന്‍ സൂപ്പര്‍ കപ്പില്‍ ബൊറൂസിയ ഡോട്മുണ്ടിനെ നേരിടുന്ന ബയേണിന് ബാഴ്‌സക്കെതിരെ ഇന്ന് നടക്കുന്ന മത്സരം ആത്മവിശ്വാസം ഉയര്‍ത്താനുള്ളതാണ്.

ബാഴ്‌സക്ക് കണക്ക് തീര്‍ക്കണം

ആശാന്റെ നെഞ്ചത്ത് ഓങ്ങാന്‍ നില്‍ക്കുന്ന ശിഷ്യന്‍മാരുടെ അവസ്ഥയിലാണ് ബാഴ്‌സലോണ കളിക്കാര്‍. അവരെ മനോഹരമായ പാസിംഗ് ഗെയിം പഠിപ്പിച്ച പെപ് ഗോര്‍ഡിയോളയുടെ പുതിയ ടീം ബയേണ്‍ മ്യൂണിക്കാണ് ഇന്ന് ബാഴ്‌സയുടെ എതിരാളി. പ്രീ സീസണ്‍ പരിശീലന മത്സരമാണിത്. എന്നാല്‍, ഇത് വെറുമൊരു പരിശീലനക്കളിയായി മാറില്ല. തോല്‍വി ഇരുകൂട്ടര്‍ക്കും ചിന്തിക്കാന്‍ സാധിക്കില്ല. ചാമ്പ്യന്‍സ് ലീഗില്‍ ബയേണിനോടേറ്റ ഏഴ് ഗോള്‍ തോല്‍വിയുടെ നാണക്കേട് ബാഴ്‌സക്ക് കഴുകിക്കളയേണ്ടതുണ്ട്. ഒരു പരിശീലന മത്സരം കൊണ്ടൊന്നും ആ മഹാനാണക്കേട് മാറില്ലെങ്കിലും ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ജയം അനിവാര്യമാണ് നൗകാംപ് ടീമിന്.
എന്നാല്‍, കോച്ച് ടിറ്റോ വിലനോവ അപ്രതീക്ഷിതമായി സ്ഥാനമൊഴിഞ്ഞതിന്റെ ഞെട്ടലിലാണ് ബാഴ്‌സലോണ താരങ്ങള്‍. അസിസ്റ്റന്റ് കോച്ച് ജോര്‍ഡി റൗറയുടെ കീഴിലാണ് ബാഴ്‌സ മുന്‍ കോച്ചിന്റെ ടീമിനെ നേരിടാനിറങ്ങുന്നത്. 2008 മുതല്‍ 2012 കാലയളവില്‍ ബാഴ്‌സലോണക്ക് പതിനാല് കിരീടങ്ങള്‍ നേടി ചരിത്രം സൃഷ്ടിച്ച പരിശീലകനാണ് പെപ് ഗോര്‍ഡിയോള. ക്ലബ്ബ് മാനേജ്‌മെന്റുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ബാഴ്‌സ വിട്ട ഗോര്‍ഡിയോള ബയേണിലെത്തി. ഹെയിന്‍കസിന് കീഴില്‍ കഴിഞ്ഞ സീസണില്‍ ട്രിപ്പിള്‍ സ്വന്തമാക്കിയ ബയേണിനെ പ്രൗഢി നിലനിര്‍ത്തുക എന്ന വെല്ലുവിളിയാണ് ഗോര്‍ഡിയോളക്കുള്ളത്.
പ്രീ സീസണ്‍ മത്സരങ്ങളിലെല്ലാം തന്നെ വന്‍ മാര്‍ജിനില്‍ ജയിച്ച ബയേണ്‍ ശുഭസൂചന നല്‍കുന്നു. ബാഴ്‌സലോണയെ വീണ്ടും പരാജയപ്പെടുത്തിയാല്‍ ഗോര്‍ഡിയോളക്ക് അവകാശപ്പെടാം തന്റെ കാലം തന്നെയാണ് മുന്നിലുള്ളതെന്ന്.ബാഴ്‌സലോണയില്‍ നിന്ന് സ്‌പെയിനിന്റെ അണ്ടര്‍ 21 ക്യാപ്റ്റന്‍ തിയഗോ അല്‍കന്റാറയെ സ്വന്തമാക്കിയ ഗോര്‍ഡിയോള ആ വജ്രായുധത്തെ ഇന്ന് പ്രയോഗിക്കും. ഹോളണ്ടിന്റെ ആര്യന്‍ റോബന്‍ ഫ്രാന്‍സ് വിംഗര്‍ ഫ്രാങ്ക് റിബറി എന്നിവരാണ് അറ്റാക്കിംഗില്‍.പരുക്കില്‍ നിന്ന് മുക്തരായിട്ടില്ലാത്ത ബാസ്റ്റ്യന്‍ ഷൈ്വന്‍സ്റ്റിഗറും മരിയോ ഗോയിറ്റ്‌സെയും ബയേണ്‍ നിരയിലുണ്ടാകില്ലെന്നാണ് സൂചന. ബാഴ്‌സലോണ ജഴ്‌സിയില്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിനെ കാണുന്നതും വൈകും. ഫിറ്റ്‌നെസ് വീണ്ടെടുത്തിട്ടില്ല നെയ്മര്‍. കാര്‍ലസ് പ്യുയോളും ബെഞ്ചിലാണ്.സീനിയര്‍ താരങ്ങളായ ജാവിയര്‍ മഷെറാനോ, അഡ്രിയാനൊ കോറിയ, അലക്‌സ് സോംഗ്, അലക്‌സിസ് സാഞ്ചസ് എന്നിവര്‍ ഇറങ്ങും. ലയണല്‍ മെസി മുഴുവന്‍ സമയവും കളിച്ചേക്കില്ല.ഹെയിന്‍കസിന് കീഴില്‍ പവര്‍ ഗെയിം കാഴ്ചവെച്ച ബയേണിനെ മാറ്റിപ്പണിതാണ് ഗോര്‍ഡിയോള അവതരിപ്പിക്കുന്നത്. 4-1-4-1 ശൈലിയാണ് ബയേണിന്റെത്. കഴിഞ്ഞ സീസണില്‍ 4-2-3-1 ശൈലിയായിരുന്നു പിന്തുടര്‍ന്നത്. ക്യാപ്റ്റന്‍ ഫിലിപ് ലാം റൈറ്റ് വിംഗ് ബാക്കില്‍ നിന്ന് മിഡ്ഫീല്‍ഡ് റോളിലേക്ക് മാറിയതും ഫ്രാങ്ക് റിബറി വിംഗറില്‍ നിന്ന് മുന്‍നിരയിലേക്കെത്തിയതുമാണ് മാറ്റങ്ങള്‍.
ടെന്നീസ് പന്തായാലും സ്‌പോര്‍ട്ടിംഗ്
താരങ്ങള്‍ ഗോളടിക്കും
ന്യൂഡല്‍ഹി: ഐ ലീഗില്‍ പുതിയ ഉയരങ്ങള്‍ ലക്ഷ്യമിടുകയാണ് സ്‌പോര്‍ട്ടിംഗ് ഗോവ. കഴിഞ്ഞ തവണ ആറാം സ്ഥാനം. ഇത്തവണ ടോപ് ഫൈവിലെത്തണം. സ്പാനിഷ് കോച്ച് ഓസ്‌കര്‍ ബ്രുസന്റെ ലക്ഷ്യമിതാണ്. ഫുട്‌ബോള്‍ ഗ്രൗണ്ടിലേക്ക് തള്ളിവിട്ടുള്ള പരിശീലനമുറകളില്‍ ബ്രുസന് താത്പര്യമില്ല. കണിശതയും കൃത്യതയും പുതിയ അറിവുകളും കളിക്കാര്‍ സ്വായത്തമാക്കണം. ഒരു ടെന്നീസ് ബോള്‍ നിയന്ത്രിക്കാന്‍ സാധിച്ചാല്‍ ഫുട്‌ബോള്‍ വളരെ അനായാസം കൈകാര്യം ചെയ്യാമെന്നാണ് ബ്രുസന്‍ പഠിപ്പിക്കുന്നത്.
എത്രമാത്രം അനായാസമായി കളിക്കാന്‍ സാധിക്കുമോ അത്രമാത്രം നേട്ടം കൊയ്യാം.സ്പാനിഷ് കോച്ചിന്റെ തിയറിയില്‍ ക്ലബ്ബിന് വിശ്വാസമുണ്ട്. അതുകൊണ്ടാണ് മൂന്ന് വര്‍ഷത്തേക്ക് പുതിയ കരാര്‍ നല്‍കിയത്. സെല്‍റ്റ വിഗോയില്‍ സ്‌ട്രൈക്കറായിരുന്ന ബ്രൂസന്‍ അവിടെ ആദ്യം ശീലിച്ചത് ടെന്നീസ് ബോള്‍ നിയന്ത്രണത്തിലാക്കാനാണ്. ട്രാപ് ചെയ്ത് ഡ്രിബ്ലിംഗ് ചെയ്ത് മുന്നേറാനായിരുന്നു ആദ്യകാലത്തെ പരിശീലനം. അതുപോലെ റഗ്ബി ബോളും പരിശീലനത്തിന് നല്ലതാണ്. അതിന്റെ ബൗണ്‍സ് എവിടേക്കാണെന്ന് മനസ്സിലാക്കാന്‍ സാധിക്കില്ല. ഇത് മുന്‍കൂട്ടി അറിയാനുള്ള ശ്രദ്ധ ഉണ്ടാക്കിയെടുത്താല്‍ ഫുട്‌ബോളര്‍ക്ക് ഗുണം ചെയ്യും. അവസരോചിത പ്രതികരണ ശേഷി വര്‍ധിക്കും. പ്രതിരോധ നിരക്കാരന് ഏറ്റവുമധികം വേണ്ട ഗുണവും ഇതു തന്നെ.
വിംബിള്‍ഡണും അണ്ടര്‍ 20 ലോകകപ്പ് മത്സരങ്ങളുമൊക്കെ ചര്‍ച്ച ചെയ്താണ് ക്യാമ്പ് പുരോഗമിക്കുന്നത്. റാഫേല്‍ നദാലിനെ ഏറെ ഇഷ്ടപ്പെടുന്ന ബ്രുസോണ്‍ ടെന്നീസിനെയും ഫുട്‌ബോളിനെയും ബന്ധിപ്പിക്കുന്ന കണ്ണിയായി മാറുന്നു.
ബ്രുസന്റെ ക്യാമ്പില്‍ ഇന്ത്യയുടെ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വാഗ്ദാനമുണ്ട്. ഡൗസന്‍ ഫെര്‍നാണ്ടസ്. ആഗസ്റ്റ് പതിനാലിന് താജിക്കിസ്ഥാനെതിരായ ഫിഫ രാജ്യാന്തര സൗഹൃദ മത്സരത്തിനുള്ള ടീമിലേക്കാണ് ഫെര്‍നാണ്ടസിനെ സെലക്ട് ചെയ്തത്.
ആദ്യ ട്രെയ്‌നിംഗ് സെഷനില്‍ ഡൗസനെ അഭിനന്ദിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു സ്പാനിഷ് കോച്ച്. തന്റെ ടീമില്‍ നിന്നായിരിക്കും ഇന്ത്യയുടെ സൂപ്പര്‍ ഭാവി സൂപ്പറുകളുണ്ടാവുകയെന്നും ബ്രുസോണ്‍ ഉറപ്പ് പറയുന്നു.

---- facebook comment plugin here -----

Latest