എസ് വൈ എസ് റമസാന്‍ പ്രഭാഷണം തുടങ്ങി

Posted on: July 21, 2013 7:35 am | Last updated: July 21, 2013 at 7:35 am

തിരൂര്‍: മനുഷ്യനാണ് പരിശുദ്ധ ഖുര്‍ആന്റെ പ്രമേയമെന്നും അതിന്റെ മനോഹാരിതകള്‍ മനസ്സിലാക്കാന്‍ നാം തയ്യാറാകണമെന്നും അബ്ദുര്‍റശീദ് സഖാഫി പത്തപ്പിരിയം അഭിപ്രായപ്പെട്ടു. തിരൂര്‍ പൂങ്ങോട്ടുകുളം ബിയാന്‍കോ കാസിലില്‍ എസ് വൈ എസ് റമസാന്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശാസ്ത്രീയ കണ്ടെത്തലുകള്‍ വര്‍ധിക്കുന്തോറും മന:സമാധാനം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കാഴ്ചയാണ് എങ്ങും. സാങ്കേതിക സൗകര്യങ്ങള്‍ മനസമാധാനം തരുന്നില്ലെന്ന് ലോകം തിരിച്ചറിയുകയാണ്. ആഡംബര ജീവിതങ്ങള്‍ ആക്രമണങ്ങളിലേക്കാണ് നീങ്ങുന്നതെന്നും ശാശ്വത സമാധാനത്തിനായി സല്‍ക്കര്‍മ്മങ്ങള്‍ വര്‍ധിപ്പിക്കാന്‍ വിശ്വാസികള്‍ ഒരുങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ പ്രാര്‍ഥനയും ഉദ്ഘാടനവും നിര്‍വഹിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് കെ പി എച്ച് തങ്ങള്‍ കാവനൂര്‍, പി വി മുഹമ്മദ് ഹാജി, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, അബ്ദുസമദ് മുട്ടനൂര്‍, ബാവഹാജി തലക്കടത്തൂര്‍, അബ്ദുല്‍ ഹാദി അഹ്‌സനി, എ കെ യാഹു സംസാരിച്ചു.