ജനം നട്ടംതിരിയുന്നു

Posted on: July 22, 2013 8:00 am | Last updated: July 22, 2013 at 8:00 am

കൊടുവള്ളി: സബ്‌സിഡികളും സര്‍ക്കാറില്‍ നിന്നുള്ള മറ്റാനുകൂല്യങ്ങളും ബേങ്ക് അക്കൗണ്ട് വഴിയാക്കുന്ന സര്‍ക്കാര്‍ നീക്കം ജനത്തിന് പൊല്ലാപ്പാകുന്നു. കൃഷിഭവനുകളിലേക്കും ഗ്രാമ പഞ്ചായത്തുകളിലേക്കും ഗ്യാസ് ഏജന്‍സി ഓഫീസുകളിലേക്കും ബേങ്കുകളിലേക്കുമായി ജനങ്ങള്‍ അലയുന്ന അവസ്ഥയാണ്.
വിദ്യാലയങ്ങളില്‍ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ സമര്‍പ്പണം ഈ മാസം 31ന് അവസാനിക്കുമെന്ന ആശങ്കയില്‍ സ്ത്രീകളും വൃദ്ധരുമടക്കമുള്ള രക്ഷിതാക്കള്‍ വിദ്യാര്‍ഥികളുമായി വിവിധ ബേങ്കുകള്‍ പലതവണ കയറിയിറങ്ങുകയാണ്. ദിവസം പതിനഞ്ചോ, ഇരുപത്തിയഞ്ചോ പേര്‍ക്ക് അക്കൗണ്ട് നല്‍കാന്‍ മാത്രമേ ബേങ്ക് അധികൃതര്‍ക്ക് കഴിയുന്നുള്ളൂ. അതിനിടെയാണ് പാചക വാതക സബ്‌സിഡി, റേഷന്‍ സബ്‌സിഡി എന്നിവക്ക് ബേങ്ക് അക്കൗണ്ട് വേണമെന്ന നിബന്ധന വന്നത്.
ഇതും ബേങ്കുകളില്‍ വന്‍ തിരക്കിനിടയാക്കുകയാണ്. മാത്രമല്ല കൃഷിഭവനുകളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ക്ക് ബേങ്ക് അക്കൗണ്ടും ആധാര്‍ കാര്‍ഡ് കോപ്പിയും സമര്‍പ്പിക്കണമെന്ന വിവിധ കൃഷി ഓഫീസര്‍മാരുടെ നിര്‍ദേശവും കര്‍ഷകരെ പ്രയാസത്തിലാക്കുന്നു. ഗ്യാസ് സബ്‌സിഡി ബേങ്ക് എക്കൗണ്ട് വഴി ലഭിക്കാന്‍ ആഗസ്റ്റ് 17നകം വിവിധ ഗ്യാസ് ഏജന്‍സികളില്‍ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോ കോപ്പിയില്‍ ബേങ്ക് അക്കൗണ്ട് നമ്പര്‍, കണ്‍സ്യൂമര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ സമര്‍പ്പിക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശവും വന്നിരിക്കുകയാണ്.
സബ്‌സിഡികള്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി സമര്‍പ്പിക്കണമെന്ന് ബേങ്കുകളില്‍ നിന്നും നിര്‍ദേശമുണ്ട്. വിവിധ ക്ഷേമപെന്‍ഷനുകള്‍ ലഭിക്കുന്നവര്‍ അവ തുടര്‍ന്ന് ലഭിക്കുന്നതിന് പോസ്റ്റല്‍ സേവിംഗ്‌സ് അക്കൗണ്ട് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സമര്‍പ്പിക്കണമെന്ന നിര്‍ദേശവും പെന്‍ഷന്‍ ഗുണഭോക്താക്കളെ പ്രയാസത്തിലാക്കിയിട്ടുണ്ട്.
വിവിധ കാര്യങ്ങള്‍ക്കെല്ലാം ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഇലക്ഷന്‍ ഐ ഡി കാര്‍ഡ് തുടങ്ങിയവയുടെയും നികുതി ശീട്ട്, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെയും പകര്‍പ്പ് എടുക്കുന്നതിനായി ജനം നല്ല ഒരു തുകയാണിപ്പോള്‍ ചെലവഴിക്കേണ്ടി വരുന്നത്.
ഇക്കാലമത്രയും സൗജന്യമായി സര്‍ക്കാറില്‍ നിന്ന് ലഭിച്ചുവന്ന സേവനങ്ങളായ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷ സമര്‍പ്പണവും സര്‍ട്ടിഫിക്കറ്റ് നല്‍കലും അക്ഷയ ഇ-കേന്ദ്രങ്ങള്‍ വഴിയാക്കിയതും ജനങ്ങളെ വലക്കുന്നു.