ദേര ഫ്രിജ് മുറാറില്‍ മയക്കുമരുന്ന് കടത്ത് ശ്രമം തകര്‍ത്തു

Posted on: July 21, 2013 6:35 pm | Last updated: July 21, 2013 at 6:35 pm

ദുബൈ: ദേര ഫ്രിജ് മുറാറില്‍ ഒരു ഫഌറ്റിലുണ്ടായ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി, മയക്കുമരുന്ന് സംഘത്തെ പിടികൂടാന്‍ വഴിയൊരുക്കി.
ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലൊരാളില്‍ നിന്നുണ്ടായ കൈയബദ്ധമാണ് പൊട്ടിത്തെറിക്കു കാരണമായതെന്ന് പോലീസ് പറഞ്ഞു.
ഗ്യാസ് സിലിണ്ടര്‍ രണ്ടായി തിരിച്ച് അറകളുണ്ടാക്കി മുകള്‍ ഭാഗം ഗ്യാസ് നിറച്ച് താഴ്ഭാഗം മയക്കുമരുന്ന് കടത്താന്‍ ഉപയോഗിക്കുകയുമായിരുന്നു. ഏഷ്യക്കാരായ സംഘം താമസിക്കുന്ന ഫഌറ്റിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇലക്ട്രിക് കത്രിക ഉപയോഗിച്ച് സിലിണ്ടറിനകത്ത് സൂക്ഷിച്ച മയക്കുമരുന്ന് പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയില്‍ ഫഌറ്റിന്റെ ചുവരുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. സാരമായി പരുക്കേറ്റ പ്രതികളിലൊരാള്‍ പോലീസ് എത്തുന്നതിനു മുമ്പ് ഫഌറ്റില്‍ നിന്നും രക്ഷപ്പെട്ടിരുന്നു.
ഫഌറ്റില്‍ പരിശോധന നടത്തിയ പോലീസ് നാല് സിലിണ്ടറുകള്‍ കണ്ടെടുത്തു. അടിഭാഗത്ത് മയക്കുമരുന്ന് സൂക്ഷിക്കാന്‍ അറകള്‍ സജ്ജീകരിച്ച രീതിയിലായിരുന്നു. ക്രിസ്റ്റല്‍ എന്നറിയപ്പെടുന്ന മയക്കുമരുന്ന് ശേഖരവും പിടികൂടി. 32 കിലോ മയക്കുമരുന്നാണ് മയക്കുമരുന്ന് വിരുദ്ധ സംഘം പിടിച്ചെടുത്തത്. ഷാര്‍ജയില്‍ നിന്ന് പൊട്ടിത്തെറി നടന്ന ഫഌറ്റിലേക്ക് സിലിണ്ടറുകള്‍ എത്തിച്ചുകൊടുത്ത വ്യക്തിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഹോര്‍ അല്‍ അന്‍സ് ഭാഗത്തുനിന്നാണ് 44 കാരനായ ഇയാളെ പോലീസ് പിടികൂടിയത്.
പ്രതികളായ രണ്ടുപേരെ ഷാര്‍ജയില്‍ നിന്ന് മണിക്കൂറുകള്‍ക്കകം പിടികൂടി. ഇവരെ കോടതിയില്‍ ഹാജരാക്കി.