Connect with us

Editorial

അഭിപ്രായ വോട്ടെടുപ്പിന് നിയന്ത്രണം അഭികാമ്യം

Published

|

Last Updated

അഭിപ്രായ വോട്ടെടുപ്പുകള്‍ക്കും സര്‍വേകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തെ കേന്ദ്ര സര്‍ക്കാറും പിന്തുണച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതു മുതല്‍ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നത് വരെ സര്‍വേകള്‍ പ്രസിദ്ധീകരിക്കുന്നത് നിരോധിക്കാന്‍ അനുമതി നല്‍കണമെന്ന് കമ്മീഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്തുണ നല്‍കിക്കൊണ്ടുള്ള നിയമ മന്ത്രാലയത്തിന്റെ കത്ത് അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതി തിങ്കളാഴ്ച കമ്മീഷന് കൈമാറുകയുണ്ടായി. നിലവില്‍ തിരഞ്ഞെടുപ്പ് തുടങ്ങുന്നതിന്റെ നാല്‍പ്പത്തെട്ട് മണിക്കൂര്‍ മുമ്പ് വരെ മാത്രമേ സര്‍വേ ഫലം പ്രസിദ്ധീകരിക്കുന്നത് തടയാന്‍ കമ്മീഷന് അധികാരമുള്ളു.
തൊണ്ണുറുകള്‍ക്കൊടുവിലാണ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അഭിപ്രായ വോട്ടെടുപ്പും എസ് എം എസ് പ്രവചനങ്ങളും നടത്തുന്ന പ്രവണതയുടെ തുടക്കം. 1996ലെ തിരഞ്ഞെടുപ്പില്‍ ദൂരദര്‍ശനും ദ ഹിന്ദു ദിനപത്രത്തിനും വേണ്ടി “സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഒഫ് ഡെവലപ്പിംഗ് സൊസൈറ്റി” (ഇടഉടചലം ഉലഹവശ) യാണ് രാജ്യത്ത് ആദ്യമായി വ്യവസ്ഥാപിതമായി അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്. രാജ്യത്തെ അഞ്ച് മേഖലകളായിത്തിരിച്ച് അതാത് മേഖലകളിലുള്ള സര്‍വകലാശാലകളിലെ രാഷ്ട്രമീമാംസാ വിഭാഗം അധ്യാപകരെയും, ബിരുദാനന്തര ബിരുദത്തിന് മുകളിലുള്ള വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തിയായിരുന്നു ഇതിനുള്ള ദൗത്യസംഘത്തിന് രൂപം നല്‍കിയത്. ഇവര്‍ക്ക് ഉന്നതരുടെ നേതൃത്വത്തിലുള്ള ഫാക്കല്‍റ്റിയുടെ പരിശീലനവും ലഭ്യമാക്കി. അന്ന് കേരളത്തില്‍ ഇതിനായി നിയോഗിച്ചിരുന്നത് കേരള യൂനിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തെയായിരുന്നു. വോട്ടര്‍മാരുടെ മനസ്സ് വായിച്ച് തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്ന പ്രസ്തുത സര്‍വേ ഏറെക്കുറെ സത്യസന്ധവും നിഷ്പക്ഷവുമായിരുന്നു.
വോട്ടര്‍മാരുടെ മനസ്സറിയുന്നതിന് പകരം അവരുടെ മനസ്സിനെ സ്വാധീനിക്കാനുള്ള തന്ത്രമായി മാറിയിരിക്കുന്നു ഇന്ന് അഭിപ്രായ സര്‍വേകള്‍. ചില സര്‍വേകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ പാര്‍ട്ടികളാണെന്ന പരാതിയുമുണ്ട്. സര്‍വേ എന്ന പേരില്‍ ചില പൊടിക്കൈകള്‍ നടത്തി തങ്ങള്‍ക്കനുകൂലമായ ഫലം പ്രസിദ്ധീകരിച്ച് വോട്ടര്‍മാരെ സ്വാധീനിക്കുകയാണ് അവരുടെ ലക്ഷ്യം. നിഷ്പക്ഷ വോട്ടര്‍മാര്‍ക്കും സജീവമല്ലാത്ത രാഷ്ട്രീയ പാര്‍ട്ടി അനുഭാവികള്‍ക്കും വിജയസാധ്യത കാണുന്ന കക്ഷികളോടും മുന്നണികളോടും ആഭിമുഖ്യം സ്വാഭാവികമാണ്. സര്‍വേ ഫലം ഇവരെ സ്വാധീനിക്കുമെന്നാണ് വിദഗ്ധരുടെ പക്ഷം. ചെന്നൈയില്‍ ഒരു സെമിനാറില്‍ സംസാരിക്കവെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനര്‍ എസ് വൈ ഖുറൈശി, രാഷ്ട്രീയ പാര്‍ട്ടികള്‍ പണം നല്‍കി സര്‍വേ നടത്തിക്കാനുള്ള സാധ്യത ചൂണ്ടിക്കാണിക്കുകയുമുണ്ടായി.
റേറ്റ് വര്‍ധിപ്പിക്കാനുള്ള തന്ത്രമായാണ് ചില ചാനലുകള്‍ അഭിപ്രായ സര്‍വേകളെ കാണുന്നത്. അത് സത്യസന്ധവും നിഷ്പക്ഷവുമാകണമെന്നില്ല. കഴിഞ്ഞ യു പി തിരഞ്ഞെടുപ്പില്‍ പ്രമുഖ ചാലനുകളായ സ്റ്റാര്‍ ടി വിയും ടി വി ടുഡേയും അഭിപ്രായ വോട്ടെടുപ്പ് നടത്താന്‍ നിയോഗിച്ചത് ഒരേ ഏജന്‍സിയെയായിരുന്നു. രണ്ട് ചാനലുകളും പ്രസിദ്ധീകരിച്ച ഫലങ്ങള്‍ വ്യത്യസ്തവും. ഇരു വിഭാഗങ്ങളില്‍ നിന്നും പ്രതിഫലം വാങ്ങുമ്പോള്‍ ഒരേ സര്‍വേ ഫലം നല്‍കുന്നത് ഭംഗിയല്ലെന്ന് കണ്ട് ഏജന്‍സി ഫലങ്ങളില്‍ അല്‍പ്പം തിരിമറി നടത്തി വ്യത്യാസപ്പെടുത്തുകയായിരുന്നുവത്രേ. രാഷ്ട്രീയാഭിമുഖ്യമുള്ള പത്രങ്ങളും ചാനലുകളും നടത്തുന്ന സര്‍വേകളിലും ഇത്തരം തിരിമറികളും വെട്ടിത്തിരുത്തലുകളും പ്രതീക്ഷിക്കാകുന്നതാണ്.
എല്ലാ സ്വാധീനങ്ങളില്‍ നിന്നും മുക്തമായി വോട്ടര്‍മാര്‍ സ്വതന്ത്രവും നിഷ്പക്ഷവുമായി സമ്മതിദാനാവകാശം രേഖപ്പെടുത്തുന്ന ഒരു സ്ഥിതിവിശേഷമാണ് ജനാധിപത്യ വ്യവസ്ഥിതി വിഭാവനം ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം വോട്ടര്‍മാരെ സ്വാധീനിച്ചേക്കാവുന്ന പുതിയ പദ്ധതികളും വാഗ്ദാനങ്ങളും പ്രഖ്യാപിക്കുന്നതിന് ഭരണകൂടങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന്റെ കാരണവും ഇതാണ്. അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള സാധ്യത മനഃശാസ്ത്ര വിദഗ്ധര്‍ വ്യക്തമാക്കിയിരിക്കെ അതിനും വിലക്കേര്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. 2004ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു കൂട്ടിയ സര്‍വ കക്ഷി യോഗം ഏകകണ്ഠമായി ഇതിനെ അനുകൂലിച്ചതുമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നതിനാല്‍ ഇത് ഭരണഘടനാ വിരുദ്ധമാണെന്ന അന്നത്തെ അറ്റോര്‍ണി ജനറല്‍ സോളി സോറാബ്ജിയുടെ നിലപാട് മൂലമാണ് അന്ന് നിരോധം നടക്കാതെ പോയത്. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യം യുക്തിസഹ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്ന നിലവിലെ അറ്റോര്‍ണി ജനറലിന്റെ വീക്ഷണം പരിഗണിച്ച് അഭിപ്രായ വോട്ടെടുപ്പിന് നിയന്ത്രണമേര്‍പ്പെടുത്തുക തന്നെയാണ് അഭികാമ്യം.