Malappuram
വാണിയമ്പലത്തെ കടകളില്‍ മോഷണം നടത്തിയ യുവാക്കള്‍ പിടിയില്‍
വണ്ടൂര്‍: മാസങ്ങളായി വണ്ടൂര്‍ പോലീസിനെയും നാട്ടുകാരെയും കുഴക്കിയ വാണിയമ്പലത്തെ കടകളില്‍ മോഷണം നടത്തിയ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്തുകാരായ ഇരുപതുകാരായ രണ്ട് യുവാക്കളാണ് പോലീസ് പിടിയിലായത്.
വെണ്ണേക്കോട്ടില്‍ ആഷിഖ് എന്ന കുറുക്കന്‍ കൊച്ചു(20),കോട്ടക്കുന്ന് കാഞ്ഞിരമണ്ണ് സുജീഷ്(20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കഴിഞ്ഞ മൂന്ന് മാസങ്ങളായി വാണിയമ്പലത്തെ കടകളില്‍ അരങ്ങേറിയ മോഷണങ്ങള്‍ക്ക് തുമ്പായതായി പോലീസ് പറഞ്ഞു.
നേരെത്തെ പൂക്കോട്ടുംപാടം സ്വദേശിയായ ഒരു മോഷ്ടാവിനെ മാത്രമാണ് പിടികൂടാനായത്. എന്നാല്‍ ഇയാളുടെ അറസ്റ്റിന് ശേഷവും ഇവിടെ മോഷണങ്ങള്‍ക്ക് കുറവുണ്ടായിട്ടില്ല.
കാളികാവ് റോഡിലെ ബസ് സ്റ്റോപ്പിന് സമീപമുള്ള ടിസി സ്റ്റേഷനി ,സിറ്റി ലൈറ്റ് ഹോട്ടല്‍, മൊബൈല്‍ കട, താളിയംകുണ്ട് റോഡിലെ പുലത്ത് ഇബ്‌റാഹീമിന്റെ സ്റ്റേഷനറി, കെ പി ഉണ്ണികൃഷ്ണന്റെ പി കെ സ്റ്റോര്‍ എന്നീ കടകളിലാണ് മോഷണം നടന്നിരുന്നത്. കടകളുടെ ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് ഇവര്‍ മോഷണം നടത്തിയിരുന്നത്. മോഷണ ശേഷം കടകളില്‍ മുളക്‌പൊടി വിതറുകയും ഇവരുടെ പതിവായിരുന്നു. രണ്ടാഴ്ച മുമ്പ് വാണിയമ്പലം ബസ് സ്റ്റോപ്പിന് എതിര്‍വശത്തുള്ള മൊബൈല്‍ കടയില്‍ ഇവര്‍ ആറ് മൊബൈല്‍ ഫോണുകള്‍, മെമ്മറി കാര്‍ഡ്, സിം കാര്‍ഡ്, റീചാര്‍ജ് കൂപ്പണുകള്‍ തുടങ്ങിയവയാണ് മോഷ്ടിച്ചത്. വാണിയമ്പലം-താളിയംകുണ്ട് റോഡിലെ പുലത്ത് ഇബ്‌റാഹീമിന്റെ സ്റ്റേഷനറി കടയിലും മോഷണത്തില്‍ കടയിലുണ്ടായിരുന്ന റീചാര്‍ജ് കൂപ്പണുകള്‍, ആയിരം രൂപയുടെ ചില്ലറ നാണയങ്ങള്‍, സിഗരറ്റുകള്‍ തുടങ്ങിയവയാണ് മോഷ്ടിക്കപ്പെട്ടത്.
ഇതിനിടെ കഴിഞ്ഞ ആഴ്ച രാത്രി വാണിയമ്പലത്ത് മോഷണം നടത്താനുള്ള ശ്രമത്തിനിടെ യുവാക്കളുടെ ചിത്രം പരിസരത്തെ ഒരു ജ്വല്ലറിയുടെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതാണ് പോലീസ് അന്വേഷണത്തിന് സഹായകമായത്. അതെസമയം ചിത്രം സി സി ടി വിയില്‍ പതിഞ്ഞതറിഞ്ഞിട്ടും ഒരു ഭാവമാറ്റവുമില്ലാതെയാണ് ഇവര്‍ നാട്ടിലൂടെ നടന്നിരുന്നത്.
ആഷിഖിന്റെ നമ്പര്‍ പ്ലേറ്റില്ലാത്ത വിക്ടര്‍ ബൈക്കില്‍ സഞ്ചരിച്ചാണ് മോഷണം ആസൂത്രണം ചെയ്യുന്നത്. പിന്നീട് രാത്രി മഞ്ഞുകൊള്ളാതിരിക്കാനുള്ള മങ്കി തൊപ്പിയും ധരിച്ചാണ് മോഷണത്തിനിറങ്ങുക. പ്രതികളുടെ സമീപ കാല മോഷണങ്ങളെ കുറിച്ചും അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. അന്വേഷണത്തിന് വണ്ടൂര്‍ സിഐ മൂസ വള്ളിക്കാടന്‍, എസ് ഐ മനോജ്, സി പി സന്തോഷ്, റെനി ഫിലിപ്പ്, എ ജാഫര്‍, അനീഷ് ചാക്കോ നേതൃത്വം നല്‍കി.






