Connect with us

Kannur

ജില്ലയില്‍ കനത്ത മഴ; പരക്കെ നാശനഷ്ടം

Published

|

Last Updated

കണ്ണൂര്‍: ജില്ലയില്‍ ഇന്നലെ പെയ്ത കനത്ത മഴയില്‍ പരക്കെ നാശനഷ്ടം പലയിടത്തും വീടുകള്‍ തകര്‍ന്നു. മലയോര മേഖലയില്‍ റോഡുകളില്‍ മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയത് ജനജീവതം ദുരതമയമാക്കി. ഇടതടവില്ലാതെയാണ് രാവിലെ മുതല്‍ മഴ പെയ്തത്. കുപ്പം, വളപട്ടണം, ചപ്പരപ്പടവ്, പഴയങ്ങാടി പുഴയില്‍ വെള്ളം കയറി കരകവിഞ്ഞൊഴുകി. ആലക്കോട്, കുടിയാന്മല, ചെമ്പേരി തുടങ്ങിയ കിഴക്കന്‍ മലയോര പ്രദേശങ്ങളിലാണ് ഇന്നലെ ഏറ്റവുമധികം മഴപെയ്തതായി രേഖപ്പെടുത്തിയിട്ടുള്ളത്.
കാലവര്‍ഷം തുടങ്ങി ഇതുവരെയായി 860ഓളം വീടുകള്‍ ഭാഗികമായും 50ഓളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കണ്ണാടിപറമ്പില്‍ ഇന്നലെ തെങ്ങ് വീണ് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു. കണ്ണാടി പറമ്പിലെ പരേതനായ കുറ്റേരിക്കണ്ടി മമ്മൂട്ടി- നസീമ ദമ്പതികളുടെ മകന്‍ നുഅ്മാന്‍ (14) ആണ് മരിച്ചത്. ഇരിക്കൂറില്‍ മഴവെള്ളപ്പാച്ചിലില്‍ പുഴയോര റോഡ് തകര്‍ന്നു. നടുവള്ളൂര്‍ പുഴയോര റോഡാണ് രണ്ടിടങ്ങളിലായി 30 മീറ്ററോളം തകര്‍ന്ന് ഒലിച്ച് പോയത്. മാമാനം റോഡില്‍ കുന്നിടിഞ്ഞ് മരമുള്‍പ്പടെ റോഡില്‍ വീണ് ഒന്നര മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. കനത്ത മഴയില്‍ ഉരുവച്ചാല്‍ പള്ളിക്ക് സമീപം വീട് തകര്‍ന്നു വീണു. ഇന്നലെ രാവിലെ 10.30ഓടെയാണ് സംഭവം. കുട്ടാവില്‍ മഴയില്‍ വീട്ടുകിണര്‍ തകര്‍ന്നു. ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ ഇതുവരെയായി 14പേര്‍ക്കാണ് ജീവഹാനി സംഭവിച്ചു. വീട് തകര്‍ന്നും മറ്റു അപകടങ്ങളിലും നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ജില്ലയില്‍ ഇന്ന് സ്‌കൂളുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

 

Latest