Connect with us

Kozhikode

കാലവര്‍ഷം: ജില്ലയില്‍ 63.96 കോടിയുടെ നാശനഷ്ടം

Published

|

Last Updated

കോഴിക്കോട്: കാലവര്‍ഷത്തില്‍ ഈ വര്‍ഷം ഇതുവരെ ജില്ലയിലുണ്ടായത് 64 കോടിയോളം രൂപയുടെ നാശനഷ്ടം. ജില്ലയിലെ കാലവര്‍ഷത്തില്‍ നാശനഷ്ടം വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തിന് മുമ്പാകെയാണ് കലക്ടര്‍ പി എ ലത കണക്കുകള്‍ അവതരിപ്പിച്ചത്. 

കൃത്യമായ കണക്ക് പ്രകാരം 63,96,04,605 രൂപയുടെ നഷ്ടമുണ്ടായതായി കേന്ദ്ര ഡ്രിങ്കിംഗ് വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ മന്ത്രാലയത്തിലെ ഉപദേശകന്‍ ജി ബാലസുബ്രഹ്മണ്യന്റെ നേതൃത്വത്തിലുളള സംഘത്തിന് മുമ്പാകെ കലക്ടര്‍ അറിയിച്ചു. ഇന്നലെ രാവിലെ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ സംഘാംഗങ്ങള്‍ക്ക് മുന്നില്‍ വിവിധയിടങ്ങളിലുണ്ടായ നാശനഷ്ടങ്ങളുടെ വിഡിയോ- ഫോട്ടോ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ഓരോ മേഖലയിലുമുണ്ടായ നഷ്ടങ്ങളുടെ വിശദവിവരങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.
ജില്ലയിലെയും സംസ്ഥാനത്തെയും നാശനഷ്ടങ്ങളെക്കുറിച്ചുളള റിപ്പോര്‍ട്ട് താമസിയാതെ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് കാലവര്‍ഷത്തില്‍ നാശനഷ്ടമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംഘത്തലവന്‍ ജി ബാലസുബ്രഹ്മണ്യന്‍ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ നിധിയുടെ (എന്‍ ഡി ആര്‍ എഫ്) നിബന്ധനകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അനുസൃതമായായിരിക്കും അനന്തര നടപടികള്‍ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കലക്ടര്‍ക്കൊപ്പം കേന്ദ്ര സംഘം ഉരുള്‍പോട്ടലിനെ തുടര്‍ന്ന് തകര്‍ന്ന കക്കയം ഡാം സൈറ്റ് റോഡിലെ കക്കയംവാലി, കക്കയം പനോരമ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
ജില്ലയില്‍ 35 വീടുകള്‍ പൂര്‍ണമായും 739 വീടുകള്‍ ഭാഗീകമായും തകര്‍ന്നതായി കലക്ടര്‍ കേന്ദ്ര സംഘത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പറയുന്നു. ഈയിനത്തില്‍ 2,89,87,600 രൂപയുടെ നഷ്ടമാണ് റിപ്പോര്‍ട്ടിലുള്ളത്. കൃഷിനഷ്ടം 3,33,42,005 രൂപ, ജലസേചനം 10,20,50,000 രൂപ, പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ തകര്‍ന്നത് വഴി 1,81,00,000 രൂപ, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുളള റോഡുകളും മറ്റും 36,55,45,000 രൂപ, വൈദ്യുതി ബോര്‍ഡ് 1,22,61,000 രൂപ, മത്സ്യബന്ധനം 2,87,50,000, കന്നുകാലി നഷ്ടം 4,80,000, വിവിധ മേഖലകളിലെ നാശനഷ്ടങ്ങളെ തുടര്‍ന്ന് മണ്ണ് നീക്കം ചെയ്യുന്നതിനും അടിയന്തര പരിഹാര നടപടികള്‍ക്കുമായി 5,00,89,000 രൂപ എന്നിങ്ങനെയാണ് നഷ്ടം കണക്കാക്കിയത്. ബാലസുബ്രഹ്മണ്യന്റെ നേതൃത്വത്തിലുളള കേന്ദ്ര സംഘത്തില്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ റീജിയണല്‍ ഓഫീസര്‍ ആര്‍ ഇളവരശന്‍, പ്ലാനിംഗ് കമ്മീഷന്‍ സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ എം മുരളീധരന്‍, റിസര്‍ച്ച് ഫെലോ ജി എസ് പ്രദീപ് എന്നിവരാണുള്ളത്. എ ഡി എം കെ പി രമാദേവി, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടര്‍ ടി എ റഷീദ്, പി ഡബ്‌ളിയു ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി എന്‍ ശശികുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ സുരേന്ദ്രന്‍ എന്നിവരും സംഘത്തെ അനുഗമിച്ചു.

Latest