Connect with us

Gulf

ലോക റെക്കോര്‍ഡായി ഇഫ്താര്‍

Published

|

Last Updated

ഷാര്‍ജ: യു എ ഇയുടെ ലോക റെക്കോര്‍ഡുകളുടെ പട്ടികയില്‍ ഏറ്റവും വലിയ നോമ്പുതുറ മേശയുമായി ഷാര്‍ജയും. ബുഹൈറ കോര്‍ണിഷില്‍ അല്‍ നൂര്‍ പള്ളിയോടു ചേര്‍ന്ന് ഇന്നലെ ഇഫ്താറിന് ഒരുക്കിയ 1001 മീ. നീളമുള്ള മേശയാണ് ഇനി ലോകത്തിലെ ഏറ്റവും വലിയ തീന്‍മേശയായി ഗിന്നസ് പട്ടികയില്‍ സ്ഥാനം പിടിക്കുക. ഇതിനു മുമ്പ് ദുബൈ മറീനയില്‍ ഒരുക്കിയ 301 മീറ്ററിന്റെ തീന്‍മേശ പഴങ്കഥ. ഇതു സാക്ഷ്യപ്പെടുത്താന്‍ ഗിന്നസ് ബുക്ക് പ്രതിനിധികളുമുണ്ടായിരുന്നു.
2.44 മീ. വിസ്തീര്‍ണമുള്ള 410 ചെറിയ മേശകള്‍ ചേര്‍ത്തു വച്ചാണ് വലിയ മേശയുണ്ടാക്കിയതെന്ന് ഗിന്നസ് ബുക്ക് പ്രതിനിധി തലാല്‍ മുനീര്‍ പറഞ്ഞു. ഈ വലിപ്പം മറികടന്നു മറ്റൊരു മേശ വരുന്നതു വരെ ഇതു ഗിന്നസ് ബുക്കില്‍ തുടരും. രണ്ടായിരം പേര്‍ക്ക് ഇരിക്കാനായിരുന്നു സൗകര്യമെങ്കിലും അതിലേറെപ്പേര്‍ എത്തിച്ചേര്‍ന്നു. 5,000 പേര്‍ക്ക് ഇഫ്താറിനുള്ള സൗകര്യം സംഘാടകരായ ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സും ക്ലോറോഫില്‍ ഇവന്റ്‌സ് ആന്‍ഡ് എക്‌സിബിഷന്‍സും ചേര്‍ന്നൊരുക്കിയിരുന്നു. ബിരിയാണി, വിവിധ തരം ജ്യൂസുകള്‍, ഈന്തപ്പഴം എന്നിവയടങ്ങിയ പായ്ക്കറ്റാണ് നോമ്പു തുറക്കാനെത്തിയവര്‍ക്കായി ഒരുക്കിയിരുന്നത്.

Latest