ഇറാഖിലെ ജയിലുകള്‍ തകര്‍ത്ത സംഭവത്തിന് പിന്നില്‍ അല്‍ഖാഇദ

Posted on: July 23, 2013 11:18 pm | Last updated: July 23, 2013 at 11:18 pm

ബഗ്ദാദ്: ഇറാഖിലെ അബൂഗരീബ്, താജി ജയിലുകള്‍ തകര്‍ത്ത് തടവുപുള്ളികളെ മോചിപ്പിച്ച ആക്രമണത്തിന് പിന്നില്‍ അല്‍ഖാഇദ. ഞായറാഴ്ച രാത്രിയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇറാഖിലെ അല്‍ഖാഇദ നേതാക്കള്‍ ഏറ്റെടുത്തു. തലസ്ഥാനമായ ബഗ്ദാദിന് സമീപത്തെ ജയിലുകളില്‍ ആയുധധാരികളായ ഒരുസംഘമാളുകള്‍ നടത്തിയ ആക്രമണത്തില്‍ ഇരുപത് സുരക്ഷാ ഉദ്യോഗസ്ഥരടക്കം അമ്പതിലധികം പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറോളം തടവുകാര്‍ രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. രക്ഷപ്പെട്ടവര്‍ അല്‍ഖാഇദക്കാരാണെന്ന് അല്‍ഖാഇദാ നേതൃത്വത്തെ ഉദ്ധരിച്ച് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ രക്ഷപ്പെട്ട അഞ്ഞൂറ് തടവുപുള്ളികളില്‍ നൂറ്റി അമ്പതോളം പേരെ പിടിച്ചിട്ടുണ്ടെന്നും മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ആക്രമണത്തിനും തടവുപുള്ളികളെ രക്ഷപ്പെടുത്തുന്നതിനും അല്‍ഖാഇദക്കാരെ ജയിലിലെ ഉദ്യോഗസ്ഥര്‍ സഹായിച്ചിട്ടുണ്ടെന്നും ഇറാഖ് ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി. രാജ്യത്തെ സുരക്ഷാ സംവിധാനത്തിന് നേരെ നടക്കുന്ന തീവ്രവാദ ആക്രമണത്തിന്റെ തുടര്‍ച്ചയാണിതെന്നും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും വക്താക്കള്‍ കൂട്ടിച്ചേര്‍ത്തു.
ജയിലുകളുടെ കവാടത്തില്‍ മോട്ടോര്‍ ബോംബുകള്‍ വര്‍ഷിച്ച് ഞായറാഴ്ച അര്‍ധരാത്രി അക്രമികള്‍ ജയിലുകളിലേക്ക് അതിക്രമിച്ചു കടക്കുകയും തടവുപുള്ളികളെ രക്ഷിക്കുകയുമായിരുന്നു. മണിക്കൂറുകള്‍ നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവില്‍ ജയിലുകളുടെ നിയന്ത്രണം സൈന്യം ഏറ്റെടുക്കുകയായിരുന്നു.