Connect with us

Kozhikode

അസൗകര്യത്തോടൊപ്പം ദുരിതവും; ജീവന് ഭീഷണിയായി പുതിയാപ്പ ഹാര്‍ബര്‍

Published

|

Last Updated

കോഴിക്കോട്: ട്രോളിംഗ് നിരോധം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും പുതിയാപ്പ ഹാര്‍ബറിലെ മത്സ്യത്തൊഴിലാളികള്‍ നിരാശയില്‍. അസൗകര്യത്തോടൊപ്പം ദുരിതവും ജീവന് ഭീഷണിയുമായി ഫിഷിംഗ് ഹാര്‍ബര്‍ മാറിയിട്ട് വര്‍ഷങ്ങളായി. ഓരോ ട്രോളിംഗ ്‌നിരോധകാലത്തും 45 ദിവസത്തെ അവധി കഴിഞ്ഞ് തുറമുഖം ഉണരുമ്പോഴേക്കും പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്നാണ് അധികൃതര്‍ നല്‍കാറുള്ള ഉറപ്പ്. എന്നാല്‍ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍പോലും പരിഹരിക്കാതെ കടുത്ത നിരാശയിലാണ് മത്സ്യത്തൊഴിലാളികള്‍. 
പരിമിതികളുടെയും അപകട ഭീഷണിയുടെയും നടുവിലായ പുതിയാപ്പ ഹാര്‍ബറില്‍ ബോട്ട് ജെട്ടി പ്രഖ്യാപനം കടലാസില്‍ മാത്രം ഒതുങ്ങുന്നു. ഇത് വലിയ പ്രതിഷേധത്തിനാണ് ഇടയാക്കുന്നത്. ജീവന്‍ പണയംവച്ച് ആഴക്കടലില്‍ നിന്നും മീന്‍പിടിച്ചെത്തുമ്പോള്‍ മീന്‍ ഇറക്കിവെക്കാന്‍പോലും സൗകര്യമില്ലാത്തത് ഇവിടുത്തെ തൊഴിലാളികളെ കുറച്ചൊന്നുമല്ല ദുരിതത്തിലാക്കുന്നത്.1996ല്‍ ഹാര്‍ബര്‍ ഉദ്ഘാടനം ചെയ്യുമ്പോഴുള്ളതിന്റെ ഇരട്ടിയിലധികമാണ് ഇപ്പോള്‍ പുതിയാപ്പയില്‍ ബോട്ടുകളും ഫൈബര്‍ വള്ളങ്ങളും തോണികളുമുള്ളത്. നേരം പുലരുംമുതല്‍ മീന്‍പിടിച്ചെത്തുന്നവര്‍ ഹാര്‍ബറിലെ ലേലപ്പുരക്കുമുമ്പില്‍ മീന്‍ ഇറക്കിക്കഴിഞ്ഞാല്‍ ബോട്ട് നിര്‍ത്തിയിടാന്‍ മറ്റ് സ്ഥലങ്ങളില്ലാത്തതിനാല്‍ അവിടെത്തന്നെ കെട്ടിയിടുകയാണ് പതിവ്. പിന്നാലെ വരുന്നവര്‍ക്ക് ഇവര്‍ക്ക് മുമ്പിലായി വെച്ച ബോട്ടുകള്‍ക്കും തോണികള്‍ക്കുമെല്ലാം മുകളിലൂടെ അഭ്യാസം കാണിച്ച് മീന്‍ ഇറക്കേണ്ട അവസ്ഥയാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ലേലപ്പുരക്ക് തെക്കുഭാഗത്തായി ഒരു ബോട്ടുജെട്ടി പണിയുകയെന്നത് വര്‍ഷങ്ങളായുള്ള അധികൃതരുടെ പ്രഖ്യാപനമാണ്. ഇതിനായുള്ള സ്ഥല പരിശോധനയും മറ്റ് കാര്യങ്ങളുമെല്ലാം നേരത്തെതന്നെ പൂര്‍ത്തിയാക്കുകയും ചെയ്തു.
ലേലപ്പുരക്ക് മുമ്പില്‍ മത്സ്യമിറക്കിയശേഷം തെക്കുഭാഗത്ത് പണിയുന്ന ബോട്ടുജെട്ടിയില്‍ പാര്‍ക്ക് ചെയ്യുകയായിരുന്നു ഉദ്ദേശ്യം. അങ്ങനെയെങ്കില്‍ ലേലപ്പുരക്ക് മുമ്പില്‍ ബോട്ടുകളുടെയും തോണികളുടെയും നീണ്ടവരി അവസാനിക്കുകുയും ചെയ്യും. എന്നാല്‍ വര്‍ഷങ്ങളായി ഇത് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുകയാണ്. ബോട്ടു ജെട്ടിക്കുപുറമെ വടക്കുഭാഗത്ത് ചെറിയ അറ്റകുറ്റപ്പണി നടത്താനുള്ള വര്‍ക്ക്‌ഷോപ്പും പരിഗണനയിലുണ്ടായിരുന്നു. അതിനെക്കുറിച്ചും അധികൃതരാരും ഇപ്പോള്‍ മിണ്ടുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ചെറിയ അറ്റകുറ്റപ്പണിക്കുപോലും ബോട്ടുകളും വള്ളങ്ങളുമെല്ലാം ബേപ്പൂരിലേക്ക് കൊണ്ടുപോകേണ്ടിവരുന്നു എന്നതാണ് പുതിയാപ്പയിലെ അവസ്ഥ. ഇതിനെല്ലാം പുറമെയാണ് ലേലപ്പുരയുടെ അപകടാവസ്ഥ. ദിവസവും ആയിരക്കണക്കിന് ബോട്ടുകളും വള്ളങ്ങളും മത്സ്യബന്ധനം നടത്തുന്ന ഹാര്‍ബറിന്റെ ഏറ്റവും പ്രധാന്യൂഭാഗമായ ലേലപ്പുരയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി പെയിന്റടിപോലും നടത്തിയിട്ടില്ല. ഇരുമ്പുകമ്പികളൊക്കെ തുരുമ്പെടുത്ത് ഏതുസമയവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്.
1996 ഫെബ്രുവരി രണ്ടിനാണ് ഹാര്‍ബര്‍ മത്സ്യബന്ധനത്തിനായി തുറന്നുകൊടുത്തത്. എന്നാല്‍ അതിനും അഞ്ച് വര്‍ഷം മുമ്പുതന്നെ ഹാര്‍ബറിന്റെ മര്‍മപ്രധാന ഭാഗമായ ലേലപ്പുര ഉണ്ടാക്കിയിട്ടുണ്ടെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഉണ്ടാക്കിയ കാലത്ത് രണ്ട് വര്‍ഷം കൂടുമ്പോള്‍ ഇത് പെയിന്റടിക്കാറുണ്ടായിരുന്നു. നിര്‍മിച്ചതുമുതല്‍ ഇതുവരെ അറ്റകുറ്റപ്പണി എന്നപേരില്‍ ഒന്നും നടന്നിട്ടില്ല. 200മീറ്റര്‍ നീളമുള്ള ലേലപ്പുരയെ താങ്ങി നിര്‍ത്തുന്ന ഇരുമ്പുകമ്പികളെല്ലാം തുരുമ്പെടുത്തു ്യൂനശിച്ചുകഴിഞ്ഞു. ശക്തമായ കാറ്റും മഴയും വന്നാല്‍ ലേലപ്പുര നിലംപൊത്തുമോ എന്ന ഭയത്തിലാണ് മത്സ്യത്തൊഴിലാളികള്‍. മത്സ്യത്തൊഴിലാളികള്‍, കച്ചവടക്കാര്‍, ചുമട്ടുതൊഴിലാളികള്‍, സ്ത്രീ തൊഴിലാളികള്‍, ഹാര്‍ബര്‍ കാണാനെത്തുന്ന വിദ്യാര്‍ഥികള്‍, മത്സ്യം വാങ്ങാനെത്തുന്നവര്‍, ലേലംവിളിക്കാനെത്തുന്നവര്‍ തുടങ്ങി എപ്പോഴും നൂറുകണക്കിനാളുകള്‍ ലേലപ്പുരക്കുള്ളിലുണ്ടാകും. എന്തെങ്കിലും അപകടം നടന്നാല്‍ മാത്രം നടപടിയുമായി എത്തുന്ന അധികൃതരുടെ സമീപനം തന്നെയായിരിക്കും ഇവിടെയുമുണ്ടാകുകയെന്ന് തൊഴിലാളികള്‍ പരിതപിക്കുന്നു.