Connect with us

International

ഈജിപ്തില്‍ ഭരണഘടനാ ഭേദഗതിക്കായി സമിതി രൂപവത്കരിച്ചു

Published

|

Last Updated

കൈറോ: ഈജിപ്തില്‍ ഭരണഘടനാ ഭേദഗതി നടത്തുന്നതിനായി പ്രത്യേക സമിതി രൂപവത്കരിച്ചു. നിയമകാര്യ വകുപ്പില്‍ പ്രാവീണ്യം തെളിയിച്ച പത്ത് പേരടങ്ങുന്ന സമിതിയെ ഇടക്കാല പ്രസിഡന്റ് അദ്‌ലി മന്‍സൂര്‍ പ്രഖ്യാപിച്ചു. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണഘടന ഭേദഗതി ചെയ്യാന്‍ ഒരു മാസത്തെ സമയമാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്.
പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുയായികള്‍ നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭം മുഖവിലക്കെടുക്കാതെയാണ് ഇടക്കാല സര്‍ക്കാറിന്റെ തീരുമാനം. ഭേദഗതി ചെയ്യുന്ന ഭരണഘടന അംഗീകരിക്കില്ലെന്ന് ബ്രദര്‍ഹുഡ് നേതാക്കള്‍ അറിയിച്ചു. ബ്രദര്‍ഹുഡ് ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പ്രസിഡന്റായിരിക്കെ മുര്‍സി ഭേദഗതി ചെയ്ത ഭരണഘടനയാണ് വീണ്ടും മാറ്റങ്ങള്‍ക്ക് വിധേയമാക്കുന്നത്. പ്രസിഡന്റിന്റെ അധികാരപരിധി വര്‍ധിപ്പിക്കുകയും കലാവധി ഉയര്‍ത്തുകയും ചെയ്ത് മുര്‍സി നടത്തിയ ഭേദഗതി വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഭരണഘടനയില്‍ നിന്ന് വിവാദമായ ഭാഗങ്ങള്‍ ഒഴിവാക്കുമെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, ഈജിപ്തില്‍ സമാധാന ചര്‍ച്ചക്കുള്ള ഇടക്കാല സര്‍ക്കാറിന്റെ ക്ഷണം ബ്രദര്‍ഹുഡ് പ്രക്ഷോഭകര്‍ തള്ളി. പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ മോചിപ്പിച്ച് അധികാരം കൈമാറുന്നത് വരെ പ്രക്ഷോഭ നടപടികളുമായി മുന്നോട്ട് പോകുമെന്നും ബ്രദര്‍ഹുഡ് നേതൃത്വം അറിയിച്ചു. ഇടക്കാല പ്രധാനമന്ത്രി ഹസീമുല്‍ ബബ്‌ലാവിയാണ് സമാധാന ചര്‍ച്ചക്കായി ബ്രദര്‍ഹുഡിനെ ക്ഷണിച്ചത്.
പ്രധാനമന്ത്രിയായ ശേഷം ആദ്യമായി ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ചര്‍ച്ചക്കായി ബ്രദര്‍ഹുഡ് നേതൃത്വത്തെ ക്ഷണിച്ചത്. രാജ്യത്തെ സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സമാധാന ചര്‍ച്ച നടത്തേണ്ടത് അനിവാര്യമാണെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ സൈന്യത്തിന്റെ പിന്തുണയോടെ നിയമവിരുദ്ധമായി അധികാരത്തിലേറിയ ഇടക്കാല സര്‍ക്കാറിന് സമാധാന ചര്‍ച്ച നടത്താനുള്ള അവകാശമില്ലെന്ന് കുറ്റപ്പെടുത്തിയ ബ്രദര്‍ഹുഡ് വക്താവ് ജിഹാദ് അല്‍ ഹദ്ദാദ് സൈന്യത്തിനും ഇടക്കാല സര്‍ക്കാറിനുമെതിരെ നടക്കുന്ന പ്രക്ഷോഭം രൂക്ഷമായി തന്നെ തുടരുമെന്നും വ്യക്തമാക്കി.
രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് പട്ടാള അട്ടിമറിയിലൂടെ ജൂലൈ മൂന്നിന് സ്ഥാനഭ്രഷ്ടനായ മുര്‍സിയും അദ്ദേഹത്തിന്റെ അടുത്ത അനുയായികളും പട്ടാളത്തിന്റെ നിയന്ത്രണത്തിലുള്ള തടവറയിലാണ്.