Connect with us

Ongoing News

റമസാന്‍ ഇര്‍ഫാന് നേട്ടങ്ങള്‍ സമ്മാനിച്ച വസന്തം

Published

|

Last Updated

ലണ്ടനിലെ ബക്കിംഗ് ഹാം കോട്ടാരത്തിന് മുന്നിലൂടെ കാലുകള്‍ നീട്ടി വലിച്ച് ഇര്‍ഫാന്‍ നടന്നു നീങ്ങിയത് അന്നൊരു റമസാന്‍ രാവിലായിരുന്നു. അതു രാജ്യത്തിന്റെ റെക്കോര്‍ഡ് പുസ്തകത്തിലേക്കുള്ള നടന്നുകയറ്റമായിരുന്നു. റമസാന്‍ ഇര്‍ഫാന് നേട്ടങ്ങള്‍ സമ്മാനിച്ച വസന്തമാണ്. മറ്റൊരു അത്ഭുതത്തിനായി ഈ റമസാന്‍ ദിനങ്ങളില്‍ തയ്യാറെടുപ്പിലാണ് രാജ്യത്തിന്റെ അഭിമാനമായ കെ ടി ഇര്‍ഫാന്‍. കഴിഞ്ഞ റമസാനില്‍ ലണ്ടനില്‍ ചരിത്രത്തിലേക്ക് നടന്നു കയറിയതും ഇന്ന് ലോക അത്‌ലറ്റിക് മീറ്റിനായി കഠിന പരിശീലനം നടത്തുന്നതും റമസാന്‍ നാളിലായത് യാദൃച്ഛികം. ലണ്ടന്‍ ഒളിമ്പിക്‌സില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് നടക്കാനിറങ്ങിയ മലയാളത്തിന്റെ അഭിമാനമായ ഇര്‍ഫാന്‍ നേട്ടങ്ങളുടെ നെറുകയില്‍ തൊട്ട് ഒരു മണിക്കൂര്‍, 20 മിനുട്ട്, 20 സെക്കന്‍ഡ് എന്ന ദേശീയ റെക്കോര്‍ഡ് സമയം കുറിച്ചാണ് അവസാന കര കടന്നത്. ചെറുപ്പം തൊട്ടേ കഠിനാധ്വാനിയായ ഇര്‍ഫാന്റെ വിയര്‍പ്പിനുള്ള അംഗീകാരമായിരുന്നു ലണ്ടന്‍ ഒളിമ്പിക്‌സിലെ പത്താം സ്ഥാനം. ബംഗളൂരു സായിയില്‍ പുതിയ വേഗവും സമയവും കണ്ടെത്താനുള്ള പരിശീലനം റമസാനില്‍ ആയതിന്റെ പ്രയാസം പക്ഷേ ഇര്‍ഫാനില്ല. നന്നേ ചെറുപ്പത്തില്‍ നോമ്പെടുക്കാന്‍ വാശി പിടിച്ചിരുന്ന ഇര്‍ഫാന് പരിശീലനം അതത്രെ കഠിനമായാലും നോമ്പു പിടിക്കുന്നതിന് അതൊന്നും തടസ്സമല്ല. പുലര്‍ച്ചെ അഞ്ചിന് മൈതാനത്തിലിറങ്ങും. ഒമ്പത് മണിവരെ വിശ്രമമില്ലാതെ പരിശീലനം. വീണ്ടും വൈകുന്നേരം മൂന്ന് മണിക്ക് തുടങ്ങി ഏഴ് വരെ.
ഗുരുദേവ് സിംഗിന്റെ ശിക്ഷണത്തില്‍ പരിശീലനം കടുത്തതാണെങ്കിലും നോമ്പ് വിടാന്‍ ഇര്‍ഫാന്‍ ഒരുക്കമല്ല. നടത്തത്തിനായി ശരീരം പാകപ്പെടുത്തുന്നത് പോലെ തന്നെ നോമ്പിനായി മനസ്സും ശരീരവും പാകപ്പെടുത്തിയിട്ടുണ്ട് ഇര്‍ഫാന്‍. നേരത്തെ കരുതി വെക്കുന്ന പഴങ്ങള്‍ കൊണ്ടാണ് നോമ്പ് പിടുത്തം. പരിശീലനത്തിനിടയില്‍ സമയമായാല്‍ കുപ്പി വെള്ളം കൊണ്ട് നോമ്പ് തുറക്കും. പിന്നെ പരിശീലനത്തിന് ശേഷം പുറത്ത് ഹോട്ടലില്‍ നിന്നാണ് ഭക്ഷണം. പ്രാര്‍ഥനക്കായി മുടങ്ങാതെ പളളിയിലെത്താനും തിരക്കിനിടക്കും ഇര്‍ഫാന് സമയമുണ്ട്. പുണ്യമാസം എന്നും തന്റെ ജീവിതത്തില്‍ തൊട്ട് വെച്ചത് നേട്ടങ്ങള്‍ മാത്രമാണെന്നും ഇര്‍ഫാന്‍ ഉറച്ച് വിശ്വസിക്കുന്നു. മോസ്‌കോയില്‍ നടക്കുന്ന ലോക അത്‌ലറ്റിക് മീറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. ഇരുപത് കിലോമീറ്റര്‍ നടത്തത്തില്‍ മത്‌സരിക്കുന്ന ഇര്‍ഫാന്‍ സംഘത്തിലെ അഞ്ച് മലയാളികളില്‍ ഒരാളാണ്.

Latest