മലയാളികള്‍ ഭാഷാ ഭ്രാന്തരല്ല ഭാഷാ സ്‌നേഹികള്‍: മുഖ്യമന്ത്രി

Posted on: July 21, 2013 7:33 am | Last updated: July 21, 2013 at 7:33 am

തിരൂര്‍: മലയാളികള്‍ ഭാഷാ ഭ്രാന്തരല്ലെന്നും മറിച്ച് ഭാഷാ സ്‌നേഹികളാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരൂര്‍ പറവണ്ണയില്‍ മലയാള സര്‍വ്വകലാശാലയുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള സര്‍വ്വകലാശാലക്ക് സ്ഥിരമായ ആസ്ഥാനം കണ്ടെത്തുന്നതിനായുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അതിന് പണം ഒരു തടസ്സമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തുള്ള മലയാളികളുടെ മനോവികാരങ്ങള്‍ ഒപ്പിയെടുക്കുന്ന തീരുമാനങ്ങളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ശ്രേഷ്ടഭാഷാ പദവിയടക്കം മലയാളത്തിന് ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചതും അദ്ദേഹം അനുസ്മരിച്ചു. ഇതിനിടയില്‍ ഭാഷാ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചരിത്രത്തിലാദ്യമായാണ് ഇത്രയും കുറഞ്ഞ സമയം കൊണ്ട് ഒരു സര്‍വ്വകലാശാലക്ക് ആരംഭം കുറിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുര്‍റബ്ബ് അഭിപ്രായപ്പെട്ടു. വിദേശ സര്‍വകലാശാലകളുടെ കോഴ്‌സുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന അക്കാദമിക് സിറ്റി സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും നാട്ടുകാര്‍ക്ക് നല്‍കിയ ഒരു വാക്കും പാഴ്‌വാക്കാവാതെ നടപ്പില്‍ വരുത്തുന്ന മുഖ്യമന്ത്രിയുടെ നിലപാടുകള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ സര്‍വകലാശാല നമ്മുടെ സാംസ്‌കാരികതയുടെ പ്രതീകവും പ്രതിഫലനവുമാണെന്ന് തുടര്‍ന്ന് സംസരിച്ച സാംസ്‌കാരിക മന്ത്രി കെ സി ജോസഫ് അഭിപ്രായപ്പെട്ടു. നമ്മുടെ പൈതൃകം സംരക്ഷിക്കാനും പകര്‍ത്താനും അതിനാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.