ഇംഗ്ലണ്ടിന് കൂറ്റന്‍ വിജയം

Posted on: July 22, 2013 1:25 am | Last updated: July 22, 2013 at 1:25 am

ashesലോര്‍ഡ്‌സ്: രണ്ടാം ആഷസ് ടെസ്റ്റിലും ഇംഗ്ലീഷ് ആധിപത്യം സമ്പൂര്‍ണം. രണ്ടാം ടെസ്റ്റില്‍ ഒരു ദിവസം അവശേഷിക്കെ ഇംഗ്ലണ്ട് 347 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയത്.
സ്‌കോര്‍. ഇംഗ്ലണ്ട് 361, 349/7 ഡിക്ല. ആസ്‌ത്രേലിയ 128, 235/10.
ഒരു ദിനം അവശേഷിക്കെയാണ് ആസ്‌ത്രേലിയന്‍ പതനം. 583ന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഓസീസിന്റെ ചെറുത്തു നില്‍പ്പ് 235ല്‍ അവസാനിക്കുകയായിരുന്നു. നാല് വിക്കറ്റെടുത്ത സ്പിന്നര്‍ ഗ്രെയം സ്വാന്റെ തകര്‍പ്പന്‍ ബൗളിംഗാണ് അവരുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. ഉസ്മാന്‍ ഖവാജ (54), നായകന്‍ ക്ലാര്‍ക്ക് (51) എന്നിവര്‍ക്ക് മാത്രമാണ് പിടിച്ചു നില്‍ക്കാന്‍ സാധിച്ചത്. അവസാനമിറങ്ങിയ പാറ്റിന്‍സന്റെ (35) ചെറുത്തു നില്‍പ്പാണ് അവരെ 235ലെങ്കിലും എത്തിച്ചത്. ആന്‍ഡേഴ്‌സന്‍, ബ്രെസ്‌നന്‍, റൂത് എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു ആസ്‌ത്രേലിയന്‍ പതനം പൂര്‍ത്തിയാക്കി.
നേരത്തെ ഓപണിംഗ് ബാറ്റ്‌സ്മാന്‍ ജോ റൂതിന്റെ (180) തകര്‍പ്പന്‍ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ കൂറ്റന്‍ ലീഡാണ് സ്വന്തമാക്കിയത്. ആദ്യ ഇന്നിംഗ്‌സില്‍ 233 റണ്‍സിന്റെ ലീഡ് നേടിയ ഇംഗ്ലണ്ട് ഓസീസിനെ ഫോളോഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്‌സിനിറങ്ങി കൂറ്റന്‍ ലീഡ് സ്വന്തമാക്കുകയായിരുന്നു.
മൂന്നിന് 31 എന്ന നിലയില്‍ തകരുകയായിരുന്ന ഇംഗ്ലണ്ടിനെ മൂന്നാം ദിനം ടിം ബ്രസ്‌നനും ജോ റൂഹും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് സമ്മാനിച്ചു. 38 റണ്‍സെടുത്ത ബ്രെസ്‌നന്‍ പുറത്താകുമ്പോള്‍ ഇംഗ്ലണ്ട് 99 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ ഇയാന്‍ ബെല്‍ റൂതിനു കൂട്ടായതോടെ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടാന്‍ ഓസീസിനാകാതെ വന്നു. തുടര്‍ച്ചയായ രണ്ടാം ഇന്നിംഗ്‌സിലും ബെല്‍ അര്‍ധ സെഞ്ച്വറി നേടി മുന്നേറി. ബെല്‍ 74 റണ്‍സ് നേടി പുറത്താകുമ്പോഴും റൂത് ഒരറ്റത്ത് അക്ഷോഭ്യനായിരുന്നു. ബെല്‍ പുറത്തായ ശേഷം ക്രീസിലെത്തിയ ബെയര്‍‌സ്റ്റോയും റൂതിനു മികച്ച പിന്തുണ നല്‍കി.
ഓസീസിനു വേണ്ടി പീറ്റര്‍ സിഡില്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. പാറ്റിന്‍സണും സ്മിത്തിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.
പീറ്റേഴ്‌സന്‍ പുറത്ത്
ലോര്‍ഡ്‌സ്: ആസ്‌ത്രേലിയക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ശേഷികുന്ന ദിവസങ്ങളില്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍ കളിക്കില്ല. കാല്‍വണ്ണക്കേറ്റ പരുക്കിനെ തുടര്‍ന്നാണിത്. ശനിയാഴ്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. ആഗസ്റ്റ് ഒന്നിന് തുടങ്ങുന്ന മൂന്നാം ടെസ്റ്റില്‍ പീറ്റേഴ്‌സണ്‍ കളിക്കുമോ എന്ന കാര്യം ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല.
ലോര്‍ഡ്‌സ് ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലും പീറ്റേഴ്‌സണ്‍ ബാറ്റ് ചെയ്തു. ആദ്യ ഇന്നിംഗ്‌സില്‍ രണ്ട് റണ്‍സിന് പുറത്തായ പീറ്റേഴ്‌സണ്‍ രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് റണ്‍സ് നേടി മടങ്ങി.