സോളാര്‍ തട്ടിപ്പ്: സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Posted on: July 23, 2013 11:39 am | Last updated: July 26, 2013 at 10:55 am

Kerala High Court

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ പലതും മറച്ചു വെക്കാന്‍ ശ്രമിക്കുകയാണ്. എന്താണ് സര്‍ക്കാറിന് മറച്ചുവെക്കാനുള്ളതെന്ന് കോടതി ചോദിച്ചു. തട്ടിപ്പില്‍ നഷ്ടപ്പെട്ട പണം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും സരിതയുടെ മൊഴിയെടുക്കാന്‍ എന്തുകൊണ്ടാണ് വൈകുന്നതെന്നും കോടതി ചോദിച്ചു.

പോലീസിന്റെ പല നടപടികളും നാണക്കേടുണ്ടാക്കുന്നതാണ്. കോടതിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറയാന്‍ കോടതിക്കാവില്ലെങ്കില്‍ കേസ് അന്വേഷിക്കുന്ന എ ഡി ജി പിയെ വിളിച്ചുവരുത്താന്‍ മടിക്കില്ലെന്നും കോടതി പറഞ്ഞു.

കോടതി ഉത്തരവുകള്‍ സര്‍ക്കാര്‍ പ്രഹസനമാക്കുകയാണ്. അന്വേഷണത്തില്‍ കോടതി ഉത്തരവുതകള്‍ പാലിക്കപ്പെടുന്നില്ല. എം കെ കുരുവിളയുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ പങ്ക് എന്താണ് അന്വേഷിക്കാത്തതെന്നും ജ. എസ് എസ് സതീശ് ചന്ദ്രന്റെ ബെഞ്ച് ചോദിച്ചു.

സരിത കഴിഞ്ഞ ദിവസം നല്‍കിയ രഹസ്യ മൊഴി എഴുതി നല്‍കാന്‍ കോടതി നിര്‍ദേഷിച്ചിട്ടും അതിനുള്ള അവസരം അഭിഭാഷകന് ഇല്ലാതാക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്നും കോടതി പറഞ്ഞു.

ശാലുമേനോന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയിരിക്കുന്നത്.